കൊവിഡിനെ തോല്‍പിച്ച് 107കാരി; ആരോഗ്യ രഹസ്യം വെളിപ്പെടുത്തി ഏഞ്ചല അമ്മൂമ്മ...
ഏപ്രിലിലാണ് ഇവര്‍ക്ക് കൊവിഡ് പിടിപെടുന്നത്. രോഗം പെട്ടെന്ന് തന്നെ ഗുരുതരമായി. തിരിച്ച് ജീവിതത്തിലേക്ക് വരുമെന്ന പ്രതീക്ഷ ഡോക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കുമൊന്നും ഉണ്ടായിരുന്നില്ല
കൊവിഡ് 19, പ്രായമായവരിലാണ് ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് നാം ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞു. എളുപ്പത്തില്‍ രോഗം പകരുന്നതും അവസ്ഥ ഗുരുതരമാകുന്നതുമെല്ലാം പ്രായമായവരില്‍ തന്നെയാണ്. എന്നാല്‍ ഈ നിരീക്ഷണങ്ങളുടെയെല്ലാം യുക്തിക്കപ്പുറം അത്ഭുതകരമായ കൊവിഡിനെ അതിജീവിച്ച വയോധികരും ഏറെയാണ്.
ഇക്കൂട്ടത്തില്‍ ശ്രദ്ധേയയാവുകയാണ് ബ്രിട്ടനിലെ ഏറ്റവും പ്രായം കൂടിയ കൊവിഡ് പോരാളിയായ ഏഞ്ചല ഹ്യൂട്ടര്‍ എന്ന നൂറ്റിയേഴികാരി. 1918ലെ സ്പാനിഷ് ഫ്‌ളൂ മാഹാമാരിക്കാലം കണ്ട, ഇന്ന് ലോകത്തില്‍ ജീവിച്ചിരിക്കുന്ന ചുരുക്കം ആളുകളിലൊരാളാണ് ഏഞ്ചല അമ്മൂമ്മ.
ഏപ്രിലിലാണ് ഇവര്‍ക്ക് കൊവിഡ് പിടിപെടുന്നത്. രോഗം പെട്ടെന്ന് തന്നെ ഗുരുതരമായി. തിരിച്ച് ജീവിതത്തിലേക്ക് വരുമെന്ന പ്രതീക്ഷ ഡോക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കുമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ദിവസങ്ങളുടെ പോരാട്ടത്തിന് ശേഷം അവര്‍ മരണത്തെയും രോഗത്തേയും തോല്‍പിച്ച് വിജയമുറപ്പിച്ചു.
കൊറോണയെ ഭയപ്പെടരുതെന്നാണ് ഇപ്പോള്‍ ഏഞ്ചലയുടെ ഉപദേശം. ഈ പ്രതിസന്ധികളെയെല്ലം തരണം ചെയ്ത് മുന്നോട്ടുപോകാന്‍ മനുഷ്യന്‍ ശീലിക്കുമെന്നാണ് ഇവരുടെ വാദം. എന്നാല്‍ വിഷമതകള്‍ ഉണ്ടാകുമ്പോള്‍ വിഷാദത്തിലേക്ക് പോകുന്നത് അപകടമാണെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.
രോഗത്തെ അതിജീവിച്ച് ആരോഗ്യവതിയായി തുടരുമ്പോള്‍ തന്റെ ദീര്‍ഘായുസിന് പിന്നിലുള്ള രഹസ്യവും വെളിപ്പെടുത്തുകയാണിവര്‍. സമ്മര്‍ദ്ദങ്ങളെ അകറ്റിനിര്‍ത്തിക്കൊണ്ട് സന്തോഷകരമായ ജീവിതം വേണം. ഒപ്പം എല്ലാ ദിവസവും ഒരു ഫ്രഷ് ഓറഞ്ച് കഴിക്കുക. ഇത് രണ്ടുമാണ് തന്റെ ആരോഗ്യ രഹസ്യമെന്നാണ് ഏഞ്ചല അമ്മൂമ്മ പറയുന്നത്.
എന്തായാലും നൂറ്റിയേഴാം വയസില്‍ കൊവിഡിനെ തോല്‍പിച്ച ഏഞ്ചല ഏവര്‍ക്കും ഒരു പ്രചോദനമാവുകയാണിപ്പോള്‍. ഒപ്പം തന്നെ ജിവിതത്തോട് ഇവര്‍ക്കുള്ള മനോഭാവവും കടമെടുക്കുകയാണ് നിരവധി യുവാക്കള്‍.
Also Read:- 'കൊവിഡ് ജലദോഷം പോലെയേ ഉള്ളൂ, പേടിക്കേണ്ട'; രോഗം അതിജീവിച്ച നൂറുവയസുകാരി...