ആര്യ നൽകിയ മനോഹര സമ്മാനം; സാരി അഴകിൽ സുന്ദരിയായി ഭാവന; ചിത്രങ്ങൾ
മലയാളികളുടെ പ്രിയതാരമാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രമായി എത്തി സിനിമാ മേഖലയിൽ തന്റേതായൊരു സ്ഥാനം സ്വന്തമാക്കിയ നടി, ഇന്ന് തെന്നിന്ത്യയിലെ തന്നെ പ്രിയ നായികയാണ്. ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ഭാവന ഇപ്പോൾ. സമൂഹമാധ്യമങ്ങളിൽ സജീവമായ ഭാവന പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
നടിയും അവതാരകയുമായ ആര്യ സമ്മാനമായി നൽകിയ സാരിയാണ് ഭാവന ചിത്രത്തിൽ ധരിച്ചിരിക്കുന്നത്. നീല പട്ടുസാരിയിൽ മനോഹരിയായി താരത്തെ കാണാനാകും. സാരി സമ്മാനിച്ചതിന് ആര്യയ്ക്ക് ഭാവന നന്ദിയും അറിയിച്ചിട്ടുണ്ട്.
ശബരിനാഥിന്റെ സ്റ്റൈലിങ്ങിൽ തിളങ്ങിയ ഭാവനയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് അക്ഷയ് കുമാറാണ്. അതിസുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.
'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നത്. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്.
സംവിധായകന് ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് രചനയും. സംവിധായകൻ തന്നെയാണ് എഡിറ്റിംഗും. അരുണ്‍ റുഷ്ദി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമാകുന്നുണ്ട്. ഭദ്രന്റെ 'ഇഒ' എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ൻ നിഗം ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്.
2018 ജനുവരി 22 നായിരുന്നു കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീൻ ഭാവനയെ താലിച്ചാർത്തിയത്. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്.
അടുത്തിടെ മഞ്ജുവാര്യർ ഭാവനയെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടിയിരുന്നു. കരുത്തിന്റെ പ്രതീകമാണ് ഭാവനയെന്നാണ് മഞ്ജു വാര്യർ പറഞ്ഞത്. അതിജീവനം എന്ന വാക്കിന്റെ ഉത്തമ ഉദാഹരണമാണ് ഭാവന. തന്റെ ജീവിതത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സൗഹൃദം ആണ് അതെന്നും മഞ്ജു വാര്യർ പറഞ്ഞിരുന്നു. കൊച്ചിയിൽ സ്വകാര്യ സ്ഥാപനം നടത്തിയ ക്യാൻസർ ബോധവത്കരണ ക്യംപെയ്ൻ പരിപാടിയിൽ ആയിരുന്നു മഞ്ജുവിന്റെ പ്രതികരണം.