കൊവിഡ് 19 ; ഇന്ത്യയില്‍ രോഗികള്‍ 18 ലക്ഷം കടന്നു; കേരളത്തില്‍ മരണപ്പട്ടികയ്ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം
ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,82,36,624 കടന്നു. മരണം ഇന്നത്തോടെ ഏഴ് ലക്ഷം കടക്കുമെന്ന് കണക്കുകള്‍. ഇതുവരെയായി 6,92,822 പേരാണ് ഇതുവരെയായി ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 1,14.46,955 പേര് ഇതുവരെയായി രോഗവിമുക്തി നേടിയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതോടൊപ്പം ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. ഇതുവരെയായി രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 18,05,838 പേര്‍ക്കാണ്. രാജ്യത്ത് ഇതുവരെയായി 38,176 പേര്‍ക്ക് ജീവന് നഷ്ടമായി. 11,88,389 പേര് രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗവ്യാപനം അതിതീവ്രമാകുന്നുവെന്ന സൂചനകളും വന്നു തുടങ്ങി. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,972 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു.
കഴിഞ്ഞ ഒരാഴ്ചയോളമായി രാജ്യത്ത് ഓരോ ദിവസവും 50,000 ത്തിന് മേലെ ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നു. കണക്കുകള്‍ ഇങ്ങനെ പോവുകയാണെങ്കില്‍ ഇന്ത്യ രോഗികളുടെ എണ്ണത്തില്‍ താമസിക്കാതെ ബ്രസീലിനെ മറികടക്കും. എന്നാല്‍ ഇതിനിടെ സംസ്ഥാനത്ത് കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നു. നേരത്തെ സമൂഹവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് സ്ഥലങ്ങളില്‍ ടെസ്റ്റുകളുടെ എണ്ണം കുറച്ചെന്ന ആക്ഷേപങ്ങള്‍ ഉയര്‍ന്നതിന് പുറകേയാണ് മരണനിരക്ക് കുറക്കാനുള്ള ഈ സര്‍ക്കാര്‍ നടപടിയെന്നും ആരോപണമുയരുന്നു. എന്നാല്‍, കൊവിഡ് മരണങ്ങളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പരിഷ്കരിച്ചെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണക്കുകള്‍ ശേഖരിക്കുന്നതെന്നും സര്‍ക്കാറും പറയുന്നു.
യുഎസില്‍ ഇതുവരെയായി 48,13,647 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1,58,365 പേര്‍ക്ക് ജീവന് നഷ്ടമായി. അതോടൊപ്പം 23,80,217 പേര് രോഗമുക്തി നേടി. ബ്രസീലിലാകട്ടെ ഇതുവരെയായി 27,33,677 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 94,130 പേര്‍ക്ക് ജീവന് നഷ്ടമായപ്പോള്‍ 18,84,051 പേര്‍ക്ക് രോഗമുക്തിയുണ്ടായി.
നിലവിൽ ഇന്ത്യയില്‍ 5,79,273 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിൽ ഒമ്പതിനായിരത്തിനും ആന്ധ്രപ്രദേശിൽ എണ്ണായിരത്തിനും മുകളിൽ കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.
കർണ്ണാടകത്തിലും തമിഴ്നാട്ടിലും അയ്യാരിത്തിലേറെ ആളുകൾക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിൽ ആകെ രോഗബാധിതർ എഴുപത്തിയയ്യായിരം കടന്നു.
ഉത്തർപ്രദേശിലും സ്ഥിതി ഗുരുതരമാണ്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോഗ്യനില തൃപ്തികരമാണ്. മന്ത്രിയുമായി സമ്പർക്കത്തിൽ വന്ന പരിസ്ഥിതി സഹമന്ത്രി ബാബുൽ സുപ്രിയോ സ്വയം നിരീക്ഷണത്തിൽ പോയിട്ടുണ്ട്.
കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന് രാജ്സ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടു.
കേരളത്തില്‍ ഇതുവരെയായി 25,911 രോഗികളുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ കണക്ക്. 14,463 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 82 പേര്‍ക്ക് ഇതുവരെയായി സംസ്ഥാനത്ത് ജീവന് നഷ്ടമായി. അതേ സമയം 11,345 സജീവരോഗികളുണ്ട്.
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ രോഗികളും ഏറ്റവും കൂടുതല്‍ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരത്ത് മാത്രം ഇതുവരെയായി 5,129 രോഗികളാണ് സ്ഥിരീകരിച്ചത്.
1668 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 14 പേര്‍ക്ക് ജില്ലയില്‍ ജീവന് നഷ്ടമായെന്നും കണക്കുകള്‍ പറയുന്നു. അതേ സമയം 3443 സജീവ രോഗികളുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
മലപ്പുറമാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ ജില്ല. 2326 പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു. 1396 പേര് രോഗമുക്തി നേടിയപ്പോള്‍ 8 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 919 സജീവ രോഗികളാണ് ജില്ലയില്‍ ഉള്ളത്.
രോഗബാധ വ്യാപനമുള്ള മൂന്നാമത്തെ ജില്ലയാണ് എറണാകുളം. 2050 പേര്‍ക്കാണ് എറണാകുളത്ത് രോഗബാധ സ്ഥിരീകരിച്ചത്. 1119 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 13 മരണവും 914 സജീവ രോഗികളും ജില്ലയിലുണ്ട്.
കാസര്‍കോട് 1908 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 1047 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതുവരെയായി 6 മരണം ജില്ലയില്‍ സ്ഥിരീകരിച്ചപ്പോള്‍ 853 സജീവ രോഗികളുണ്ടെന്നും സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ആലപ്പുഴയില്‍ 1829 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 1097 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ജില്ലയില്‍ 5 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 724 സജീവ രോഗികളാണ് ജില്ലയില്‍ ഉള്ളത്.
കോഴിക്കോട് 1609 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 890 പേര് രോഗമുക്തിനേടി. 8 മരണവും 710 സജീവ രോഗികളും ഉണ്ടെന്ന് കണക്കുകള്‍. കൊല്ലം ജില്ലയില്‍ 1849 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 1256 പേര്‍ക്ക് രോഗമുക്തിയുണ്ടായി 6 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയില്‍ ഇപ്പോഴും 586 സജീവ രോഗികളുണ്ട്.
ഏറ്റവും കുറവ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലകളില്‍ ഒന്നായ കോട്ടയത്ത് 1314 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 741 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഒരു മരണമാണ് ഇതുവരെയായി ജില്ലയില്‍ സ്ഥിരീകരിച്ചത്. 527 സജീവ രോഗികളാണ് ജില്ലിയില്‍ ഉള്ളത്.
പത്തനംതിട്ട ജില്ലയില്‍ 1552 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 999 പേര് രോഗമുക്തി നേടിയപ്പോള്‍. ഒരു മരണം മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 550 സജീവ രോഗികള്‍ ജില്ലയിലുണ്ട്.
തൃശ്ശൂരില്‍ 1591 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1063 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 8 മരണം ഇതുവരെയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തൃശ്ശൂരില്‍ 520 സജീവ രോഗികളുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ആദ്യഘട്ടത്തില്‍ തന്നെ രോഗം സ്ഥിരീകരിച്ചിരുന്ന ജില്ലകളിലൊന്നായ പാലക്കാട് 1796 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1346 പേര് രോഗമുക്തരായപ്പോള്‍ 2 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 447 സജീവ രോഗികള്‍ ജില്ലിയിലുണ്ട്.
രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും മരണനിരക്കില്‍ മുന്നിലുള്ള ജില്ലകളിലൊന്നാണ് കണ്ണൂര്‍. 1408 രോഗികളാണ് ജില്ലിയിലുള്ളത്. 1012 പേര്‍ക്ക് രോഗമുക്തിയുണ്ടായപ്പോള്‍ 7 മരണമാണ് ഇതുവരെയായി ജില്ലയില്‍ രേഖപ്പെടുത്തിയത്. 389 സജീവ രോഗികളും ജില്ലയിലുണ്ട്.
ഇടുക്കിയില്‍ 860 പേര്‍ക്കാണ് ഇതുവരെയായി രോഗം സ്ഥിരീകരിച്ചത്. 496 പേര്‍ക്ക് രോഗമുക്തിയുണ്ടായപ്പോള്‍ 2 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 362 സജീവ രോഗികള്‍ ജില്ലയിലുണ്ട്.
ഏറ്റവും കുറവ് രോഗികളുള്ള കേരളത്തിലെ ജില്ല വയനാടാണ്. 690 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 333 പേര് രോഗമുക്തിനേടി. ഒരു മരണം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയില്‍ 356 സജീവ രോഗികളുണ്ട്.
ഇതിനിടെ കൊവിഡ് മരണക്കണക്കിലേക്ക് കൂടുതല്‍ മരണങ്ങള് രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നതായുള്ള വാര്‍ത്തകളും വരുന്നു. ഇതിനിടെ രോഗവ്യാപനം കൂടിയതോടെ കൊവിഡ് മരണങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെടുന്ന മരണങ്ങളുടെ എണ്ണവും കൂടുകയാണെന്നാണ് റിപ്പോര്‍ട്ട്.
കൊവിഡ് രൂക്ഷമായ ജൂലൈ മാസത്തിൽ മാത്രം 22 മരണങ്ങളാണ് വിവിധ കാരണങ്ങളാൽ കോവിഡ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. മരിച്ചവർ കോവിഡ് ബാധിതരാണെങ്കിലും എല്ലാ കേസുകളിലും മരണ കാരണം കോവിഡായി കാണാനാവില്ലെന്ന മാർഗനിർദേശമനുസരിച്ചാണ് ഇതെന്നാണ് സർക്കാർ വിശദീകരണം.
വിഷയത്തെക്കുറിച്ച് ആരോഗ്യമേഖലയിൽ ഭിന്നാഭിപ്രായം ഉയരുന്നുണ്ട്. കിടപ്പുരോഗിയായിരുന്ന തിരുവനന്തപുരം പുല്ലുവിള സ്വദേശി ട്രീസ മരിച്ചത് ജൂലൈ 22ന്. മരണത്തിന് മുൻപുള്ള ആന്റിജൻ പരിശോധനയിൽ കോവിഡ് പോസിറ്റീവായിരുന്നു. എന്നാൽ ട്രീസയുടെ മരണം ഇതുവരെ കോവിഡ് മരണങ്ങളുടെ പട്ടികയിൽ വന്നിട്ടില്ല.
ആർടിപിസിആർ ഫലം കൂടി കാത്തിരിക്കുകയാണെന്നാണ് പഞ്ചായത്ത് അധികൃതർ വിശദീകരിക്കുന്നത്. 29 ന് ഉണ്ടായ 3 മരണങ്ങളുടെ സ്ഥിരീകരണത്തിനും ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഫലം കൂടി കാത്തിരിക്കുകയാണ്. 26 ന് മരിച്ച കോഴിക്കോട് സ്വദേശി, 27 ന് മരിച്ച പത്തനംതിട്ട സ്വദേശി എന്നിവരുടെ മരണവും ഒഴിവാക്കിയവയിൽപ്പെടുന്നു. ഇരുവരുടെയും മരണം കാൻസർ കാരണമാണെന്നും കോവിഡാണ് മരണ കാരണമെന്ന് കണക്കാക്കാനാകില്ലെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.
ഹൃദ്രോഗികൾ, കാൻസർ, വൃക്കരോഗികളടക്കമുള്ളവർ കോവിഡ് ഗുരുതരമായി ബാധിക്കുന്നവരാണെന്നിരിക്കെ ഈ മരണങ്ങൾ വരെ പട്ടികയിൽ നിന്നൊഴിവാക്കുന്നതിൽ ആരോഗ്യമേഖലയിൽ അഭിപ്രായ ഭിന്നതയുണ്ട്. ഗുരുതരമായ മറ്റ് രോഗങ്ങളുള്ളയാൾ മരിച്ചാലും കൊവിഡ് സ്ഥിരീകരിച്ചത് കൊണ്ടു മാത്രം കൊവിഡ് മരണമാകില്ലെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നത്.
ലോകാരോഗ്യ സംഘനയും ഐസിഎംആറും നൽകിയ മാർഗനിർദേശ പ്രകാരമാണ് നടപടികളെന്ന് വിശദീകരണം നൽകിയിരുന്നു. മൃതദേഹങ്ങളിൽ ട്രൂനാറ്റിന് പുറമെ ആർടിപിസിആർ പരിശോധന കൂടി വേണ്ടതിനാൽ ഫലങ്ങൾ വൈകുന്നതിലെ ആശയക്കുഴപ്പം വേറെയും നിലനില്ക്കുന്നു.
ഇതിനിടെ സംസ്ഥാനത്ത് രോഗ ലക്ഷണങ്ങൾ ഇല്ലാതെ കൊവിഡ് സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ വീട്ടിലെ നിരീക്ഷണത്തിന് മാർഗ നിർദേശമായി. നിരീക്ഷണത്തിൽ പോകാൻ നിശ്ചിത ഫോമിൽ അപേക്ഷ നൽകണം. ശുചിമുറി ഉള്ള റൂമിൽ തന്നെ കഴിയണം. ആരോഗ്യവിവരങ്ങൾ അപ്പപ്പോൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അറിയിക്കണം.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ആശ ഇവർ നിർദേശങ്ങളും ബന്ധപ്പെടേണ്ട നമ്പറുകളും നൽകണം. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള മെഡിക്കൽ സംഘം ഇവരെ ഫോൺ വഴിയും വീഡിയോ കോൾ വഴിയും ദിവസവും ബന്ധപ്പെടും. മെഡിക്കൽ ഉപദേശങ്ങൾ നൽകും.
പൾസ് ഓക്സി മീറ്റർ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്റെ അളവ് നോക്കണം. അത് ബന്ധപ്പെട്ട മെഡിക്കൽ ഓഫീസറെ അറിയിക്കണം. കുടുംബത്തിലെ ആരോഗ്യമുള്ള ഒരാൾ രോഗിയുടെ ആരോഗ്യ നിലയെ സംബന്ധിച്ചുള്ള വിവരങ്ങൾ അറിഞ്ഞിരിക്കണം.
രോഗിയുടെ ആരോഗ്യനില വഷളാവുകയാണെങ്കിൽ ആരോഗ്യ വിഭാഗത്തെ അറിയിക്കണം. കുടുംബത്തിൽ മറ്റ് അസുഖങ്ങൾ ഉള്ളവർ ഉണ്ടെങ്കിൽ അവരുടെ ആരോഗ്യം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ സംഘം വിലയിരുത്തണം.
കൊവിഡ് രോഗിയ്ക്ക് 10 -ാം ദിവസം ആന്റിജന്‍ പരിശോധന നടത്തും. നെഗറ്റീവ് ആയാലും 7 ദിവസം കൂടി വിശ്രമം അനിവാര്യമാണെന്നും മാർഗ നിർദേശങ്ങളിലുണ്ട്.