മലനട അപ്പൂപ്പനെ കാണാന്‍ ദേശക്കാരൊടൊപ്പം, ദേശങ്ങള്‍ താണ്ടി എടുപ്പ് കുതിരകളും എടുപ്പ് കാളകളുമെത്തി
ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ മലക്കുട മഹോത്സവം വർണാഭമായ കെട്ടുകാഴ്ചയോടെ ഇന്നലെ (22.3.2024) സമാപിച്ചു. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ പോരുവഴി പെരുവിരുത്തിയിലാണ് ദുര്യോധന ക്ഷേത്രമെന്ന് അറിയപ്പെടുന്ന മലനട ക്ഷേത്രം. മറ്റ് ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ശ്രീകോവിലോ ചുറ്റമ്പലമോ പ്രതിഷ്ഠയോ ഇല്ലാത്ത ഇവിടെ ആൽത്തറയെ (മണ്ഡപം) ആരാധനാമൂർത്തിയായി സങ്കൽപിച്ച് ആരാധന നടത്തുന്നു. മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ജാതിമത ഭേദമന്യേ ഏതൊരു വിശ്വാസിക്കും ഇവിടെ പ്രര്‍ത്ഥിക്കാനുള്ള അവകാശവുമുണ്ട്. ഇന്നലെ നടന്ന ദുര്യോധന ക്ഷേത്രത്തിലെ മലക്കുട ഉത്സവത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയത് അരുണ്‍ കടയ്ക്കല്‍.
101 കൌരവരിലെ മൂത്തയാളും കൌരവ പടയുടെ തലവനുമാണ് ദുര്യോധനന്‍. വിഷ്ണുവിന്‍റെ അവതാരമായ കൃഷ്ണന് എതിര്‍ ചേരിയിലാണ് കൌരവരെന്നതിനാല്‍ കൌരവരെ ഹിന്ദുമത വിശ്വാസികള്‍ സാധാരണയായി ആരാധിക്കാറില്ല.
എന്നാല്‍, ദക്ഷിണേന്ത്യയിലെ ഏക ദുര്യോധനാ ക്ഷേത്രമായ ഇവിടെ കേരളത്തില്‍ ഭൂമിക്ക് കരം പിരിക്കുന്ന കാലം മുതല്‍ പാട്ടാധാരത്തിന്‍റെ സ്ഥാനത്ത് ദുര്യോഘനനന്‍ എന്ന പേര് ചേര്‍ത്താണ് മലനടക്കാര്‍ ക്ഷേത്രത്തിന് നികുതി അടച്ച് തുടങ്ങിയത്. അക്കാലം മുതല്‍ ക്ഷേത്രം ദുര്യോധന ക്ഷേത്രമെന്നും അറിയപ്പെടുന്നു.
മലക്കുട എഴുന്നെള്ളത്തും കെട്ടുകാഴ്ചയും പ്രധാന കാഴ്ചയായ ഉത്സവത്തിന് പനപ്പെട്ടി, കമ്പലടി, നടുവിലേമുറി, പളളിമുറി, അമ്പലത്തുംഭാഗം, വടക്കേമുറി എന്നീ കരകളിൽ നിന്നും കൂറ്റൻ എടുപ്പ് കുതിരകളും ഇടയ്ക്കാട് കരയിൽ നിന്നും എടുപ്പ് കാളയും കൂടാതെ ചെറുതും വലുതുമായ നിരവധി കെട്ടുരുപ്പടികളും വർണ്ണശബളമായ മലക്കുട കെട്ടുകാഴ്ചയ്ക്ക് മിഴിവേകും.
ക്ഷേത്രത്തിന്‍റെ തെക്കും പടിഞ്ഞാറും വിശാലമായ നെൽപാടങ്ങളും വടക്കും കിഴക്കും കൃഷിഭൂമിയുമാണ്. ഇതിന് നടുക്ക് മനോഹരമായ മലമുകളിലാണ് 'അപ്പൂപ്പൻ' എന്ന സങ്കൽപത്തിൽ ദുര്യോധനൻ കുടികൊള്ളുന്നത്. മലനട അപ്പൂപ്പനെ കാണാന്‍ ദൂരദേശത്ത് നിന്ന് പോലും ആളുകളെത്തുന്നു.
കുറവ സമുദായത്തിൽപ്പെട്ട കടുത്താംശ്ശേരി കുടുംബത്തിലെ ഊരാളിയാണ് നൂറ്റാണ്ടുകളായി ദ്രാവിഡ ആചാരപ്രകാരം ഈ ക്ഷേത്രത്തില്‍ പൂജാകർമങ്ങൾ നടത്തുന്നത്. മലക്കുട മഹോത്സവത്തിന് ഊരാളി കയ്യിലേന്തുന്ന കുട മലനാഥനായ ഊരാളിയുടെ അധികാരത്തിന്‍റെ പ്രതീകമാണ്. കാര്‍ഷികോത്സവവുമായി ബന്ധുപ്പെട്ട ഉത്സവത്തിന് ഭക്തര്‍ കാഴ്ചയായി എത്തിക്കുന്നതും കാര്‍ഷിക വിളകളാണ്.