ഗർഭിണിയാകുന്നതിന് മുമ്പ് സ്വീകരിക്കേണ്ട ആറ് ജീവിതശൈലി മാറ്റങ്ങൾ
അമ്മയാകാന്‍ ഒരുങ്ങുന്നതിന് മുമ്പേ സ്ത്രീ മാനസികവും ശാരീരികവുമായ തയ്യാറെടുപ്പുകളെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. ജീവിതശെെലിയിൽ തന്നെ ചില മാറ്റങ്ങൾ വരുത്തേണ്ടതായി വരും. ഗര്‍ഭം ധരിക്കുന്നതിന് മുമ്പേ ജങ്ക് ഫുഡ് പോലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണമെന്ന് ഡോക്ടർമാർ പറയാറുണ്ട്. അത് മാത്രമല്ല, സ്ത്രീകൾ മദ്യപാനവും പുകവലിയും ഒഴിവാക്കേണ്ടതായി വരും. കാരണം ഇവ രണ്ടും പ്രത്യുത്പാദനശേഷിയെ പ്രതികൂലമായി ബാധിക്കുമെന്നുമാത്രമല്ല ജനിക്കാനിരിക്കുന്ന കുട്ടിയുടെ ശാരീരിക അവസ്ഥയെപ്പോലും ബാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഗർഭിണിയാകുന്നതിന് മുമ്പ് ജീവിതശെെലിയിൽ വരുത്തേണ്ട ചില മാറ്റങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...
1.ഗൈനക്കോളജിസ്റ്റ് കണ്ട് സംശയങ്ങൾ ചോദിച്ചറിയുക: അമ്മയാകാൻ തയ്യാറെടുക്കുന്നതിന് മുമ്പ് ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തുക. പാരമ്പര്യമായി എന്തെങ്കിലും അസുഖമുണ്ടോ, കൊളസ്ട്രോൾ, പ്രമേഹം, വിഷാദരോഗം പോലുള്ള പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ എന്നതിനെ കുറിച്ചെല്ലാം ഡോക്ടർ വിശദമായി ചോദിച്ചറിയും. ഗർഭിണിയാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എപ്പോൾ മുതൽ ശ്രമം ആരംഭിക്കണമെന്നുമെല്ലാം ഡോക്ടറിനോട് ചോദിച്ചറിയാം.
2.അമിത വണ്ണം ഒഴിവാക്കുക: ഗർഭിണിയാകുന്നതിന് മുമ്പ് ഭാരം കുറയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അമിതവണ്ണമുള്ള സ്ത്രീകളില്‍ ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിച്ചിരിക്കും. ഇന്‍സുലിന്‍ വർദ്ധിക്കുന്നത് അണ്ഡോത്പാദന വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കാമെന്ന് പഠനങ്ങൾ പറയുന്നു.
3.കാപ്പി ഒഴിവാക്കുക: കാപ്പി അമിതമായി കുടിക്കുന്നത് ഗർഭധാരണ സാധ്യത കുറയ്ക്കുന്നു. അത് മാത്രമല്ല കുഞ്ഞിന് ഭാരം കുറയുന്നതിനും മാസം തികയാതെയുള്ള ജനനം എന്നിവയ്ക്ക് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
4.രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക: ചെറുപ്രായത്തില്‍ തന്നെ രക്തസമ്മർദ്ദം പിടികൂടുന്നവര്‍ ധാരാളമാണ്. ടെന്‍ഷനും ജീവിതശൈലിയുമാണ് പ്രധാനകാരണം. സ്വയം മനസ്സിനെ നിയന്ത്രിക്കുകയാണ് പ്രധാനം. ഗര്‍ഭിണിയാകുന്നതിന് മുമ്പ് ബിപി ഉള്ളവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം.
5. ഭക്ഷണത്തിൽ ശ്രദ്ധ കൊടുക്കുക: ഗർഭം ധരിക്കുന്നതിന് മുമ്പ് ആരോഗ്യകരവും സമതുലിതമായതുമായ ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ പച്ചക്കറികള്‍ പതിവായി കഴിക്കുക. മുരിങ്ങയില, ചീര തുടങ്ങിയ ഇലക്കറികളില്‍ ധാരാളം വിറ്റാമിനുകളുണ്ട്. ജങ്ക് ഫുഡ്, എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. വെള്ളം ധാരാളം കുടിക്കുക.
6. ഫോളിക് ആസിഡ് ഗുളികകൾ കഴിക്കുക: ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്ക് ഫോളിക് ആസിഡ് ഗുളികകൾ കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഗര്‍ഭധാരണത്തിന് ഏതാനും മാസംമുമ്പ് മുതല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഫോളിക് ആസിഡ് കഴിച്ചുതുടങ്ങാൻ ശ്രമിക്കുക. ആസൂത്രിത ഗര്‍ഭധാരണങ്ങളില്‍ മാത്രമേ ഇത്തരം മുന്നൊരുക്കങ്ങള്‍ സാധ്യമാകുകയുള്ളൂ. നിത്യവും ഒരു ഗുളികവീതം കഴിക്കാനാണ് സാധാരണഗതിയില്‍ നിര്‍ദ്ദശിക്കാറുള്ളത്. ഇലക്കറികള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, തവിടു മുഴുവന്‍ നീക്കാത്ത ധാന്യങ്ങള്‍, പാല്‍, മുട്ട, മാംസം, തുടങ്ങിയവയൊക്കെ ഫോളിക് ആസിഡ് ധാരാളം അടങ്ങിയ ഭക്ഷ്യപദാര്‍ത്ഥങ്ങളാണ്.