കൊവിഡ് വ്യാപനം തടയാന്‍ മലം പരിശോധന; പരീക്ഷണം വിജയമെന്ന് അവകാശവാദം

വൈറസുകളുടെ സാന്നിധ്യം കണ്ടെത്താനും, നിയമവിരുദ്ധ ലഹരിമരുന്നുകളുടെ ഉപയോഗം മനസിലാക്കാനും, ഭക്ഷണത്തിന്റെ ഗുണമേന്മ തിരിച്ചറിഞ്ഞ് അതിലൂടെ ഓരോ വിഭാഗങ്ങളുടേയും സാമൂഹിക- സാമ്പത്തികാവസ്ഥകള്‍ വിലയിരുത്താനുമെല്ലാം ഈ രീതിയിലുള്ള പരിശോധനകള്‍ ലോകത്ത് പലയിടങ്ങളായി നടത്താറുണ്ടെന്ന് ക്യൂഎഇഎച്ച്എസ് (യൂണിവേഴ്സിറ്റി ഓഫ് ക്വീന്‍സ്ലാന്‍ഡ്സ് അലയന്‍സ് ഫോര്‍ എന്‍വിയോണ്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സ്) ഡയറക്ടര്‍ കെവിന്‍ തോമസ് പറയുന്നു

arizona university claims that they can control covid outbreak through poop test

കൊവിഡ് 19 രോഗബാധ കണ്ടെത്താന്‍ സ്രവ പരിശോധന നടത്തുന്നതിനെ കുറിച്ച് നമുക്കറിയാം. എന്നാല്‍ കൊവിഡ് വ്യാപനം തടയുന്നതിന് മലം പരിശോധന നടത്തുന്നതിനെ പറ്റി കേട്ടിട്ടുണ്ടോ? സംഗതി സത്യമാണ്. 

ഈ പരീക്ഷണം വിജയിച്ചുവെന്ന അവകാശവാദവുമായി ഇപ്പോള്‍ അരിസോണ യൂണിവേഴ്സിറ്റി അധികൃതര്‍ രംഗത്തെത്തിയിട്ടുമുണ്ട്. അതായത് ഓരോ ഡോര്‍മെട്രിയുടേയും കക്കൂസ് മാലിന്യത്തിന്റെ സാമ്പിള്‍ പതിവായി ശേഖരിച്ച് പരിശോധിച്ചുകൊണ്ടിരിക്കും. ആര്‍ക്കെങ്കിലും കൊവിഡ് ബാധയുണ്ടെങ്കില്‍ വൈറസിന്റെ സാന്നിധ്യം മലത്തിലും കാണപ്പെടുമത്രേ. 

ഇത് കക്കൂസ് മാലിന്യത്തില്‍ നിന്നെടുത്ത സാമ്പിളില്‍ നിന്ന് കണ്ടെത്താനാകുമെന്നാണ് വാദം. അരിസോണ യൂണിവേഴ്സിറ്റിയില്‍ ഇത്തരത്തില്‍ മൂന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഡോര്‍മെട്രിയില്‍ നിന്നുള്ള സാമ്പിളില്‍ നിന്ന് കൊറോണ വൈറസിനെ കണ്ടെത്തിയെന്നാണ് യൂണിവേഴ്സിറ്റി അധികൃതര്‍ പറയുന്നത്. 

ഇതിന് പിന്നാലെ അവിടെ താമസിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും ജോലി ചെയ്യുന്ന ജീവനക്കാരുടേയും സ്രവ പരിശോധന നടത്തി. ഇതില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ പോസിറ്റീവും ആയി എന്നാണ് ഇവര്‍ പറയുന്നത്. രണ്ട് പേരിലും കൊവിഡിന്റെ യാതൊരു ലക്ഷണങ്ങളും ഇല്ലായിരുന്നുവത്രേ. രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ മാറ്റിപ്പാര്‍പ്പിക്കുകയും ഇവരുമായി ബന്ധപ്പെട്ടവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. 

ലക്ഷണമില്ലാതിരുന്നതിനാല്‍ തന്നെ ഇവരില്‍ നിന്ന് കൂടുതല്‍ പേരിലേക്ക് കൊവിഡ് പകരാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും എന്നാല്‍ വളരെ നേരത്തേ തന്നെ ഇവരിലെ രോഗബാധ കണ്ടെത്തിയതോടെ ആ സാധ്യതയെ ആണ് ഇല്ലാതാക്കാനായതെന്നും അരിസോണ യൂണിവേഴ്സിറ്റിയില്‍ പ്രത്യേക പദ്ധതിക്ക് നേതൃത്വം നല്‍കിവരുന്ന ഡോ. റിച്ചാര്‍ഡ് കാര്‍മോന പറയുന്നു. 

ഇത്തരത്തില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് കക്കൂസ് മാലിന്യത്തിന്റെ സാമ്പിള്‍ പരിശോധിക്കുന്നത് ആളുകള്‍ കൂട്ടമായി കഴിയുന്നയിടങ്ങളില്‍ ഫലപ്രദമായിരിക്കുമെന്നും ഡോ റിച്ചാര്‍ഡ് ചൂണ്ടിക്കാട്ടുന്നു. അരിസോണ യൂണിവേഴ്സിറ്റിയില്‍ മാത്രമല്ല, ചൈന, സ്പെയിന്‍, കാനഡ, ന്യുസീലാന്‍ഡ്, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലെല്ലാം ക്യാംപസുകള്‍ കേന്ദ്രീകരിച്ചും അല്ലാതെയും ഈ പദ്ധതി പരീക്ഷിച്ചുവരുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 

വൈറസുകളുടെ സാന്നിധ്യം കണ്ടെത്താനും, നിയമവിരുദ്ധ ലഹരിമരുന്നുകളുടെ ഉപയോഗം മനസിലാക്കാനും, ഭക്ഷണത്തിന്റെ ഗുണമേന്മ തിരിച്ചറിഞ്ഞ് അതിലൂടെ ഓരോ വിഭാഗങ്ങളുടേയും സാമൂഹിക- സാമ്പത്തികാവസ്ഥകള്‍ വിലയിരുത്താനുമെല്ലാം ഈ രീതിയിലുള്ള പരിശോധനകള്‍ ലോകത്ത് പലയിടങ്ങളായി നടത്താറുണ്ടെന്ന് ക്യൂഎഇഎച്ച്എസ് (യൂണിവേഴ്സിറ്റി ഓഫ് ക്വീന്‍സ്ലാന്‍ഡ്സ് അലയന്‍സ് ഫോര്‍ എന്‍വിയോണ്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സ്) ഡയറക്ടര്‍ കെവിന്‍ തോമസ് പറയുന്നു. 

കൊവിഡ് സാന്നിധ്യം എത്രയും നേരത്തേ കണ്ടെത്താന്‍ കഴിയുക എന്നതാണ് രോഗവ്യാപനത്തെ പിടിച്ചുകെട്ടാന്‍ നിലവിലുള്ള ഏക മാര്‍ഗമെന്നും അതിന് ഈ പരിശോധനാതന്ത്രം തന്നെയാണ് ഏറ്റവും അനുയോജ്യമായതെന്നും കെവിന്‍ തോമസ് പറയുന്നു.

Also Read:- കൊവിഡ് വന്ന് ഭേദമായി; വീണ്ടും മരണത്തോളം പോയി ഏഴുവയസുകാരന്‍...

Latest Videos
Follow Us:
Download App:
  • android
  • ios