Asianet News MalayalamAsianet News Malayalam

ഈ ലക്ഷണങ്ങൾ കുട്ടിയിൽ കാണുന്നുണ്ടോ? എന്താണ് എഡിഎച്ച്ഡി?

കുട്ടി പഠനത്തിൽ പിന്നോക്കമാണ്, പെട്ടെന്ന് മറന്നുപോകുന്നു, അടങ്ങിയിരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്നൊക്കെ കണ്ടാൽ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ സമീപിച്ച് മനഃശാസ്ത്ര പരിശോധന നടത്തുന്നതിലൂടെയാണ് ADHD ആണോ എന്ന് മനസ്സിലാക്കാൻ കഴിയുക. 

attention deficit hyperactivity disorder in children
Author
First Published Jun 30, 2024, 10:34 AM IST

മിക്ക കുട്ടികളിലും അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടീവ് ഡിസോഡർ അഥവാ എഡിഎച്ച്ഡി പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു. കുട്ടികളിൽ എഡിഎച്ച്ഡി ഉണ്ടെങ്കിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങളെ കുറിച്ച് ചീഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പ്രിയ വർ​ഗീസ് എഴുതുന്ന ലേഖനം.

ADHD അഥവാ അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (Attention Deficit Hyperactivity Disorder) എന്നതിന് പ്രധാനമായും മൂന്ന് ലക്ഷണങ്ങളാണ് ഉള്ളത്. ശ്രദ്ധയില്ലായ്മ (inattention), അടങ്ങിയിരിക്കാൻ വളരെ ബുദ്ധിമുട്ട് (hyperactivity), ആലോചിക്കാതെ എടുത്തുചാടി പ്രവർത്തിക്കുക (impulsivity).

എഡിഎച്ച്ഡി എന്ന അവസ്ഥ ചെറിയ പ്രായത്തിൽ കുട്ടികളിൽ ആരംഭിക്കുകയും അതു രോഗനിർണ്ണയം നടത്തി മെച്ചപ്പെടുത്താനുള്ള ട്രെയിനിങ് കൊടുക്കാൻ കഴിയാതെപോയാൽ പ്രായം മുന്നോട്ടു പോകുമ്പോഴും ഈ ലക്ഷണങ്ങൾ അവരിൽ ഉണ്ടാകും. ഇതിനെ Adult ADHD എന്ന് പറയുന്നു. 

എഡിഎച്ച്ഡി ലക്ഷണങ്ങൾ

●    ADHD ഉള്ള കുട്ടികളിൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകും 
●    ശ്രദ്ധക്കുറവുകാരണം പഠനത്തിലും മറ്റുകാര്യങ്ങളിലും വളരെ നിസ്സാരമായ തെറ്റുകൾ വരുത്തുക 
●    മറ്റൊരാൾ സംസാരിക്കുന്നത് ശ്രദ്ധയോടെ കേൾക്കേണ്ട സാഹചര്യങ്ങളിൽ അതു കഴിയാതെ വരിക 
●    നിർദ്ദേശങ്ങൾ ശ്രദ്ധിക്കാൻ കഴിയാതെ വരികയും ഹോംവർക്, അതുപോലെയുള്ള കാര്യങ്ങൾ ചെയ്തുതീർക്കാൻ കഴിയാതെ വരിക 
●    സാധങ്ങൾ അടുക്കി വെക്കാൻ പറ്റാതെ വരിക 
●    വളരെ നേരം ശ്രദ്ധയും ക്ഷമയും വേണ്ട കാര്യങ്ങൾ ചെയ്യാതെ ഒഴിവാക്കുക 
●    പെൻസിൽ, ബുക്ക് പോലെ അത്യാവശ്യം വേണ്ട സാധങ്ങൾ സ്ഥിരമായി നഷ്ടപ്പെട്ടുപോവുക 
●    ദൈനംദിന കാര്യങ്ങളിൽ ഉള്ള മറവി 
●    ഒരു പ്രവർത്തി ചെയ്യുമ്പോൾ എന്തെങ്കിലും ചെറിയ ശബ്ദമോ മറ്റോ കേട്ടാൽ പെട്ടെന്ന് ശ്രദ്ധ അങ്ങോട്ടു പോവുക 
●    കൈയും കാലും തീരെ അടങ്ങിയിരിക്കാൻ കഴിയാത്ത വിധം ഹൈപ്പർ ആക്റ്റീവ് ആകുക 
●    ക്ലാസ് റൂമിലോ അതുപോലെ സീറ്റിൽ അടങ്ങി ഇരിക്കേണ്ട സാഹചര്യങ്ങളിൽ ഓടി നടക്കുക 
●    ശ്രദ്ധയോടെ ഇരിക്കേണ്ട സാഹചര്യങ്ങളിൽ ജനലിലോ അതുപോലെ എവിടെയെങ്കിലും ഓടി കയറുക 
●    അമിതമായി സംസാരിക്കുക 
●    ചോദ്യം ചോദിച്ചു തീരുംമുന്നേ ഉത്തരം പറയുക- ഉത്തരം തെറ്റാകാനും സാധ്യത കൂടുതലാവുക 
●    മറ്റുള്ളവർ സംസാരിക്കുമ്പോൾ ക്ഷമയില്ലാതെ ഇടയ്ക്കു കയറി സംസാരിക്കുക 

കുട്ടി പഠനത്തിൽ പിന്നോക്കമാണ്, പെട്ടെന്ന് മറന്നുപോകുന്നു, അടങ്ങിയിരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്നൊക്കെ കണ്ടാൽ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ സമീപിച്ച് മനഃശാസ്ത്ര പരിശോധന നടത്തുന്നതിലൂടെയാണ് ADHD ആണോ എന്ന് മനസ്സിലാക്കാൻ കഴിയുക. ADHD ഉള്ള ചില കുട്ടികളിൽ പഠനവൈകല്യം, ബുദ്ധിമാന്യം എന്ന അവസ്ഥകൾക്കും സാധ്യതയുണ്ട്.

മുതിർന്നവരിലെ ADHD (Adult ADHD)

●    എന്ത് കാര്യങ്ങൾക്ക് മുൻഗണന കൊടുക്കണം എന്ന് അറിയാതെ വരിക 
●    സാധനകൾ വെച്ചതെവിടെ എന്ന് ഓർമ്മയില്ലാതെ ഇരിക്കുക 
●    ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് 
●    ക്ഷമയില്ലായ്മ 
●    സമയബന്ധിതമായി കാര്യങ്ങൾ ചെയ്യാൻ കഴിയാതെ വരിക 
●    കൃത്യമായ പ്ലാനിംഗ് ഇല്ലാതെ വരിക 
●    അടങ്ങിയിരിക്കാൻ കഴിയാതെ വരിക 

പഠനത്തിൽ പിന്നോക്കാവസ്ഥ, മാതാപിതാക്കൾക്ക് കുട്ടികളെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടു വരിക എന്നെല്ലാമുള്ളതിനാൽ ADHD ഉള്ള കുട്ടികളെ സൈക്കോളജിസ്റ്റിനെ സമീപിച്ചു ട്രെയിനിങ് നല്കാൻ മാതാപിതാക്കൾ ശ്രമിക്കാറുണ്ട്. എന്നാൽ കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും ശ്രദ്ധക്കുറവും എടുത്തുചാട്ടവും ഹൈപ്പർആക്ടിവിറ്റിയും അവരുടെ ജോലിയെ, സാമൂഹിക ജീവിതത്തെ, കുടുംബ ജീവിതത്തെ ഒക്കെ ബാധിക്കുന്നു എങ്കിൽ ഏതു പ്രായത്തിലും ADHD യുള്ളവരിൽ മനഃശാസ്ത്ര ചികിത്സ ലഭ്യമാക്കേണ്ടത് ആവശ്യമാണ്.

Attention Enhancement Training, ബിഹേവിയർ തെറാപ്പി പോലെയുള്ള മനഃശാസ്ത്ര ചികിത്സകൾ ADHD യിൽ വളരെ ഫലപ്രദമാണ്. ശ്രദ്ധക്കുറവ്, എടുത്തുചാട്ടം, ഹൈപ്പർആക്ടിവിറ്റി എന്നീ ലക്ഷണങ്ങൾ ADHDയിൽ മാത്രമല്ല ബൈപോളാർ ഡിസോർഡർ, പേഴ്സണാലിറ്റി ഡിസോർഡർ മുതലായ മാനസിക പ്രശ്നങ്ങളിലും ലക്ഷണങ്ങളായി കാണാൻ കഴിയും എന്നതിനാൽ അത് ADHD തന്നെയാണ് മറ്റു മാനസിക പ്രശ്ങ്ങളുടെ ഭാഗമായി ഉണ്ടായ പ്രശ്നമല്ല എന്ന് ഉറപ്പിക്കാൻ മന:ശാസ്ത്ര വിധക്തരരെ സമീപിക്കുക. 

(ലേഖിക തിരുവല്ലയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ്. ഫോണ്‍: 8281933323)

 

Latest Videos
Follow Us:
Download App:
  • android
  • ios