കൊവിഡ് 19 വാക്സിന്‍: 12-18 മാസത്തിനുള്ളില്‍ തയ്യാറാവുമെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ്
200ഓളം മരുന്നുകളാണ് പരിശോധനയുടെ വിവിധ ഘട്ടങ്ങളിലുള്ളത്. ഇതില്‍ 15 എണ്ണം മനുഷ്യരിലെ ക്ലിനിക്കല്‍ പരിശോധനാ ഘട്ടത്തിലാണുള്ളതെന്നും ഡോ സൗമ്യ സ്വാമിനാഥന്‍
പൂനെ: പന്ത്രണ്ട് മുതല്‍ പതിനെട്ട് മാസത്തിനുള്ളില്‍ കൊവിഡ് 19 ന് വാക്സിന്‍ തയ്യാറാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ആയ ഡോ സൗമ്യ സ്വാമിനാഥൻ. കൊവിഡ് 19നെതിരായ വാക്സിന്‍ കണ്ടെത്തുകയാണ് ലോകം നേരിടുന്ന വലിയ പ്രശ്നമെന്നും അവര്‍ പറഞ്ഞു. 200ഓളം മരുന്നുകളാണ് പരിശോധനയുടെ വിവിധ ഘട്ടങ്ങളിലുള്ളത്. ഇതില്‍ 15 എണ്ണം മനുഷ്യരിലെ ക്ലിനിക്കല്‍ പരിശോധനാ ഘട്ടത്തിലാണുള്ളതെന്നും ഡോ സൗമ്യ സ്വാമിനാഥന് പറഞ്ഞു.
ഇവയില്‍ നിന്നും വാക്സിന്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും സൗമ്യ സ്വാമിനാഥന്‍ പറയുന്നു. വിര്‍ച്വല്‍ മീഡിയ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ്. വാക്സിന്‍ പരീക്ഷണത്തില് ആസ്ട്രാ സെനീകായാണ് മുന്നിലുള്ളതെന്നും അവര്‍ പറഞ്ഞു. പരീക്ഷണത്തിന്‍റെ രണ്ടാം ഘട്ടത്തിലെത്തിയെന്നും ചില രാജ്യങ്ങളിലെ പരീക്ഷണങ്ങളില്‍ ആസ്ട്രാ സെനീകാ മൂന്നാമത്തെ ഘട്ടത്തിലെത്തിയെന്നും ഡോ സൗമ്യ സ്വാമിനാഥന് പറഞ്ഞു.
ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയുടേയും ആസ്ട്രാ സെനീകായുടേയും മരുന്നുകളാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലേക്ക് ആദ്യമായി എത്തിയിരിക്കുന്നതെന്നും അവര്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു. പ്രശസ്ത പീഡിയാട്രീഷനും ശാസ്ത്രജ്ഞയുമായ ഡോ. സൗമ്യ സ്വാമിനാഥന്‍ ഹരിത വിപ്ലവത്തിന്‍റെ ഉപജ്ഞാതാവായ ഡോ. എം.എസ് സ്വാമിനാഥന്‍റെ മകളാണ്.