ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം; അറിഞ്ഞിരിക്കേണ്ട ചിലത്

കഴിഞ്ഞ അഞ്ചു വര്‍ഷമായി നടത്തിയ പഠനം അനുസരിച്ച് ലോകമാകെ ഈ രോഗം ബാധിച്ചവര്‍ 58 ദശലക്ഷം പേരാണെങ്കില്‍ രോഗവിവരം തിരിച്ചറിഞ്ഞവര്‍ 21 ശതമാനം മാത്രമാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു.

dr jijo v cheriyan column about World Hepatitis Day

ലോകത്ത് നിശബ്ദമായി പടരുന്നൊരു വൈറസ് രോഗമാണ് ഹെപ്പറ്റൈറ്റിസ്. ലോകമാകെ പടര്‍ന്നു പിടിച്ച് ദശലക്ഷക്കണക്കിന് ആളുകളെ കരള്‍ രോഗികളാക്കി മാറ്റുന്ന രോഗം. ഹെപ്പറ്റൈറ്റിസ് - ബി പോലുള്ള രോഗം ഉണ്ടെന്ന് രോഗി തിരിച്ചറിയുമ്പോഴേക്കും പലപ്പോഴും അത് സങ്കീ൪ണ്ണമായിതീ൪ന്നിരിക്കും.  രോഗബാധ തിരിച്ചറിയാന്‍ വൈകുന്നത് പെട്ടെന്നുള്ള ജീവഹാനിയിലേക്ക് എത്തിക്കുകയും ചെയ്യും.

ഇംഗ്ലീഷ് അക്ഷരമാലയിലെ എ മുതല്‍ ഇ വരെയുള്ള അഞ്ചു തരം വൈറസുകളാണ് ഹെപ്പറ്റൈറ്റിസ് രോഗത്തിനു കാരണമാകുന്നത്. ഹെപ്പറ്റൈറ്റിസ് രോഗത്തെക്കുറിച്ച് ആഗോളതലത്തില്‍ ബോധവത്കരണവും  രോഗബാധയുള്ളവര്‍ക്ക് ഐക്യദാര്‍ഢ്യവും  ശക്തമാക്കുക എന്നത് ലക്ഷ്യമിട്ടാണ് ലോകാരോഗ്യ സംഘടന ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത്. 

ജനനസമയത്തു തന്നെ ഹെപ്പറ്റൈറ്റിസ് -ബി ബാധയുണ്ടാവാതിരിക്കാനായി വാക്‌സിനേഷന്‍ ഉറപ്പുവരുത്തുക, ഈ രോഗം ബാധിച്ചവര്‍ക്കെതിരെയുള്ള വിവേചനങ്ങള്‍ക്ക് അറുതി വരുത്തുക, സാമൂഹ്യസംഘടനകളുടെ മുഖ്യ കര്‍മ്മമേഖലയാക്കി ഈ രംഗം മാറ്റുക തുടങ്ങിയ സന്ദേശങ്ങള്‍ ഉയര്‍ത്തിയാണ് ലോകാരോഗ്യ സംഘടന ഈ വര്‍ഷത്തെ ഹെപ്പറ്റൈറ്റിസ് ദിനാചരണം ആസൂത്രണം ചെയ്തിരിക്കുന്നത്.

കേരളത്തില്‍ കൂടുതലും കണ്ടു വരുന്നത് താരതമ്യേന കുറഞ്ഞ തോതില്‍ അപകടകാരിയായ എ വിഭാഗത്തിലുള്ള ഹെപ്പറ്റൈറ്റിസ് ആണ്. മാലിന്യം കലര്‍ന്ന വെള്ളം, ഹെപ്പറ്റൈറ്റിസ് രോഗികളുടെ പുറന്തള്ളപ്പെടുന്ന മാലിന്യങ്ങള്‍, മലിനമായ ജീവിത സാഹചര്യം തുടങ്ങിയവയില്‍ നിന്നാണ് ഈ രോഗമുണ്ടാകുന്നത്. 

ഫലപ്രദമായ ചികിത്സ ലഭിച്ചാല്‍ പൂര്‍ണ്ണമായും നിയന്ത്രിക്കാവുന്നതാണ് മുതിര്‍ന്നവരില്‍ കാണുന്ന ഹെപ്പറ്റൈറ്റിസ് രോഗങ്ങളില്‍ അധികവും. എന്നാല്‍ സമൂഹത്തില്‍ ഈ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ രോഗമുണ്ടെന്ന തിരിച്ചറിവിലേക്ക് എത്താനും കണ്ടെത്തിയാല്‍ ചികിത്സ തേടാനും തടസ്സം സൃഷ്ടിക്കുന്നു. 

അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് പകരുന്നത് തടയാനും രോഗം വരാതിരിക്കാനും നിലവില്‍ സംവിധാനമുണ്ടായിട്ടു പോലും അത് ഫലപ്രദമായി വിനിയോഗിക്കപ്പെടാത്തതും രോഗബാധിതരുടെ എണ്ണം വര്‍ധിക്കാനിടയാക്കുന്നുണ്ട്. ബി, സി ഗണങ്ങളിലുള്ള ഹെപ്പറ്റൈറ്റിസ് രോഗങ്ങളിലേക്ക് നയിക്കുന്നത് ഹെപ്പറ്റൈറ്റിസ് രോഗബാധിതരായ ആളുകളില്‍ നിന്നും രക്തം സ്വീകരിക്കുക, മയക്കു മരുന്ന് ഉപയോഗം, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, സുരക്ഷിതമല്ലാത്ത ടാറ്റൂ ചിത്രണം തുടങ്ങിയവയാണ്. 

കഴിഞ്ഞ അഞ്ചു വര്‍ഷമായി നടത്തിയ പഠനം അനുസരിച്ച് ലോകമാകെ ഈ രോഗം ബാധിച്ചവര്‍ 58 ദശലക്ഷം പേരാണെങ്കില്‍ രോഗവിവരം തിരിച്ചറിഞ്ഞവര്‍ 21 ശതമാനം മാത്രമാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു.

ഹെപ്പറ്റൈറ്റിസ് രോഗികള്‍ക്ക് ജീവന്‍രക്ഷാ ചികിത്സകള്‍ക്കായി ഈ കോവിഡ് കാലഘട്ടത്തില്‍ ഇനിയും കാത്തു നില്‍ക്കാനാവില്ലെന്ന പ്രധാന സന്ദേശമാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിലൂടെ ലോകാരോഗ്യസംഘടന ലോകത്തിന് നല്‍കാന്‍ ശ്രമിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് ഹെപ്പറ്റൈറ്റിസ് -ബി കണ്ടെത്താനുള്ള പരിശോധന ആരംഭിക്കുക, അതിലൂടെ ആവശ്യമെങ്കില്‍ കുഞ്ഞിലേക്ക് രോഗബാധ പകരുന്നത് തടയാന്‍ കഴിയും.

 ഹെപ്പറ്റൈറ്റിസ്, അനുബന്ധ രോഗങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ഔദ്യോഗിക തീരുമാനങ്ങളുണ്ടാവാനും സാമ്പത്തിക അടിത്തറയൊരുക്കാനും നയപരമായ പിന്തുണയുണ്ടാവണം. രാഷ്ട്രീയമായ ഇച്ഛാശക്തിയോടൊപ്പം ആവശ്യമായ സാമ്പത്തിക പിന്തുണയും ഉറപ്പാക്കിയാല്‍ ഒരു ദശാബ്ധത്തിനുള്ളില്‍ ഈ രോഗത്തെ നമുക്ക് പൂര്‍ണ്ണമായും ഇല്ലാതാക്കാം എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ കരുതുന്നത്.

എഴുതിയത്:
ഡോ. ജിജോ വി ചെറിയാന്‍
സീനിയര്‍ കണ്‍സല്‍ട്ടന്റ്, ഗ്യാസ്‌ട്രോ എന്‍ട്രോളജി
സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി
മേയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട്

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios