മുതിര്‍ന്നവരെ അപേക്ഷിച്ച് കൊറോണ വൈറസിന്‍റെ സാന്നിധ്യം കൂടുതല്‍ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക്, പഠനം
കൊവിഡ് 19 വൈറസ് ബാധയുടേതായചെറിയ രോഗ ലക്ഷണമുള്ളവരിലായിരുന്നു പഠനം. അഞ്ച് വയസില്‍ താഴെയുള്ളവര്‍, അഞ്ച് വയസിനും 17 വയസിനും ഇടയിലുള്ളവര്‍ 18 വയസിനും 65 വയസിനും ഇടയിലുള്ളവര്‍ എന്നിങ്ങനെ ഇവരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്.
ഇല്ലിനോയിസ്: അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യം കൂടുതലായി കാണുമെന്ന് പഠനം. മാര്‍ച്ച് 23നും ഏപ്രില്‍ 27നും ഇടയില്‍ ഇല്ലിനോയിസില്‍ നടത്തിയ പഠനങ്ങളിലാണ് നിരീക്ഷണം. അഞ്ച് വയസില്‍ താഴേ പ്രായമുള്ള കുട്ടികളുടെ ശ്വസന നാളികളില്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യം കൂടുതലായി കാണുന്നെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. ആന്‍ ആന്‍ഡ് റോബര്‍ട്ട് ഹോസ്പിറ്റല്‍, ലൂറി ശിശുരോഗ ആശുപത്രി എന്നിവയ്ക്കൊപ്പം ചേര്‍ന്ന് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്.
ഒരുമാസം മുതല്‍ 65 വയസ് വരെ പ്രായമുള്ള 145 ആളുകളിലാണ് പഠനം നടത്തിയത്. കൊവിഡ് 19 വൈറസ് ബാധയുടേതായചെറിയ രോഗ ലക്ഷണമുള്ളവരിലായിരുന്നു പഠനം. അഞ്ച് വയസില്‍ താഴെയുള്ളവര്‍, അഞ്ച് വയസിനും 17 വയസിനും ഇടയിലുള്ളവര്‍ 18 വയസിനും 65 വയസിനും ഇടയിലുള്ളവര്‍ എന്നിങ്ങനെ ഇവരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്. വ്യാഴാഴ്ചയാണ് പഠനം പുറത്ത് വന്നത്. കുട്ടികളിലെ രോഗബാധ കൃത്യമായി മനസ്സിലാക്കേണ്ടത് വലിയ രീതിയിലുള്ള വ്യാപനം തടയാന്‍ ആവശ്യമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
669632 പേരുടെ ജീവന്‍ അപഹരിച്ച വൈറസ് വ്യാപനത്തിന് ഇടയാക്കിയവരില്‍ അഞ്ച് വയസിന് താഴെയുള്ളവരുടെ പങ്ക് അവഗണിക്കാനാവാത്തതാണെന്നും പഠനം വ്യക്തമാക്കുന്നു. മറ്റ് ഗ്രൂപ്പുകളില്‍ ഉള്ളവരേക്കാള്‍ 10 മുതല്‍ 100 വരെ വൈറല്‍ ലോഡാണ് അഞ്ച് വയസിന് താഴെ പ്രായമുള്ളവരില്‍ കണ്ടെത്തിയത്. അഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവരുടെ വൈറല്‍ ലോഡ് മുതിര്‍ന്നവരുടേതിന് സമാനമാണ്. ഷിക്കോഗോ, ഇല്ലിനിയോസ് എന്നിവിടങ്ങളിലെ പരിശോധനാകേന്ദ്രങ്ങളിലെ എമര്‍ജന്‍സി വിഭാഗത്തില്‍ നിന്ന് വരെയുള്ള സാമ്പിളുകള്‍ ഉപയോഗിച്ചായിരുന്നു പഠനമെന്നാണ് എന്‍ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നത്.