കേരളത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമോ? ഗുരുതര സാഹചര്യത്തിൽ പരിഹാരമെന്ത്
കൊവിഡ് വ്യാപനം രൂക്ഷമായതോടെ കേരളം അതീവ ഗുരുതര സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രതിദിന കൊവിഡ് കണക്കിൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെല്ലാം ഇന്നലെ കേരളത്തിന് പിന്നിലായിരുന്നു. പതിനൊന്നായിരത്തിലേറെ പുതിയ കേസുകളാണ് ശനിയാഴ്ച സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച രോഗികളുടെ എണ്ണം നേരിയ തോതിൽ കുറഞ്ഞെങ്കിലും 9000 ന് മുകളിലാണ് പുതിയ രോഗികളുടെ എണ്ണം. അതിനിടയിലാണ് കൊവിഡ് വ്യാപനത്തിൽ കേരളത്തില്‍ അതീവ ഗുരുതര സാഹചര്യമെന്നും സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നുമുള്ള ഐഎംഎയുടെ മുന്നറിയിപ്പ് പുറത്തുവരുന്നത്. രോഗവ്യാപനം കുറയാനായി സര്‍ക്കാര്‍ എന്തുചെയ്യുമെന്നതാണ് ഏവരും ഇപ്പോൾ ഉറ്റുനോക്കുന്നത്
ഈ മാസം അവസാനത്തോടെ കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരമായേക്കാമെന്നാണ് ഐഎംഎയുടെ മുന്നറിയിപ്പ്
ഓരോ ദിവസവും ഒരു ലക്ഷത്തിന് മുകളിൽ പരിശോധന നടത്തണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു
സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതൊരിടത്തും ഫലപ്രദമായില്ലെന്നാണ് ഐംഎംഎ ചൂണ്ടിക്കാട്ടുന്നത്
കൊവിഡ് വ്യാപനത്തിന് പരിഹാരമുണ്ടാകാനായി സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് വേണ്ടതെന്ന് ഐഎംഎ ആവശ്യപ്പെടുന്നു
വിരമിച്ച ഡോക്ടർമാരുടെ അടക്കം സേവനം സർക്കാർ ഉപയോഗിക്കണമെന്നും എല്ലാ ആയുധങ്ങളും എടുത്ത് പോരാടേണ്ട സമയമാണിതെന്നും ഡോക്ടർമാരുടെ സംഘടന പറയുന്നു
ഇന്നലെ രോഗം സ്ഥിരീകരിച്ചത് 11755 പേര്‍ക്കാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.46 ശതമാനത്തിലെത്തിയത് ആരോഗ്യവകുപ്പിനെത്തന്നെ ഞെട്ടിച്ചിട്ടുണ്ട്. ഇന്ന് 9347 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു
വ്യാപക ബോധവത്കരണം നടത്തിയിട്ടും സമ്പർക്കത്തിലൂടെയുള്ള രോഗബാധ 90 ശതമാനമാണ്
ഈ സാഹചര്യത്തിലാണ് ആരോഗ്യ അടിയന്തരാവസ്ഥയെന്ന ഐ എം എയുടെ മുന്നറിയിപ്പ് ചര്‍ച്ചയാകുന്നത്
എന്നാൽ സര്‍ക്കാര്‍ ആരോഗ്യ അടിയന്തരാവസ്ഥ പോലുള്ള നീക്കത്തിലേക്ക് കടക്കുമെന്നതിന്‍റെ സൂചനയൊന്നും നൽകിയിട്ടില്ല