Coronavirus : കൊറോണ വൈറസ് ചിലരില്‍ ഏഴ് മാസങ്ങള്‍ക്കപ്പുറവും സജീവമെന്ന് പഠനം
ബ്രസീലിലെ 38 രോഗികളെയാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. ഇതില്‍ മൂന്ന് പേരില്‍ 70 ദിവസത്തിനപ്പുറം സാര്‍സ് കൊവ്-2 വൈറസിന്‍റെ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചു
കൊറോണ വൈറസിന്‍റെ (coronavirus) സാന്നിധ്യം ചിലരില്‍ ഏഴ് മാസങ്ങള്‍ക്കപ്പുറവും സജീവമായി തുടരാമെന്ന് പഠനം. ഫ്രാന്‍സിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (Pasteur Institute), ബ്രസീലിലെ സാവോ പോളോ സര്‍വകലാശാല (University of Sao Paulo), ഒസ് വാള്‍ഡോ ക്രൂസ് ഫൗണ്ടേഷന്‍ (Oswaldo Cruz Foundation) എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞന്മാരുടെ സംഘം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ബ്രസീലിലെ 38 രോഗികളെയാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. ഇതില്‍ മൂന്ന് പേരില്‍ 70 ദിവസത്തിനപ്പുറം സാര്‍സ് കൊവ്-2 വൈറസിന്‍റെ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൊവിഡ് ബാധിതരില്‍ എട്ട് ശതമാനത്തിന് ലക്ഷണങ്ങളൊന്നും കൂടാതെതന്നെ രണ്ട് മാസത്തില്‍ കൂടുതല്‍ രോഗം പരത്താനാകുമെന്ന നിഗമനത്തിലേയ്ക്ക് ശാസ്ത്രജ്ഞര്‍ എത്തുകയായിരുന്നു.
അതേസമയം 20 ദിവസത്തേയ്ക്ക് മിതമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 38കാരനായ ഒരു രോഗിയില്‍ വൈറസ് 232 ദിവസം തുടര്‍ന്നു എന്നും ഗവേഷകര്‍ പറയുന്നു. അതായത് ഏകദേശം (ഏഴ് മാസത്തില്‍ അധികം. തുടര്‍ച്ചയായ ചികിത്സ ലഭിക്കുകയോ മാസ്ക്, സാമൂഹിക അകലം പോലുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ലായിരുന്നുവെങ്കിൽ ഇക്കാലയളവിലെല്ലാം രോഗം പരത്താന്‍ ഇയാള്‍ക്ക് സാധിച്ചേനെ എന്നും ഫ്രോണ്ടിയേഴ്സ് ഇന്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
Also Read: യുഎസിൽ ഒമിക്രോൺ അതിവേഗം പടരുന്നു; മരണനിരക്ക് ഡെൽറ്റയെക്കാളും ഉയർന്നത്