ശ്വാസകോശ ധമനികളിൽ രക്തം അടിയും, മരണംവരെ സംഭവിക്കാവുന്ന അവസ്ഥ, പൾമനറി എംബോളിസത്തിന് എഐ സഹായത്തിൽ ചികിത്സ വിജയം

പൾമനറി എംബോളിസത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ സാങ്കേതികവിദ്യയിൽ ഊന്നിയ ആധുനിക ചികിത്സ ലിസി ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി

artificial intelligence based treatment for pulmonary embolism successfully completed at lizzy hospital

കൊച്ചി: പൾമനറി എംബോളിസത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ സാങ്കേതികവിദ്യയിൽ ഊന്നിയ ആധുനിക ചികിത്സ ലിസി ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി.  കാലുകളിലെ ഞരമ്പുകളിൽ ഉണ്ടാകുന്ന രക്തക്കട്ടകൾ ഹൃദയത്തിന്റെ വലതുവശത്തെ അറകളിലൂടെ സഞ്ചരിച്ച് ശ്വാസകോശത്തിന്റെ രക്തധമനികളിൽ പെട്ടെന്ന് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് പൾമനറി എംബോളിസം. 

അടിഞ്ഞുകൂടുന്ന രക്തക്കട്ടയുടെ തോതനുസരിച്ച് പെട്ടെന്നുള്ള മരണം വരെ സംഭവിക്കാവുന്ന രോഗാവസ്ഥയാണിത്. ഈ രക്തക്കട്ടകളെ മരുന്നുകൾ കൊണ്ട് ലയിപ്പിച്ചു കളയുക എന്നതാണ് കാലാകാലങ്ങളായി നിലനിൽക്കുന്ന ചികിത്സാരീതി. എന്നാൽ ഇത്തരം രക്തക്കട്ടകളെ പലവിധ മാർഗങ്ങൾ ഉപയോഗിച്ച് വലിച്ചെടുത്ത് കളയുന്ന ചികിത്സാരീതികൾ പുതിയതായി നടപ്പാക്കി വരുന്നുണ്ട്. ഇത്തരം ചികിത്സാ രീതികളെ കത്തീറ്റർ ഡയറക്ടഡ് തെറാപ്പീസ് എന്നാണ് പറയുന്നത്. ഇത്തരം ചികിത്സകളിൽ വളരെ വലുപ്പം കൂടിയ ട്യൂബുകൾ ഉപയോഗിക്കുന്നതുകൊണ്ട് വലിയ തോതിലുള്ള രക്തനഷ്ടം ഉണ്ടാകുവാനുള്ള സാധ്യതകൾ ഏറെയാണ്. 

ഈ വെല്ലുവിളി ഒഴിവാക്കുവാനായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ കുഴലുകൾ ഇപ്പോൾ പുതിയതായി രൂപകൽപ്പന ചെയ്തിട്ടുണ്ട്. പെനമ്പറ എന്നാണ് ഈ നൂതന സംവിധാനം അറിയപ്പെടുന്നത്. പെനമ്പറ സംവിധാനം ഉപയോഗിക്കുമ്പോൾ എഐ അസിസ്റ്റഡ് കത്തീറ്ററുകൾ രക്തക്കട്ടകളുമായി സമ്പർക്കം ഉണ്ടാകുമ്പോൾ മാത്രം പ്രവർത്തനക്ഷമം ആകുകയും രക്തവുമായി സമ്പർക്കത്തിൽ വരുമ്പോൾ വലിച്ചെടുക്കൽ പ്രക്രിയ തനിയെ നിൽക്കുകയും ചെയ്യുന്നു. രക്തം നഷ്ടപ്പെടുവാനുള്ള സാധ്യത അതുവഴി ഗണ്യമായി കുറയ്ക്കുന്നു.

ഇത്തരത്തിൽ എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള മെക്കാനിക്കൽ ചികിത്സ ലിസി ആശുപത്രിയിൽ വിജയകരമായി പൂർത്തീകരിച്ചു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഒരു സർജറിക്ക് വിധേയയായ ഫോർട്ട് കൊച്ചി സ്വദേശിയായ 68 കാരിക്ക് പൾമനറി എംബോളിസം സംശയിക്കപ്പെട്ടു. തുടര്‍ന്ന് ലിസി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ശസ്ത്രക്രിയ നടത്തി അധിക ദിവസം ആകാതിരുന്നത് കൊണ്ട് രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ ഉപയോഗിക്കുന്നതിന് പരിമിതികൾ ഉണ്ടായിരുന്നു.

മരുന്നുകൾ ഉപയോഗിച്ച് ചികിത്സ തുടങ്ങിയെങ്കിലും രോഗിയുടെ അവസ്ഥ കൂടുതൽ മോശമായതിനെ തുടർന്ന് എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മെക്കാനിക്കൽ ത്രോമ്പേക്ടമി ചികിത്സ നടത്താൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. ഈ ചികിത്സയിലൂടെ ഏകദേശം ഇരുപത് സെന്റീമീറ്റർ നീളമുള്ള രക്തക്കട്ടകളാണ്  രോഗിയുടെ രണ്ട് പൾമനറി ധമനികളിൽ നിന്നും  പുറത്തെടുത്തത്. സാധാരണ രീതിയിൽ രണ്ടു ലിറ്ററോളം രക്തനഷ്ടം ഉണ്ടാകന്നിടത്ത് ഈ നൂതന ചികിത്സാരീതി ഉപയോഗിച്ചത് കൊണ്ട് 400 മില്ലി ലിറ്റർ രക്തനഷ്ടം മാത്രമാണ് ഉണ്ടായത്. ഡോ. ജോ ജോസഫ്, ഡോ. ലിജേഷ് കുമാർ, ഡോ. ജി.വി.എൻ. പ്രദീപ്, ഡോ. എച്ച്. ശ്രീജിത്ത്, എ.ജെ. വിൽസൺ, ജിബിൻ തോമസ്,  സിസ്റ്റർ ബെറ്റി എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഈ ചികിത്സയിൽ പങ്കാളികളായത്. 

ആശങ്കയായി വീണ്ടും എച്ച് 1 എൻ 1; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios