എട്ട് നിലകളില്‍ ആഡംബര വിളക്ക് പോലൊരു വെഡിംഗ് കേക്ക്, നിര്‍മാണത്തിന് 3 വര്‍ഷം
വിവാഹ ദിനത്തില്‍ വ്യത്യസ്തത തേടി ഏതറ്റം വരെ പോകാന്‍ തയ്യാറാകുന്നവര്‍ക്ക് മുന്‍പില്‍ മലേഷ്യയില്‍ നിന്നൊരു അടിപൊളി ഐഡിയ. മലേഷ്യന്‍ സിനിമാ താരങ്ങളായ അയ്മാന്‍ ഹക്കീമും സാഹിറ മാക് വില്‍സനുമാണ് ഈ അടിപൊളി ആശയത്തിന് പിന്നില്‍.
വിവാഹ ദിനത്തില്‍ വ്യത്യസ്തത തേടി ഏതറ്റം വരെ പോകാന്‍ തയ്യാറാകുന്നവര്‍ക്ക് മുന്‍പില്‍ മലേഷ്യയില്‍ നിന്നൊരു അടിപൊളി ഐഡിയ. മലേഷ്യന്‍ സിനിമാ താരങ്ങളായ അയ്മാന്‍ ഹക്കീമും സാഹിറ മാക് വില്‍സനുമാണ് ഈ അടിപൊളി ആശയത്തിന് പിന്നില്‍.
മൂന്ന് വര്‍ഷമെടുത്ത് നിര്‍മ്മിച്ച ഈ അടിപൊളി സര്‍പ്രൈസ് അതിഥികളുടെ മാത്രമല്ല ലോകത്തിന്‍റെ മുഴുവന്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
വെഡിംഗ് കേക്കിലാണ് അയ്മാനും സാഹിറയും സര്‍പ്രൈസ് ഒളിപ്പിച്ചത്. വിവാഹ ശേഷം ദമ്പതികള്‍ വിരുന്നിനെത്തുമ്പോള്‍ വേദിയില്‍ എവിടേയും ഒരു കേക്ക് കാണാനില്ലായിരുന്നു. അതിമനോഹരമായി അലങ്കരിച്ച ഹാളിലേക്ക് നവദമ്പതികള്‍ നടന്നെത്തി. എന്നിട്ടും വേദിയില്‍ കേക്ക് എത്തിയില്ല.
അങ്ങോട്ടും ഇങ്ങോട്ടും നോക്കിയ ബന്ധുക്കളെ ഞെട്ടിച്ചുകൊണ്ടാണ് ഹാളിലെ ആ വിളക്ക് താഴേക്ക് വീഴാന്‍ തുടങ്ങിയത്. അമ്പരന്ന് നിന്ന ബന്ധുക്കള്‍ അപ്പോഴാണ് തിരിച്ചറിയുന്നത് അതുവരെ ഹാളില്‍ പ്രകാശം പരത്തി നിന്ന് പടുകൂറ്റന്‍ ആഡംബര വിളക്കുകളില്‍ ഒന്ന് വെഡിംഗ് കേക്ക് ആയിരുന്നെന്ന്.
ആഹ്ളാദ സൂചകമായി നീണ്ട കരഘോഷം മുഴങ്ങി. ഇതിനിടയില്‍ വധുവിന് വിളക്കില്‍ നിന്നൊരു ഭാഗം വരന്‍ മുറിച്ച് നല്‍കി. വിളക്കല്ലെന്ന് അപ്പോള്‍ പോലും വിശ്വസിക്കാന്‍ പറ്റാത്ത നിലയിലായിരുന്നു ബന്ധുക്കള്‍ അപ്പോഴും.
ലിലി ആന്‍ഡ് ലോല എന്ന കേക്ക് നിര്‍മ്മാതാക്കളാണ് അയ്മാന്‍റെയും സാഹിറയുടേയും വേറിട്ട ആശയം സാക്ഷാല്‍കരിച്ചത്. എന്നാല്‍ മൂന്ന് വര്‍ഷമെടുത്താണ് കേക്കിന്‍റെ നിര്‍മാണം.
ആഡംബര വിളക്കിന്‍റെ രൂപത്തിലുള്ള കേക്കിന്‍റെ നിര്‍മ്മാണം എളുപ്പമായിരുന്നു. എന്നാല്‍ അത് ഉത്തരത്തില്‍ നിന്ന് തൂക്കി നിര്‍ത്തുന്ന നിലയില്‍ സജീകരിക്കാനാണ് ഇത്രയധികം സമയമെടുത്തത്.
വിവാഹം നടക്കുമ്പോഴാണ് കേക്കിന്‍റെ പണി പൂര്‍ത്തിയായതെന്ന് നിര്‍മാതാക്കളായ ലിലി ആന്‍ഡ് ലോല പറയുന്നു. ഒരു മാജിക് പോലെയാണ് കേക്ക് മുകളില്‍ നിന്ന് ഇറങ്ങി വന്നതെന്ന് ദമ്പതികളു പറയുന്നു.
എട്ട് നിലകളിലായാണ് വനില കേക്ക് നിര്‍മിച്ചത്. വിളക്കാണെന്ന സംശയം ഒരുതരത്തിലും ആര്‍ക്കും തോന്നാത്ത രീതിയിലായിരുന്നു കേക്കിന്‍റെ നിര്‍മാണം.
കേക്കിന്‍റെ നിര്‍മാണം എളുപ്പമാണ് എന്നാല്‍ അത് തൂക്കി നിര്‍ത്താനും ദമ്പതികള്‍ക്ക് മുന്നിലേക്ക് തകരാറ് കൂടാതെ ഇറങ്ങി വരാനുള്ള സംവിധാനമൊരുക്കാനായിരുന്നു മൂന്ന് വര്‍ഷമെടുത്തതെന്ന് ലിലി ആന്‍ഡ് ലോലയുടെ സ്ഥാപക ലിലി ഉസ്മാന്‍ പറയുന്നു.
നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഈ കേക്കിലേക്ക് എത്തിയതെന്നും ലിലി പറയുന്നു. എന്തെങ്കിലും അബദ്ധം സംഭവിച്ചാല്‍ അത് മാരകമായ നാണക്കേടിലേക്ക് പോവുമെന്നത് ഉറപ്പുള്ളതിനാല്‍ അത്ര സൂക്ഷ്മമായാണ് കേക്ക് നിര്‍മ്മിച്ചത്.