കടല്‍വെള്ളത്തിലും കൊവിഡ് 19 ന്‍റെ സാന്നിധ്യം കണ്ടെത്തി ശാസ്ത്രലോകം
കടല്‍വെള്ളത്തിലും കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തി ഗവേഷകര്‍. കൊവിഡ് 19 വൈറസ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ബീച്ചുകളിലെ വെള്ളത്തിലും നോവല്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതായി മിനസോട്ടയിലെ ഗവേഷകര്‍. ഇത് ആദ്യമായാണ് കടല്‍ വെള്ളത്തില്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തുന്നത്. അമേരിക്കയിലെ മിനസോട്ട സര്‍വ്വകലാശാലയിലെ മെഡിക്കല്‍ സ്കൂളിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍.
കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഈ ഗവേഷകര്‍ സുപ്പീരിയര്‍ തടാകം അടക്കമുള്ള ജലസ്ത്രോതസ്സുകളില്‍ നിന്ന് കൃത്യമായ ഇടവേളകളില്‍ വെള്ളം ശേഖരിച്ച് പരിശോധന നടത്തിയിരുന്നു.
സുപ്പീരിയര്‍ തടാകത്തിന് പുറമേ മിനസോട്ടയിലെ എട്ട് പ്രധാന ബീച്ചുകളില്‍ നിന്നുള്ള വെള്ളവും ഇവര്‍ ശേഖരിച്ചിരുന്നു. ബ്രൈറ്റണ്‍ ബീച്ച്, 42 അവന്യൂ ഈസ്റ്റ് ബീച്ച്, ഫ്രാങ്ക്ളിന്‍ പാര്ക്ക് ബീച്ച്, വീഫ് എറിക്സണ്‍ പാര്‍ക് ബീച്ച് എന്നിവയില്‍ നിന്നുള്ള സാംപിളുകളിലാണ് നോവല്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്.
സെപ്തംബര്‍ 11നും സെപ്തംബര്‍ 18 നു ഇടയില്‍ ശേഖരിച്ച സാംപിളുകളിലാണ് കൊറോണ വൈറസിനെ കണ്ടെത്തിയത്. എന്നാല്‍ കടല്‍ വെള്ളത്തിലൂടെ വൈറസ് പകരുമെന്നതിനേക്കുറിച്ച് ഇതുവരെയും സ്ഥിരീകരണമില്ലെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ ഈ പ്രദേശങ്ങളില്‍ അടുത്തിടെ കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നില്‍ ഈ വെള്ളത്തിന് പങ്കുണ്ടോയെന്ന പരിശോധനയിലാണ് ഗവേഷകരുള്ളത്.
ഒരു ലിറ്റര്‍ വെള്ളത്തില്‍ 100 മുതല്‍ 1,000 വരെ വൈറസ് കോപ്പികളാണ് കണ്ടെത്തിയത്. ഇത് മലിനജലത്തില്‍ കണ്ടെത്തുന്ന വൈറസ് സാന്നിധ്യത്തിനേക്കാളും 10,000 തവണ അധികമാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ശുചിമുറികളില്‍ നിന്നും കൊവിഡ് രോഗികളുടെ കക്കൂസ് മാലിന്യങ്ങളിലും വൈറസ് സാന്നിധ്യം കണ്ടെത്താറുണ്ട്. ശുചീകരണ പ്ലാന്‍റുകളിലേക്ക് പോവുന്ന അഴുക്കുവെള്ളത്തിലും വൈറസ് സാന്നിധ്യമുണ്ടാവാറുണ്ട്.
എന്നാല്‍ കടലില്‍ നീന്താനെത്തിയ കൊവിഡ് ബാധിച്ചവരില്‍ നിന്നാവാം വൈറസ് വെള്ളത്തിലെത്തിയതെന്ന നിരീക്ഷണമാണ് ഡുലത്തിലെ മെഡിക്കല്‍ സ്കൂളിലെ അസിസ്റ്റന്‍റ് പ്രൊഫസറായ ഡോ റിച്ചാര്‍ഡ് മെല്‍വിനുള്ളത്.
കൊവിഡ് ലക്ഷണം കാണിക്കാത്തവരില്‍ പോലും കൊവിഡ് വൈറസ് സാന്നിധ്യമുണ്ടാകാറുണ്ടെന്നും റിച്ചാര്‍ഡ് മെല്‍വിന്‍ വിശദമാക്കുന്നു.
മനുഷ്യരുടെ ഇടപെടലുകള്‍ കടല്‍ വെള്ളത്തിലും മാലിന്യം പരത്തിയിട്ടുണ്ടാവാമെന്നും ഇതിലൂടെയാവാം വൈറസ് വെള്ളത്തില്‍ വ്യാപിച്ചതെന്നുമാണ് ഡോക്ടര്‍ വിലയിരുത്തുന്നത്.
ഇ കൊളൈ, സാല്‍മൊണെല്ല ബാക്ടീരിയകളെപ്പോലെ ജലത്തിലൂടെ കൊവിഡ് വൈറസ് പടരുന്നതിന്‍റെ സാധ്യതകളേക്കുറിച്ചാണ് വിദഗ്ധര്‍ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ നോവല്‍ കൊറോണ വൈറസ് ജലത്തിലൂടെ പകരുന്ന രോഗമല്ലെന്നാണ് സെന്‍റര്‍ ഫോര്‍ ഡിസീസെസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വിശദമാക്കുന്നത്.
ശുദ്ധജലത്തിലെ വൈറസ് സാന്നിധ്യം കണ്ടെത്താനായാല്‍ പെട്ടന്നുണ്ടായ കൊവിഡ് വ്യാപനത്തിന്‍റെ കാരണം കണ്ടെത്താനുള്ള വിലയിരുത്തലിലാണ് വിദഗ്ധര്‍.
ഇക്കാര്യത്തില്‍ സ്ഥിരീകരണം വരുന്നത് വരെ കടലില്‍ ഇറങ്ങരുതെന്നും സാമൂഹ്യ അകലം പാലിച്ച് മാസ്ക് ധരിച്ച് പുറത്തിറങ്ങാന്‍ പാടുള്ളൂവെന്ന് നിലപാട് കടുപ്പിച്ചിരിക്കുകയാണ് മിനസോട്ടയിലെ അധികൃതര്‍.