Wearing Mask : തുണി കൊണ്ടുള്ള മാസ്‌ക് ധരിക്കുന്നത് ഫലം ചെയ്യുമോ? N95 മാസ്‌ക് ചിലര്‍ ധരിക്കരുത്...
രോഗവ്യാപനം നിയന്ത്രണവിധേയമാകാതിരിക്കുകയും, രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുകയും ചെയ്യുന്നതോടെയാണ് വൈറസിന് വീണ്ടും പരിവര്‍ത്തനം സംഭവിച്ച് പുതിയ രൂപത്തില്‍ വരാന്‍ അനുയോജ്യമായ സാഹചര്യമുണ്ടാകുന്നത്. അതിനാല്‍ തന്നെ കൊവിഡ് കേസുകള്‍ കൂടുന്ന പ്രവണത കാണുമ്പോള്‍ തന്നെ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്
കൊവിഡ് 19മായുള്ള നിരന്തര പോരാട്ടത്തില്‍ തന്നെയാണ് ( Covid 19 Disease ) നാമിപ്പോഴും. ആദ്യഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി ജനിതകവ്യതിയാനങ്ങള്‍ ( Virus Mutants ) സംഭവിച്ച വൈറസുകള്‍ രോവ്യാപനം സുശക്തമാക്കി. അതോടൊപ്പം തന്നെ വാക്‌സിനെ ചെറുത്തുനില്‍ക്കാനുള്ള കഴിവും അതത് സമയങ്ങളില്‍ ജനിതകപരിണാമം സംഭവിച്ച വൈറസുകള്‍ക്ക് ആര്‍ജിക്കാനായി.
രോഗവ്യാപനം നിയന്ത്രണവിധേയമാകാതിരിക്കുകയും, രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുകയും ചെയ്യുന്നതോടെയാണ് വൈറസിന് വീണ്ടും പരിവര്‍ത്തനം സംഭവിച്ച് പുതിയ രൂപത്തില്‍ വരാന്‍ അനുയോജ്യമായ സാഹചര്യമുണ്ടാകുന്നത്. അതിനാല്‍ തന്നെ കൊവിഡ് കേസുകള്‍ കൂടുന്ന പ്രവണത കാണുമ്പോള്‍ തന്നെ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്.
ഇതാണ് നിലവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഡെല്‍റ്റ എന്ന വൈറസ് വകഭേദം സൃഷ്ടിച്ച അതിശക്തമായ രണ്ടാം തരംഗത്തിന് ശേഷം ഒമിക്രോണ്‍ സൃഷ്ടിച്ച മൂന്നാം തരംഗം വന്നു. ഇനി വൈകാതെ തന്നെ രാജ്യം ഒരു നാലാം തരംഗം കണ്ടേക്കുമെന്ന സൂചനകള്‍ നിലനില്‍ക്കെ വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്.
ഇതിനിടെ ഭാഗികമായും അല്ലാതെയും കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു. മാസ്‌ക് ധരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്ക് നിര്‍ബന്ധമില്ലെന്ന തരത്തിലായിരുന്നു നിയന്ത്രണങ്ങള്‍ പിന്‍വലിക്കപ്പെട്ടത്. എന്നാലിപ്പോള്‍ കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും കേസുകള്‍ കൂടുതലുള്ള നഗരങ്ങളിലുമെല്ലാം മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
മാസ്‌ക് വീണ്ടും നിര്‍ബന്ധമാകുമ്പോള്‍ അത് ശരിയായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും അറിഞ്ഞിരിക്കേണ്ടതാണ്. പലരും മാസ്‌ക് പേരിന് മാത്രം ധരിക്കുന്ന അവസ്ഥയാണുള്ളത്. മൂക്കും വായും കവിളുകളും മൂടപ്പെടുന്ന രീതിയിലാണ് മാസ്‌ക് ധരിക്കേണ്ടത്.
അതുപോലെ തന്നെ തുണി കൊണ്ടുള്ള മാസ്‌ക് ധരിക്കുമ്പോള്‍, ഒരു ലെയര്‍ മാത്രമുള്ള മാസ്‌ക് ഒരിക്കലും ഉപയോഗിക്കരുത്. ഇത് ധരിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഫലമില്ലെന്നാണ് വിദഗ്ധര്‍ ആവര്‍ത്തിച്ചുപറയുന്നത്. രണ്ട് ലെയറോ മൂന്ന് ലെയറോ ഉള്ള മാസ്‌ക് തന്നെ ധരിക്കേണ്ടതാണ്.
ഒരു ലെയര്‍ മാത്രമുള്ള തുണി മാസ്‌കാണ് ധരിക്കുന്നതെങ്കില്‍ ഇതിനൊപ്പം സര്‍ജിക്കല്‍ മാസ്‌ക് കൂടി ധരിക്കുക. ഇരുമാസ്‌കുകളും ഒരുപോലെ മൂക്കും വായും കവിളുകളും മൂടുന്ന വിധത്തിലുള്ളതുമായിരിക്കണം.
കൊവിഡ് വൈറസ് നമുക്കറിയാം, വായുവിലൂടെയാണ് പകരുന്നത്. അതിവേഗത്തില്‍ ഒരാളില്‍ നിന്ന് മറ്റുള്ളവരിലേക്ക് എത്തുംവിധത്തില്‍ രോഗവ്യാപനശേഷി കൂടിയ വൈറസ് വകഭേദങ്ങളാണ് നിലവിലുള്ളത്. ഫലപ്രദമായി ഇതിനെ പ്രതിരോധിക്കണമെങ്കില്‍ മാസ്‌ക് കൃത്യമായിരിക്കേണ്ടത് ആവശ്യമാണ്.
ഇനി N95 മാസ്‌ക് ആണ് ധരിക്കുന്നതെങ്കില്‍ അത് തീര്‍ച്ചയായും രോഗവ്യാപനം വലിയ രീതിയില്‍ കുറയ്ക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വായുവിലൂടെ പകരാനിടയുള്ള രോഗാണുക്കളില്‍ 95 ശതമാനത്തെയും പ്രതിരോധിക്കാന്‍ N95 മാസ്‌കുകള്‍ക്ക് കഴിയുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ശ്വാസതടസം, അതുപോലെ അസാധാരണമായ രീതിയില്‍ മുഖത്ത് രോമവളര്‍ച്ചയുള്ളവര്‍ എന്നീ വിഭാഗത്തില്‍ പെടുന്നവര്‍ N95 മാസ്‌ക് ഒഴിവാക്കുന്നതാണ് ഉചിതം. ശ്വാസതടസം വര്‍ധിക്കാനും രോമവളര്‍ച്ച കൂടാനുമെല്ലാം ഇത് കാരണമായേക്കാം. അതിനാലാണ് ഇവര്‍ N95 മാസ്‌ക് ഒഴിവാക്കണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.
Also Read:- 'മാസ്‌ക് വയ്ക്കുന്നത് കാരണം ബാധിക്കാനിടയുള്ള ഒരു രോഗം'