അമിതവണ്ണം കുറയ്ക്കാന്‍ ഡയറ്റിലാണോ? ഈ ഭക്ഷണസാധനങ്ങള്‍ ശീലമാക്കാം...
അമിതവണ്ണം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് എല്ലാവര്‍ക്കും അറിയാം. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളില്‍ പ്രധാനം ഭക്ഷണം തന്നെയാണ്. വിശപ്പിനെ നിയന്ത്രിക്കുന്ന, കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്...
ഇലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുറഞ്ഞ കലോറിയും കൂടുതല്‍ പോഷകഗുണങ്ങളുമുള്ള ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ചീര, ബ്രോക്കോളി, കാബേജ് തുടങ്ങിയവയെല്ലാം വിറ്റാമിനുകളുടെയും മിനറലുകളുടെയും ആന്റി ഓക്‌സിഡന്റുകളുടെയും കലവറയാണ്. ധാരാളം നാരുകള്‍ അടങ്ങിയതിനാലും ഇവ കൂടുതല്‍ സമയം വിശക്കാതിരിക്കാനും സഹായിക്കും. അതുവഴി അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും വണ്ണം കുറയ്ക്കാനും കഴിയും.
രണ്ട്...
ഡയറ്റ് ചെയ്യുന്നവര്‍ ഏതെങ്കിലും ഒരു പഴം മുടങ്ങാതെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. ഓറഞ്ച്, ആപ്പിള്‍, മുന്തിരി, പേരയ്ക്ക, സ്ട്രോബറി എന്നിങ്ങനെ നാരുകളാല്‍ സമൃദ്ധമായ ഏത് പഴവും കഴിക്കാം. പഴങ്ങള്‍ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
മൂന്ന്...
നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. നാരുകള്‍, പ്രോട്ടീന്‍, ആന്റി ഓക്‌സിഡന്‍റുകള്‍ എന്നിവയാല്‍ സമൃദ്ധമാണ് മുഴുധാന്യങ്ങള്‍. അതിനാല്‍ ഗോതമ്പ്, ഓട്‌സ്, ബാര്‍ലി, തുടങ്ങിയ മുഴുധാന്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഏറ്റവും കൂടുതല്‍ നാരുകള്‍ ഉള്ളവയും മുഴുധാന്യങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയിലാണ്.
നാല്...
കടല, ചെറുപയര്‍, സോയ പയര്‍, മുതിര തുടങ്ങിയ പയർ വർഗങ്ങൾ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
അഞ്ച്...
മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് മുട്ട. ഒപ്പം കലോറി വളരെ കുറവുമായതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഭക്ഷണമാണിത്. ഇവ വിശപ്പിനെ കുറയ്ക്കാനും ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാനും സഹായിക്കും.
ആറ്...
ഗ്രീന്‍ ടീ കുടിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങൾ വരെ വ്യക്തമാക്കുന്നുണ്ട്. അഞ്ചില്‍ താഴെ മാത്രം കലോറി അടങ്ങിയിട്ടുള്ള ഗ്രീന്‍ ടീ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തണം.
ഏഴ്...
ഇഞ്ചി, വെളുത്തുള്ളി എന്നിവയും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
എട്ട്...
വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. ദിവസവും എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച മാര്‍ഗം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. കലോറി ഒട്ടുമില്ലാത്ത വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാനും സാധിക്കും. കൂടാതെ വെള്ളം കുടിക്കുന്നത് കൊഴുപ്പിനെ കത്തിച്ചുകളയാനുളള ശരീരത്തിന്റെ കഴിവും കൂട്ടും.
ഒമ്പത്...
മിക്ക അടുക്കളകളിലും സുലഭമമാണ് നാരങ്ങ. കുടവയര്‍ കുറയ്ക്കാൻ നാരങ്ങയ്ക്കുള്ള കഴിവ് എല്ലാവര്‍ക്കുമറിയാം. നാരങ്ങാജ്യൂസ് തേനുമായി ചേർത്ത വെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പത്ത്...
ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റ് ചെയ്യുന്നവര്‍ നട്‌സുകളും സീഡുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ആന്‍റി ഓക്‌സിഡന്റുകളുടെയും മിനറലുകളുടെയും കലവറയാണ് ഇവ. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും അതുവഴി വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.