കാലുകളില്ലാത്ത ഗർഭസ്ഥ ശിശുവിന്റെ തുടയെല്ലിന്‍റെ നീളമടക്കം രേഖപ്പെടുത്തി ആശുപത്രി, 82 ലക്ഷം നഷ്ടപരിഹാരം

ഭ്രൂണത്തിന് അരക്ക് താഴോട്ട് വളർച്ചയില്ലെന്ന് സ്കാനിങ്ങിലൂടെ കണ്ടെത്തുന്നതിൽ പരാജയപ്പെടുകയും സ്കാനിങ് റിപ്പോർട്ടിൽ കൃത്രിമം കാണിക്കുകയും ചെയ്ത ആശുപത്രി അധികൃതർക്ക് രൂക്ഷ വിമർശനത്തോടെയാണ് കമ്മീഷൻ്റെ തീരുമാനം

Baby born with severe defects hospital in kerala directed to pay compensation of 82 lakh to parents by State Consumer Disputes Redressal Commission etj

തിരുവനന്തപുരം: ഗർഭസ്ഥശിശുവിന്‍റെ വൈകല്യം കണ്ടെത്തുന്നതിൽ വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രി പലിശ സഹിതം 82 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാൻ സംസ്ഥാന ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. ഭ്രൂണത്തിന് അരക്ക് താഴോട്ട് വളർച്ചയില്ലെന്ന് സ്കാനിങ്ങിലൂടെ കണ്ടെത്തുന്നതിൽ പരാജയപ്പെടുകയും സ്കാനിങ് റിപ്പോർട്ടിൽ കൃത്രിമം കാണിക്കുകയും ചെയ്ത ആശുപത്രി അധികൃതർക്ക് രൂക്ഷ വിമർശനത്തോടെയാണ് കമ്മീഷൻ്റെ തീരുമാനം. ഇല്ലാത്ത കാലുകളുടെ തുടയെല്ലിന്റെ നീളം ആണ് സ്കാനിംഗ് റിപ്പോർട്ടുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശ മലയാളി ദമ്പതികളായ ജയേഷ്, രശ്മി ദാസ് എന്നിവരുടെ പരാതിയിലാണ് 8 വർഷത്തിനു ശേഷം വിധി വന്നിരിക്കുന്നത്.

പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിക്ക് എതിരെയായിരുന്നു ദമ്പതികളുടെ പരാതി. ഗർഭിണിയായി പത്ത് ആഴ്ച പിന്നിട്ടപ്പോഴാണ് രശ്മി നാട്ടിലെ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്നുള്ള ആഴ്ചകളിൽ സ്കാനിങ്ങുകൾ നടത്തിയെങ്കിലും ഒന്നിലും ഗർഭസ്ഥ ശിശുവിൻ്റെ വൈകല്യത്തെക്കുറിച്ച് ഡോക്ടർമാർ അറിഞ്ഞിരുന്നില്ല. യുവതിയെ വിശദമായ അനോമലി സ്കാനിങ്ങിനു വിധേയയാക്കിയതുമില്ല. 2015 ജനുവരി 10ന് സിസേറിയനിലൂടെ രശ്മി ആൺകുഞ്ഞിന് ജന്മം നൽകി. അപ്പോഴാണ്‌ നവജാത ശിശുവിന് അരയ്ക്ക് താഴോട്ട് വളര്‍ച്ചയില്ലെന്ന് തിരിച്ചറിഞ്ഞത്. ശിശുവിന് ഇടുപ്പെല്ലും കാലുകളും ഇല്ലായിരുന്നു.

ഇതിന് പിന്നാലെ 17 മാർച്ച് 2015നാണ് ദമ്പതികള്‍ കമ്മീഷന് മുമ്പാകെ പരാതി നല്‍കിയത്. തുടർന്ന് മുന്നോട്ട് 45 തവണയായി ഇരുകൂട്ടരുടെയും ഭാഗങ്ങൾ കേട്ട ശേഷമാണ് ഇക്കഴിഞ്ഞ നാലിന് കമ്മീഷൻ വാദികള്‍ക്ക് 82 ലക്ഷം രൂപ ഒരു മാസത്തിനുള്ളില്‍ ആശുപത്രിയും ഡോക്ടര്‍മാരും ചേര്‍ന്ന് നല്‍കണം എന്ന് ഉത്തരവ് ഇടുന്നത്. ജുഡീഷ്യൽ മെമ്പർ ഡി. അജിത് കുമാർ, കെ.ആർ രാധാകൃഷ്ണൻ എന്നിവരുൾപ്പെട്ട കമ്മീഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കുഞ്ഞിന്‍റെ വൈകല്യത്തേക്കുറിച്ച് പരാതി ഉന്നയിച്ച ബന്ധുക്കളോട് അൾട്രാസൗണ്ട് സൗണ്ട് സ്കാനിംഗ് കൊണ്ട് 100 ശതമാനം കൃത്യതയോടെ കുഴപ്പങ്ങൾ കണ്ടുപിടിക്കാനാവില്ല എന്നും ഗർഭസ്ഥ ശിശുവിന്റെ കിടപ്പ്, അമ്നിയോട്ടിക് ഫ്ലൂയിഡിന്റെ കുറവ് ഇതൊക്കെ വൈകല്യങ്ങൾ കണ്ടെത്തുന്നതിന് തടസ്സമായേക്കാം എന്നുമായിരുന്നു ആശുപത്രി അധികൃതര്‍ അറിയിച്ചത്.

സ്കാനിങ്ങിൽ പ്രത്യേകിച്ച് തകരാറൊന്നും കണ്ടെത്താൻ കഴിയാഞ്ഞത് കൊണ്ടാണ് വിശദമായ അനോമലി സ്കാനിംഗ് നടത്താഞ്ഞതെന്നാണ് കുറ്റാരോപിതരായ ഡോക്ടര്‍മാരായ കെന്നി എ തോമസും പ്രീത ബിജുവും വാദിച്ചത്. അനോമലി സ്കാനിംഗ് നടത്താഞ്ഞത് ആശൂപത്രിയുടെ വീഴ്ചയായി കമ്മീഷൻ കണ്ടെത്തി. മാത്രമല്ല റേഡിയോളജിസ്റ് നടത്തേണ്ട സ്കാനിംഗ് അതിൽ പ്രാവീണ്യമില്ലാത്ത ഒരു ഡോക്ടറാണ് ചെയ്തത്. അമ്നിയോട്ടിക് ഫ്ലൂയിഡിന്റെ കുറവുണ്ടായത് കൊണ്ടാണ് വൈകല്യം അറിയാൻ പറ്റാഞ്ഞതെങ്കിൽ ഫ്ലൂയിഡിന്റെ കുറവ് സ്കാനിംഗ് റിപ്പോർട്ടിൽ രേഖപ്പെടുത്തേണ്ടതായിരുന്നു. ശിശുവിന്റെ ചലനത്തെക്കുറിച്ചു യാതൊരു കുഴപ്പങ്ങളും റിപ്പോർട്ടുകളിൽ പറഞ്ഞിട്ടില്ല. ഏറ്റവും ഗുരുതരമായ വീഴ്ച കാലുകൾ ഇല്ലാത്ത ശിശുവിന്റെ തുടയെല്ലിന്റെ നീളം റിപ്പോർട്ടുകളിൽ രേഖപ്പെടുത്തിയിരുന്നു എന്നതാണ്.

ആശുപത്രിയുടെ കൃത്യവിലോപം കൊണ്ട് കുഞ്ഞിനും മാതാപിതാക്കൾക്കും ജീവിതം ദുരിതമായെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. യുവതിക്ക് നാല് മാസമായപ്പോള്‍ നടത്തിയ സ്‌കാനിങ്ങിൽ ഗര്‍ഭസ്ഥശിശു ആരോഗ്യവാനാണെന്നും പറഞ്ഞിരുന്നു. കൃത്യമായ അനോമലി സ്കാനിംഗ്‌ നടത്താത്തതിനാല്‍ ഭ്രൂണത്തിന് അരയ്ക്ക് താഴോട്ട് വളര്‍ച്ചയില്ലെന്ന വിവരം കണ്ടെത്തുന്നതില്‍ ആശുപത്രി അധികൃതര്‍ പരാജയപ്പെട്ടു എന്ന് കമ്മീഷൻ പറഞ്ഞു. അൾട്രാസൗണ്ട് സ്കാനിങ് ഫലങ്ങൾ 100% കൃത്യമാണെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നും മറ്റ് പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നതിനാൽ എല്ലാ വൈകല്യങ്ങളും കണ്ടെത്താനാകില്ലെന്നുമാണ് സെന്റ് ലൂക്ക് (ന്യൂ ലൈഫ് ഫെർട്ടിലിറ്റി സെന്റർ) ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടത്.

പ്രോട്ടോക്കോൾ അനുസരിച്ചാണ് സ്കാനിംഗ് നടത്തിയത്. അതില്‍ ശിശുവിന് ഒരു തരത്തിലുള്ള വൈകല്യങ്ങള്‍ ഉള്ളതായും കണ്ടെത്തിയിരുന്നില്ല. അതിനാല്‍ വിശദമായ അനോമലി സ്കാൻ നടത്തിയിട്ടില്ലെന്നാണ് അധികൃതര്‍ വിശദമാക്കിയത്. ഗർഭാവസ്ഥയുടെ 18-ാം ആഴ്‌ചയിൽ ഭ്രൂണഞ്ഞിന്‍റെ വൈകല്യങ്ങള്‍ സ്‌കാനിംഗിൽ വിലയിരുത്താൻ കഴിയുമെന്ന് തിരുവനന്തപുരത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി റേഡിയോ ഡയഗ്നോസിസ് വിഭാഗം മേധാവിയുടെ അഭിപ്രായം കമ്മീഷൻ ശ്രദ്ധയിൽപ്പെടുത്തി. ഭ്രൂണഞ്ഞിന്‍റെ വൈകല്യങ്ങള്‍ തിരിച്ചറിയുന്നതില്‍ ആശുപത്രി പരാജയപ്പെട്ടെന്നും സോണോഗ്രാം റിപ്പോർട്ടുകളിൽ ഇത് വ്യക്തമാണെന്നും വിദഗ്ധൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios