Russian Military: ഉക്രൈന്‍ അധിനിവേശ റഷ്യന്‍ സൈനിക വാഹനങ്ങളിലെ 'Z' എന്താണ് ?
റഷ്യയുടെ സൈനിക വാഹനങ്ങള്‍ ഉക്രൈന്‍ അതിര്‍ത്തി കടന്നപ്പോള്‍ മുതല്‍ ലോകം ശ്രദ്ധിച്ചിരുന്ന ഒന്നായിരുന്നു ആ വാഹനങ്ങളില്‍ എഴുതിയ 'Z'എന്ന ഇംഗ്ലീഷ് അക്ഷരം. റഷ്യയുടെ പടക്കോപ്പുകളിലും ടാങ്കുകളിലും കവചിത വാഹനങ്ങളിലും വെള്ള നിറത്തില്‍ വലിയ അക്ഷരത്തില്‍ സെഡ് എന്ന് എഴുതി വച്ചിട്ടുണ്ട്. യുദ്ധം നീളുകയും ഉക്രൈന്‍ പ്രതിരോധത്തില്‍ റഷ്യയുടെ നീണ്ട കോണ്‍വേ വാഹനങ്ങള്‍ അഗ്നിക്കിരയാക്കപ്പെട്ടപ്പോഴും സെഡ്ഡ് എന്ന അക്ഷരത്തെ ചൊല്ലി പല കഥകളും ഇറങ്ങി. റഷ്യയുടെ സൈനിക വാഹനങ്ങളില്‍ മാത്രമല്ല റഷ്യന്‍ നഗരങ്ങളിലും തെരുവുകളിലും റഷ്യന്‍ യുവാക്കളുടെ വസ്ത്രങ്ങളിലും സെഡ് എന്ന ചിഹ്നം വ്യാപകമായി കാണപ്പെട്ടത്. എന്താണ് 'സെഡ്' ?
റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെ പിന്തുണയ്ക്കുന്ന പുടിൻ അനുകൂല രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളും മറ്റ് വ്യക്തികളും 'Z' എന്ന അക്ഷരത്തിലുള്ള വസ്ത്രങ്ങളും ബാഡ്ജുകളും വ്യാപകമായി ഉപയോഗിക്കുന്നു.
ലാറ്റിൻ ലിപിയിലുള്ള ഈ ചിഹ്നം റഷ്യൻ ടാങ്കുകളിലും സൈനിക വാഹനങ്ങളിലും ദൂരെ നിന്നേ കാണപ്പെടുന്ന രീതിയിലാണ് വരച്ചിരിക്കുന്നത്. ആ സൈനിക വാഹനങ്ങളാണ് ഇന്ന് ഉക്രൈന്‍ അധിനിവേശത്തിന്‍റെ റഷ്യന്‍ പ്രതീകങ്ങള്‍.
ക്രെംലിൻ ഫണ്ട് ചെയ്യുന്ന ടിവി ചാനലായ റഷ്യ ടുഡേയാണ് 'Z' എന്ന ചിഹ്നത്തിന്‍റെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രചാരകര്‍. 'Z' എന്നെഴുതിയ ടീ ഷര്‍ട്ടുകളും മറ്റ് ഉത്പന്നങ്ങളും വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന പണം 'യുദ്ധത്തിന്‍റെ കുട്ടികളെ' പിന്തുണയ്ക്കുന്ന ഒരു ചാരിറ്റിക്കാണ് നല്‍കുന്നതെന്ന് റഷ്യ ടുഡേ അവകാശപ്പെടുന്നു.
വിദേശ ഏജന്‍റായി പ്രവർത്തിച്ചതിന് 2018-ൽ യുഎസിൽ ശിക്ഷിക്കപ്പെട്ട റഷ്യൻ എംപി മരിയ ബുട്ടിന 'Z' എന്നെഴുതിയ ടീ ഷർട്ടിൽ തന്‍റെയും സഹപ്രവർത്തകരുടെയും ഒരു ചിത്രം സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത് റഷ്യയില്‍ ഏറെ പേര്‍ പങ്കിട്ടു. ഇതോടെ എന്താണ് 'Z' എന്ന ചിഹ്നം കൊണ്ട് റഷ്യ ഉദ്ദേശിക്കുന്നതെന്ന് ചോദ്യം വ്യാപകമായത്.
'ഞങ്ങളെ പിന്തുണയ്ക്കുന്ന ടീം സൈന്യവും പ്രസിഡന്‍റും ! നമുക്ക് ജോലിയിൽ പ്രവേശിക്കാം ! യുദ്ധത്തിൽ. അതെ, ഞങ്ങൾക്ക് ഉക്രൈനില്‍ ഒരു പ്രത്യേക ഓപ്പറേഷൻ ഉണ്ട്. പക്ഷേ, ഞങ്ങൾക്ക് പടിഞ്ഞാറുമായി ഒരു യുദ്ധമുണ്ട്.' എന്ന് മരിയ ബുട്ടിന ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നല്‍കി.
തുറമുഖ നഗരമായ മരിയുപോളിനെ സൈന്യം നശിപ്പിക്കുകയും യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സാഫോറീസിയയും പിടിച്ചെടുത്ത് റഷ്യയുടെ യുദ്ധം പതിനൊന്നാം ദിവസത്തിലേക്ക് നീളുന്നതിനിടെയാണ് മരിയ ബുട്ടിന സാമൂഹിക മാധ്യമത്തില്‍ തന്‍റെ ചിത്രം പങ്കുവച്ചത്.
'Z'യുക്രൈനിയന്‍ ടാങ്കുകളും കവചിത വാഹനങ്ങളില്‍ നിന്നും തങ്ങളുടെ ടാങ്കുകളെ തിരിച്ചറിയനാണ് ഇതെന്നാണ് പ്രതിരോധ രംഗത്തെ ചില വിദഗ്ധര്‍ പറഞ്ഞത്. റഷ്യ പ്രധാനമായും യുദ്ധമുഖത്ത് ഉപയോഗിക്കുന്ന ടി80 എന്ന ടാങ്കുകളാണ്. അതേ സമയം യുക്രൈന്‍ ഉപയോഗിക്കുന്നത് ടി72 ടാങ്കുകളാണ്.
ഇവയുടെ സാമ്യത ഏറെയാണ്. യുദ്ധമുഖത്ത് തെറ്റിദ്ധാരണയുടെ പേരില്‍ സ്വന്തം വാഹനം അക്രമിക്കാനുള്ള സാധ്യത ഇല്ലാതാക്കാനാണ് റഷ്യയുടെ ഈ നീക്കമെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. അതായത്, യുദ്ധത്തിനിടെ റഷ്യന്‍ ടാങ്കുകള്‍ക്കെതിരെ സ്വന്തം ഭാഗത്ത് നിന്നും വെടികൊള്ളാതിരിക്കാനാണ് ഈ നീക്കമെന്ന്.
പലകാലത്ത് നടന്ന യുദ്ധത്തില്‍ പല സൈന്യങ്ങളും ഇത്തരം രീതികള്‍ പയറ്റിയിരുന്നുവെന്നത് ചരിത്രം. രണ്ടാം ലോക മഹായുദ്ധ കാലത്ത് അമേരിക്ക തങ്ങളുടെ യുദ്ധ വിമാനങ്ങളില്‍ ബ്ലാക്ക് ആന്‍റ് വൈറ്റ് വരകള്‍ വരച്ചാണ് ആക്രമണങ്ങള്‍ നടത്തിയിരുന്നത്.
സഖ്യസേനയുടെ വിമാനഭേദ തോക്കുകള്‍ക്ക് ശത്രുവിനെ മാറിപ്പോകാതിരിക്കാനായിരുന്നു ഇത്. ഇത് പോലെ തന്നെ ഗള്‍ഫ് യുദ്ധകാലത്ത് യുഎസ് സേനയുടെ സൈനിക വാഹനങ്ങള്‍ക്ക് 'വി' എന്ന അടയാളം അമേരിക്ക ഉപയോഗിച്ചിരുന്നു.
എന്നാല്‍ റഷ്യയുടെ വാഹനങ്ങളിലെയും ടാങ്കുകളിലെയും സെഡ് (Z) ചിഹ്നം 'ഫ്രണ്ട്ലി ഫയര്‍' എന്ന സ്വന്തം ഭാഗത്ത് നിന്നുള്ള വെടി ഇല്ലാതാക്കാനാണെന്ന വാദം ചില പ്രതിരോധ വിദഗ്ധര്‍ തള്ളിക്കളയുന്നു. ഒരിക്കലും ഇത്തരം ഒരു ചിഹ്നം ഇട്ടാല്‍ റഷ്യയുടെ കീഴില്‍ നടക്കുന്ന വ്യോമാക്രമണത്തില്‍ സംഭവിച്ചേക്കാവുന്ന 'ഫ്രണ്ട്ലി ഫയര്‍' തടയാന്‍ സാധിക്കില്ലെന്നാണ് അവരുടെ അഭിപ്രായം.
റഷ്യ ഉപയോഗിക്കുന്ന സുഖോയ് വിമാനങ്ങളുടെ വേഗയില്‍ ഇത്തരം വാഹനങ്ങളെ തിരിച്ചറിയാന്‍ സാധിച്ചേക്കില്ല. അതേ സമയം ആര്‍ട്ടലറി യൂണിറ്റുകളെ സഹായിക്കാന്‍ ഇത്തരം ചിഹ്നങ്ങള്‍ക്ക് കഴിയുമെന്നും അവര്‍ പറയുന്നു.
പക്ഷേ, ചില പാശ്ചത്യ മാധ്യമങ്ങള്‍ മറ്റൊരു സാധ്യതയാണ് സെഡ് (Z) ചിഹ്നത്തിലൂടെ റഷ്യ ഉദ്ദേശിക്കുന്നത് എന്നാണ് പറയുന്നത്. ചില സെഡ് (Z) ചിഹ്നം വൃത്തത്തിലും, ചിലത് വൃത്തമില്ലാതെയുമാണ്. അത് ഒരോ റെജിമെന്‍റിന്‍റെ ദൌത്യവുമായി ബന്ധപ്പെട്ടതായിരിക്കാം എന്നാണ് ഒരു കണ്ടെത്തല്‍. അല്ലെങ്കില്‍ ഇവരുടെ മുന്നേറ്റം ഏത് തരത്തില്‍ വേണമെന്ന സൂചനയായിരിക്കാമെന്ന് രാജ്യന്തര പ്രതിരോധ വിദഗ്ധന്‍ ക്യാപ്റ്റന്‍ റോബ് ലീ പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യയ്ക്ക് വിവിധ സൈനിക ട്രൂപ്പുകളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഇസ്റ്റേണ്‍ മിലിറ്ററി ഡിസ്ട്രിക്റ്റ് (Eastern Military District). ഈ കിഴക്കന്‍ മേഖല സൈന്യത്തിന്‍റെ ചിഹ്നമാണ് 'Z'. ഉക്രൈന്‍ അധിനിവേശത്തിന് നേതൃത്വം നല്‍കുന്നത് ഈ ട്രൂപ്പാണ്.
ഇസ്റ്റേണ്‍ മിലിറ്ററി ഡിസ്ട്രിക്റ്റിന്‍റെ ചിഹ്നം അവരുടെ സൈനിക വാഹനങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. അതോടൊപ്പം മറ്റ് സൈനിക ട്രൂപ്പുകളെയും റഷ്യ ഉക്രൈനിലേക്ക് അയച്ചിട്ടുണ്ട്. 2014 ല്‍ റഷ്യ ഉക്രൈനില്‍ നിന്ന് പിടിച്ചെടുത്ത ക്രിമിയയിലെ സൈനിക ട്രൂപ്പിന്‍റെ (Forces from Crimea) ചിഹ്നം 'സമചതുരത്തിനുള്ളിലെ Z' എന്ന അക്ഷരമാണ്.
റഷ്യയുടെ സഖ്യശക്തിയായ ബലാറൂസിന്‍റെ സൈനിക വാഹനങ്ങളില്‍ (Forces from Belarus) 'വൃത്ത'മാണ് ഉപയോഗിക്കുന്നത്. ഉക്രൈനിലേക്ക് വടക്ക് പടിഞ്ഞാറന്‍ മേഖലയിലൂടെ കടന്നുകയറിയ ബലാറൂസിന്‍റെ സൈനിക വാഹനങ്ങളില്‍ ഈ ചിഹ്നമാണ് ഉപയോഗിച്ചിരിക്കുന്നത്.
റഷ്യന്‍ നാവിക സേനയുടെ (Naval Infantry) ചിഹ്നം 'V'ആണെങ്കില്‍ റഷ്യയുടെ സായുധ കൊലയാളി സംഘങ്ങളായ ചെചെന്‍സ് ഹിറ്റ് ഗ്രൂപ്പ് (Kadyrov's Chechens) 'X'എന്ന ചിഹ്നവും ആല്‍ഫാ ഗ്രൂപ്പ് സ്പെഷല്‍ ഫോഴ്സ് (Alpha Group Special forces) 'A' എന്ന ചിഹ്നവുമാണ് ഉപയോഗിക്കുന്നത്.
തങ്ങളുടെ സ്വന്തം സൈനികര്‍ക്ക് രാജ്യത്തെ മറ്റ് ട്രൂപ്പുകളെ യുദ്ധമുഖത്ത് തിരിച്ചറിയുന്നതിനും വിവിധ മേഖലകളില്‍ ഏതൊക്കെ ട്രൂപ്പുകളാണ് യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാക്കാനുമാണ് ഇത്തരം തന്ത്രങ്ങള്‍ യുദ്ധമുഖത്ത് ഉപയോഗിക്കുന്നത്.
ഉക്രൈന് നേരെ വടക്ക് പടിഞ്ഞാറ് നിന്ന് ബലാറൂസ് സൈന്യമാണ് അക്രമണം നടത്തുന്നതെങ്കില്‍ തലസ്ഥാനമായ കീവിന് വടക്ക് നിന്നും കിഴക്കു നിന്നും കടന്നുവന്നത് ഇസ്റ്റേണ്‍ മിലിറ്ററി ഡിസ്ട്രിക്റ്റാണ്. തെക്ക് നിന്നുള്ള അക്രമണത്തിന് നേതൃത്വം നല്‍കുന്നത് ഇസ്റ്റേണ്‍ മിലിറ്ററി ഡിസ്ട്രിക്റ്റും ക്രിമിയയിലെ സൈനിക ട്രൂപ്പുമാണ്.