വീണ്ടും നിഗൂഢ ലോഹ സ്തൂപം, ഇത്തവണ ഇംഗ്ലണ്ടില്‍.!
ലോഹതൂണുകളുടെ നിഗൂഢതയിലാണ് ലോകം ഇപ്പോള്‍. യൂട്ടായില്‍ പ്രത്യക്ഷപ്പെടുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്ത സ്തൂപത്തിന്റെ അവ്യക്തത മായും മുന്നേ ഇതാ വീണ്ടും അത്തരമൊരു സംഭവം. ഇത്തവണ ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരത്ത് ഐല്‍ ഓഫ് വൈറ്റിലാണ് യൂട്ടായില്‍ കണ്ടതിനു സമാനമായ രൂപം കണ്ടെത്തിയിരിക്കുന്നത്.
വിദൂര തെക്കുകിഴക്കന്‍ യൂട്ടയിലെ ചുവന്ന പാറകള്‍ക്കിടയില്‍ കഴിഞ്ഞ മാസം 10 അടി ഉയരമുള്ള വെള്ളി ഘടന പ്രത്യക്ഷപ്പെട്ടതു ലോകം ആശ്ചര്യത്തോടെയാണ് കണ്ടത്. അന്നു മുതല്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന ഇത്തരം ആര്‍ട്‌സിറ്റിക്ക് ശില്‍പ്പങ്ങള്‍ പലയിടത്തു നിന്നും അതിവേഗം നീക്കം ചെയ്യപ്പെട്ടു.
റൊമാനിയന്‍ വനത്തിലും കാലിഫോര്‍ണിയന്‍ പര്‍വതനിരയിലും ഇത്തരം ശില്‍പ്പ ഘടനകള്‍ കണ്ടെത്തിയെങ്കിലും അതെല്ലാം തന്നെ വന്നയുടന്‍ അപ്രത്യക്ഷമായി.
അതേസമയം, ഈ വാരാന്ത്യത്തില്‍ നെതര്‍ലാന്‍ഡില്‍ സമാനമായ ഒരു ശില്‍പ്പം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഐല്‍ ഓഫ് വൈറ്റിന്റെ തെക്കുപടിഞ്ഞാറന്‍ തീരത്തുള്ള കോംപ്റ്റണ്‍ ബീച്ചിലാണ് ഇപ്പോള്‍ അത്ഭുതശില്‍പ്പം കാണപ്പെട്ടത്.
'ഞാനും ഭാര്യയും ഞങ്ങളുടെ നായയ്‌ക്കൊപ്പം അവധിദിവസം ചിലവഴിക്കുന്നതിനിടെയാണ് കടല്‍ത്തീരത്ത് ഇത്തരമൊരു മോണോലിത്ത് കണ്ടത്,' പ്രദേശവാസിയായ ലീ പെഖാം സിഎന്‍എന്നിനോട് പറഞ്ഞു. 'ഞങ്ങള്‍ ഇതിനെക്കുറിച്ച് കേട്ടിട്ടില്ല, എന്നാല്‍ മറ്റുള്ളവര്‍ ഇത് കാണാന്‍ അത്ഭുതത്തോടെ ഇവിടേക്ക് വരാന്‍ തുടങ്ങി. അപ്പോഴാണ് ഇത്തരമൊരു മോണോലിത്തിനെ ഞങ്ങള്‍ തിരിച്ചറിഞ്ഞത്.'
അദ്ദേഹം പറഞ്ഞു. എന്നാല്‍ മറ്റ് നിഗൂഢശില്‍പ്പങ്ങളെപ്പോലെ തന്നെ, ഇത് എവിടെ നിന്നാണ് വന്നതെന്ന് പ്രദേശവാസികള്‍ക്ക് യാതൊരു ഉറപ്പുമില്ല. 'അത് എങ്ങനെയാണ് ഇവിടെയെത്തിയതെന്ന് എനിക്കറിയില്ല, കൂടാതെ നാട്ടുകാര്‍ക്ക് എന്തെങ്കിലും കഥകള്‍ ഇതിനെക്കുറിച്ച് പറയാനുണ്ടെന്നും എനിക്ക് തോന്നുന്നില്ല. കാരണം, ഇതിനു മുന്‍പ് ഞങ്ങളാരും ഇതിനെക്കുറിച്ച് കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല. ഇത് കൂടുതല്‍ രസകരമായ വിനോദമാണ്,' അദ്ദേഹം പറഞ്ഞു.
മോണോലിത്ത് കണ്ടെത്തിയ കടല്‍ത്തീരത്തിന്റെ ഭാഗമായ നാഷണല്‍ ട്രസ്റ്റിന്റെ വക്താവ് വ്യക്തമാക്കിയത്, ആരാണ് ഇത് സ്ഥാപിച്ചതെന്ന് സംഘടനയ്ക്ക് അറിയില്ലെന്നാണ്. 'ഇതു കണ്ടെത്തിയ ദിവസം വരെ മോണോലിത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു, സംഭവമറിഞ്ഞയുടന്‍ കോംപ്റ്റണ്‍ ബീച്ച് സന്ദര്‍ശിച്ച ഞങ്ങള്‍ക്കു മനസ്സിലാവുന്നത്, ഇതൊരു ശില്‍പ്പമാണെന്നാണ്. തടിയിലാണ് നിര്‍മ്മാണം, പ്ലാസ്റ്റിക്ക് അല്ലെങ്കില്‍ പെര്‍പെക്‌സ് മെറ്റീരിയലുകളുടെ മിറര്‍ ചെയ്ത ഭാഗങ്ങളും കാണാം,' വക്താവ് പറഞ്ഞു.
ഇപ്പോഴും ഇതിനെക്കുറിച്ച് വിലയിരുത്തുന്നതിനാല്‍ ഇത് നീക്കംചെയ്യാന്‍ ഞങ്ങള്‍ക്ക് ഉടനടി പദ്ധതികളൊന്നുമില്ല. എന്നാല്‍ ബീച്ച് സുരക്ഷിതമായി നിലനിര്‍ത്താനും ഇതു കാണാനെത്തുന്ന സന്ദര്‍ശകരുടെ തിരക്ക് വര്‍ദ്ധിക്കാതെയിരിക്കാനും ഞങ്ങള്‍ ഇത് നിരീക്ഷിക്കുകയാണ്, 'അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്ലോബ്‌ട്രോട്ടിംഗ് വെള്ളി സ്തൂപങ്ങള്‍ സ്ഥാപിച്ചതിന് പിന്നില്‍ ആരാണെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ സാന്താ ഫെയിലുള്ള ആര്‍ട്ട് കളക്റ്റീവായ ദി മോസ്റ്റ് ഫേമസ് ആര്‍ട്ടിസ്റ്റ്, 10 അടി സ്തൂപത്തെ അതിന്റെ വെബ്‌സൈറ്റില്‍ 45,000 ഡോളറിന് വില്‍ക്കാന്‍ പരസ്യം നല്‍കിയിരുന്നു. ഇപ്പോഴുമിത് വില്‍ക്കുന്നതിനായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഐല്‍ ഓഫ് വൈറ്റിന്റെ ഏകശിലയ്ക്ക് ഉത്തരവാദികളാണോയെന്ന് വ്യക്തമാക്കുന്നതിന് സിഎന്‍എന്‍ ഇതിലെ ഏറെ പ്രശസ്തനായ ആര്‍ട്ടിസ്റ്റിന് ഇമെയില്‍ അയച്ചുവെങ്കിലും ഇതുവരെ അതിനെ സംബന്ധിച്ച സ്ഥിരീകരണമൊന്നുമില്ല. അതുവരെ ഇതും ഒരു ദൂരൂഹതയായി തുടരുമെന്നുറപ്പായി.