വന്‍കുടല്‍ ക്യാന്‍സര്‍ അഥവാ കൊളോറെക്ടല്‍ ക്യാന്‍സര്‍; ശരീരം കാണിക്കുന്ന ഈ സൂചനകളെ ഒരിക്കലും അവഗണിക്കരുത്

വന്‍കുടല്‍ ക്യാന്‍സറിനെ എങ്ങനെ ചികിത്സിച്ചു മാറ്റാം എന്നതിനെ കുറിച്ച് ഡോ. മുഹമ്മദ് യാസിദ് സി. എം എഴുതുന്നു.

colorectal cancer symptoms and management by doctor muhammed yazid

വന്‍കുടല്‍ ക്യാന്‍സര്‍ അഥവാ കൊളോറെക്ടല്‍ അര്‍ബുദ കേസുകള്‍ ഇന്ത്യയില്‍ ഉയരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

എന്താണ് വന്‍കുടല്‍ കാന്‍സര്‍? 

വന്‍കുടലിനെയും മലാശയത്തെയും ബാധിക്കുന്ന ഗൗരവമായൊരു ആരോഗ്യ പ്രശ്നമാണ് വന്‍കുടല്‍ ക്യാന്‍സര്‍ അഥവാ കൊളോറെക്ടല്‍ ക്യാന്‍സര്‍. ലോകമെമ്പാടുമുള്ള ക്യാന്‍സറുമായി ബന്ധപ്പെട്ട മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് വന്‍കുടല്‍ ക്യാന്‍സര്‍. ക്യാന്‍സര്‍ മരണങ്ങളുടെ കാര്യമെടുത്താല്‍ ഇന്ത്യയില്‍ പുരുഷന്‍മാര്‍ക്കിടയില്‍ നാലാമതും സ്ത്രീകള്‍ക്കിടയില്‍ മൂന്നാമതുമാണ് വന്‍കുടല്‍ ക്യാന്‍സറിന്റെ സ്ഥാനം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

  • പൊണ്ണത്തടി: അമിതമായ ശരീരഭാരം കൊളോറെക്ടല്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
  • ശാരീരിക നിഷ്‌ക്രിയത്വം: സ്ഥിരമായ ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം രോഗസാധ്യത ഉയര്‍ത്തുന്നു.
  • കുടുംബ ചരിത്രം: വന്‍കുടല്‍ ക്യാന്‍സര്‍, പോളിപ്‌സ് തുടങ്ങിയ രോഗചരിത്രമുള്ള കുടുംബ പശ്ചാത്തലവും രോഗബാധയ്ക്കുള്ള സാധ്യത കൂട്ടുന്നു. 

വന്‍കുടലിലെ ക്യാന്‍സര്‍ പലതരം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും, ഇത് ട്യൂമറിന്റെ സ്ഥാനത്തെയും ഘട്ടത്തെയും ആശ്രയിച്ച് വ്യത്യാസപ്പെടാം. ഈ രോഗാവസ്ഥയുടെ പ്രാരംഭ ഘട്ടങ്ങളില്‍ പലപ്പോഴും രോഗലക്ഷണങ്ങള്‍ ഉണ്ടാകാറില്ല, അതുകൊണ്ട് തന്നെ പതിവ് സ്‌ക്രീനിംഗ് അഥവാ പരിശോധന പ്രധാനമാണ്. 

രോഗ ലക്ഷണങ്ങള്‍:

  • സ്ഥിരമായ വയറിളക്കം അല്ലെങ്കില്‍ മലബന്ധം
  • അസാധാരണമായ മലശോദന
  • മലാശയ രക്തസ്രാവം അല്ലെങ്കില്‍ മലത്തില്‍ രക്തം കാണപ്പെടുകയോ ചെയ്യുക. ഇത് പലപ്പോഴും ഹെമറോയ്ഡുകളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.
  • വയറിലെ അസ്വസ്ഥത: അടിവയറ്റിലെ മലബന്ധം, വേദന അല്ലെങ്കില്‍ വീര്‍ക്കല്‍. 
  • പെട്ടെന്നുള്ള ശരീരഭാരം കുറയല്‍: ഭക്ഷണക്രമത്തിലോ വ്യായാമ ശീലങ്ങളിലോ മാറ്റമില്ലാതെ തന്നെ ശരീരഭാരം ഗണ്യമായി കുറയുന്നു.
  • ബലഹീനത അല്ലെങ്കില്‍ ക്ഷീണം: സ്ഥിരമായ ക്ഷീണം അല്ലെങ്കില്‍ ബലഹീനത, ഇത് ട്യൂമറില്‍ നിന്നുള്ള രക്തനഷ്ടം മൂലമുണ്ടാകുന്ന വിളര്‍ച്ച മൂലമാകാം.
  • കുടല്‍ പൂര്‍ണ്ണമായും ശൂന്യമാകുന്നില്ല എന്ന തോന്നല്‍: മലവിസര്‍ജ്ജനം നടത്തിയതിന് ശേഷവും വിസര്‍ജ്ജനം പൂര്‍ണ്ണമായില്ലെന്ന് തോന്നുക.

മെറ്റാസ്റ്റാറ്റിക് കൊളോറെക്റ്റല്‍ ക്യാന്‍സര്‍ (എംസിആര്‍സി) ഈ രോഗത്തിന്റെ ഗുരുതരമായ രൂപമാണ്. ക്യാന്‍സര്‍ വന്‍കുടലിനും മലാശയത്തിനും അപ്പുറം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന അവസ്ഥയാണിത്. വന്‍കുടലിലെ കാന്‍സര്‍ കേസുകളില്‍ ഏകദേശം 20 % പേരും രോഗനിര്‍ണയത്തില്‍ മെറ്റാസ്റ്റാറ്റിക് ആണ്, കൂടാതെ 40 % രോഗികളിലും ആദ്യഘട്ട ചികിത്സയ്ക്ക് ശേഷം രോഗാവസ്ഥ ആവര്‍ത്തിക്കുന്നു. ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും നിങ്ങള്‍ക്ക് അനുഭവപ്പെടുകയാണെങ്കില്‍, കൂടുതല്‍ പരിശോധനകള്‍ക്കായി ആരോഗ്യവിദഗ്ധനെ സമീപിക്കുക.

രോഗനിര്‍ണയവും ചികിത്സയും:

കൊളോറെക്ടല്‍ ക്യാന്‍സര്‍ നേരത്തേ കണ്ടെത്തുന്നതിനും തടയുന്നതിനും പതിവ് സ്‌ക്രീനിംഗ് -പരിശോധനകള്‍ നിര്‍ണായകമാണ്. സ്‌ക്രീനിങ്ങിനുള്ള സുവര്‍ണ്ണ നിലവാരമായാണ് കൊളോനോസ്‌കോപ്പി കണക്കാക്കപ്പെടുന്നത്. അര്‍ബുദമാകുന്നതിന് മുമ്പ് പോളിപ്‌സ് തിരിച്ചറിയാനും നീക്കം ചെയ്യാനും ഇത് സഹായിക്കും. സ്‌ക്രീനിംഗിലൂടെ നേരത്തെ കണ്ടെത്താന്‍ സാധിച്ചാല്‍ ചികിത്സാ ഫലവും അതിജീവന നിരക്കും ഗണ്യമായി മെച്ചപ്പെടുത്താനുള്ള സാധ്യതയും കൂടും.കൊളോനോസ്‌കോപ്പി വഴി വന്‍കുടലിന്റെയും മലാശയത്തിന്റെയും നേരിട്ടുള്ള ദൃശ്യം കാണാന്‍ കഴിയുന്നു, സംശയാസ്പദമായ അണുബാധ, പോളിപ്‌സ്, തുടങ്ങിയവ കണ്ടെത്താനും ബയോപ്‌സി ചെയ്ത് രോഗബാധയായി കണ്ടെത്തിയാല്‍ അവ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു. ചികിത്സ നടത്തിയ ശേഷമുള്ള നിരീക്ഷണത്തിനും കൊളോനോസ്‌കോപ്പി അത്യാവശ്യമാണ്.

ലിക്വിഡ് ബയോപ്സി, രക്തപ്രവാഹത്തിലെ ക്യാന്‍സര്‍ ഡിഎന്‍എ കണ്ടെത്തുന്ന ഒരു ഉയര്‍ന്നുവരുന്ന നോണ്‍-ഇന്‍വേസിവ് ഡയഗ്‌നോസ്റ്റിക് രീതിയാണ്. ഈ സാങ്കേതികത നേരത്തേ രോഗം കണ്ടെത്തുന്നതിനും ചികിത്സയുടെ പ്രതികരണം നിരീക്ഷിക്കുന്നതിനും കൊളോറെക്ടല്‍ കാന്‍സറുമായി ബന്ധപ്പെട്ട ജനിതകമാറ്റങ്ങള്‍ തിരിച്ചറിയുന്നതിനും സഹായിക്കുകയും ചെയ്യുന്നു. ബയോമാര്‍ക്കറുകള്‍
കൊളോറെക്ടല്‍ കാന്‍സര്‍ രോഗനിര്‍ണയത്തിലും ചികിത്സയിലും ബയോമാര്‍ക്കറുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. 

ചികിത്സാ സമീപനങ്ങള്‍: 

ശസ്ത്രക്രിയ: വന്‍കുടല്‍ കാന്‍സറിനുള്ള പ്രാഥമിക ചികിത്സയാണ് ശസ്ത്രക്രിയ. ട്യൂമറും ചുറ്റുമുള്ള ടിഷ്യുവും നീക്കം ചെയ്യുക എന്നതാണ് ലക്ഷ്യം. 

കീമോതെറാപ്പി: മെറ്റാസ്റ്റാറ്റിക് സിആര്‍സിക്കുള്ള സാധാരണ ചികിത്സയാണ് കീമോതെറാപ്പി. വിവിധ കീമോതെറാപ്പി രീതികള്‍, മറ്റ് തെറാപ്പികളുമായി സംയോജിപ്പിച്ചാണ് പലപ്പോഴും ഉപയോഗിക്കുന്നത്.

ടാര്‍ഗെറ്റഡ് തെറാപ്പികള്‍: ക്യാന്‍സര്‍ കോശങ്ങളിലെ പ്രത്യേക ജനിതകമാറ്റങ്ങളെ കൈകാര്യം ചെയ്യാനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ആന്റി-ഇജിഎഫ്ആര്‍ ഏജന്റ്‌സ് പോലുള്ള ടാര്‍ഗെറ്റഡ് തെറാപ്പികള്‍. ഓരോ രോഗത്തിന്റെയും രോഗിയുടെയും അവസ്ഥയനുസരിച്ച് ചികിത്സ നല്‍കാന്‍ ഇത് സഹായിക്കുന്നു. പ്രത്യേക ജനിതക പ്രൊഫൈലുകളുള്ള രോഗികള്‍ക്ക് ഫലങ്ങള്‍ മെച്ചപ്പെടുത്താന്‍ ഈ രീതി വളരെ പ്രയോജനപ്പെടാറുണ്ട്.

ട്യൂമറിന്റെ സ്ഥാനം (വലത് വശവും ഇടത് വശവും ഉള്ള കൊളോറെക്ടല്‍ കാന്‍സര്‍) രോഗനിര്‍ണയത്തെ ബാധിക്കുന്നു. ഇടതുവശത്തുള്ള ട്യൂമറുകളെ അപേക്ഷിച്ച് വലതുവശത്തുള്ള മുഴകള്‍ കൂടുതല്‍ ഗൗരവമാകാറുണ്ട്. ചികിത്സാ പദ്ധതികള്‍ തയ്യാറാക്കുന്നതിന് ഇത് വളരെ പ്രധാനമാണ്.

വന്‍കുടല്‍ കാന്‍സര്‍ ആഗോളതലത്തില്‍ തന്നെ, ഒരു പ്രധാന ആരോഗ്യ വെല്ലുവിളിയായി തുടരുകയാണ്. അപകടസാധ്യതയുണ്ടാക്കുന്ന ഘടകങ്ങള്‍ മനസ്സിലാക്കി പതിവ് പരിശോധനകള്‍ നടത്തി, ജീവിതശൈലി ക്രമീകരിക്കുകയാണ് മുന്‍കരുതലെന്ന നിലയില്‍ ചെയ്യാവുന്നത്. രോഗപ്രതിരോധത്തെക്കുറിച്ചും നേരത്തേയുള്ള രോഗനിര്‍ണ്ണയത്തെക്കുറിച്ചും അവബോധം വളര്‍ത്തുന്നത് നിര്‍ണായകമാണ്.

എഴുതിയത്: 

ഡോ. മുഹമ്മദ് യാസിദ് സി. എം,
സീനിയര്‍ കണ്‍സല്‍ട്ടന്റ്-ഗാസ്‌ട്രോഎന്‍ട്രോളജി വിഭാഗം,
തലശ്ശേരി മിഷന്‍ ഹോസ്പിറ്റല്‍, തലശ്ശേരി

Latest Videos
Follow Us:
Download App:
  • android
  • ios