കാകതിയ ശില്പ പൈതൃകം; രാമപ്പ ക്ഷേത്രത്തിന് യുനെസ്കോയുടെ ലോക പൈതൃക പദവി
തെലുങ്കാനയിലെ രാമപ്പ ക്ഷേത്രത്തിന് യുനെസ്കോയുടെ ലോക പൈതൃക പദവി ലഭിച്ചു. പതിമൂന്നാം നൂറ്റാണ്ടിലും പതിനാലാം നൂറ്റാണ്ടിലും ഏറെ പുകള്‍പ്പെട്ട ക്ഷേത്രമായിരുന്നു രാമലിംഗേശ്വര (ശിവൻ) പ്രതിഷ്ഠയുള്ള രാമപ്പ ക്ഷേത്രം. തെലങ്കാനയിലെ ഹൈദരാബാദിൽ നിന്ന് 209 കിലോമീറ്റര്‍ യാത്ര ചെയ്യണം ഇവിടേയ്ക്ക്. ഇന്നത്തെ വാറങ്കലിൽ നിന്ന് 77 കിലോമീറ്ററും മുളുഗുവിൽ നിന്ന് 15 കിലോമീറ്ററും അകലയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
🔴 BREAKING!
— UNESCO 🏛️ #Education #Sciences #Culture 🇺🇳😷 (@UNESCO) July 25, 2021
Just inscribed as @UNESCO #WorldHeritage site: Kakatiya Rudreshwara (Ramappa) Temple, Telangana, in #India🇮🇳. Bravo! 👏
ℹ️ https://t.co/X7SWIos7D9 #44WHC pic.twitter.com/cq3ngcsGy9
മുളുഗു ജില്ലയിലെ വെങ്കടപൂർ മണ്ഡലിലെ പാലംപേട്ട് ഗ്രാമത്തിലെ ഒരു താഴ്വരയിലാണ് ഈ ക്ഷേത്രമുള്ളത്. 12 -ാം നൂറ്റാണ്ട് മുതല്‍ 14 -ാം നൂറ്റാണ്ട് വരെ ഇന്നത്തെ തെലങ്കാന, ആന്ധ്രാപ്രദേശ്, കിഴക്കൻ കർണാടക, തെക്കൻ ഒഡീഷ എന്നീ പ്രദേശങ്ങളുള്‍പ്പെടുന്ന കിഴക്കൻ ഡെക്കാൻ പ്രദേശത്തിന്‍റെ ഭൂരിഭാഗവും ഭരിച്ചിരുന്നത് ദക്ഷിണേന്ത്യൻ രാജവംശമായ കാകതിയ രാജവംശമാണ്.
ഇന്ന് വാറംങ്കല്‍ എന്നറിയപ്പെടുന്ന ഒറഗള്ളുവായിരുന്നു അവരുടെ തലസ്ഥാനം. കാകതിയ രാജവംശത്തിന്‍റെ തുടക്കക്കാലത്താണ് ക്ഷേത്രനിര്‍മ്മാണം നടന്നത്. ആദ്യകാല കകതിയ ഭരണാധികാരികൾ രണ്ട് നൂറ്റാണ്ടിലേറെക്കാലം രാഷ്ട്രകൂടന്മാരുടെയും പടിഞ്ഞാറൻ ചാലൂക്യന്മാരുടെയും സാമന്തന്മാരായിരുന്നു.
എ.ഡി. 1163-ൽ പ്രതാപരുദ്ര ഒന്നാമന്‍റെ കീഴിൽ തെലങ്കാന മേഖലയിലെ മറ്റ് ചാലൂക്യ സാമന്മന്മാരെ അടിച്ചമർത്തുന്നതിലൂടെയാണ് കാകതിയര്‍ രാജാധികാരത്തിലേക്ക് ഉയര്‍ന്നത്. 1213-ലാണ് ക്ഷേത്രം ഉയര്‍ന്നതെന്ന് ക്ഷേത്രത്തിലെ ലിഖിതങ്ങളില്‍ സൂചനയുണ്ട്.
ഇക്കാലഘട്ടത്തില്‍ കകതിയ രാജവംശത്തിലെ ഗണപതി ദേവ (1199–1262)) യായിരുന്നു ഭരണാധികാരി. അദ്ദേഹത്തിന്‍റെ സൈന്യാധിപനായിരുന്നു റെചെർല രുദ്രയാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്ന് രേഖകള്‍ പറയുന്നു. ക്ഷേത്രം രാമപ്പ എന്ന ശില്പിയുടെ മേല്‍നോട്ടത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ശില്പിയുടെ പേരില്‍ ഇന്ത്യയില്‍ അറിയപ്പെടുന്ന ഏക ക്ഷേത്രം കൂടിയാണിത്. രാമലിംഗേശ്വരനാണ് (ശിവന്‍) പ്രധാന ആരാധനാ മൂര്‍ത്തി. മാർക്കോ പോളോ കകതിയ സാമ്രാജ്യ സന്ദർശന വേളയിൽ ക്ഷേത്രത്തെ "ക്ഷേത്രങ്ങളുടെ താരാപഥത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രം" എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
6 അടി ഉയരമുള്ള നക്ഷത്രാകൃതിയിലുള്ള അടിത്തറയിലാണ് ക്ഷേത്രം ഉയര്‍ത്തിയിരിക്കുന്നത്. ശ്രീകോവിലിനു മുന്നിലുള്ള മുറിയില്‍ കരിങ്കല്ലില്‍ കൊത്തിയെടുത്ത നിരവധി തൂണുകളുണ്ട്. അതോടൊപ്പം സൂര്യപ്രകാരം മുറിയിലെല്ലായിടവും കടന്നുച്ചെല്ലുന്ന വിധമാണ് ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.
ചുവന്ന മണൽക്കല്ലിലാണ് പ്രധാന ഘടനയുടെ നിര്‍മ്മിതി. പുറം ചുമരുകള്‍ വലിയ ബാക്കാൾട്ട് കറുത്ത ബസാൾട്ട് എന്നിവയും ഉപോയഗിച്ചിരിക്കുന്നു. അതിൽ ഇരുമ്പ്, മഗ്നീഷ്യം, സിലിക്ക എന്നിവ അടങ്ങിയിട്ടുണ്ട്. തൂണികളില്‍ മൃഗങ്ങൾ, നർത്തകിമാർ, സംഗീതജ്ഞർ എന്നിങ്ങനെയുള്ള കൊത്തുപണികളുമുണ്ട്.
ക്ഷേത്രത്തിലെ ശില്പങ്ങള്‍ കകതിയ കലയുടെ മാസ്റ്റർപീസുകളായി കണക്കാക്കുന്നു. കൊത്തുപണികളില്‍ നീളമേറിയ ശരീരങ്ങളും തലകളും പ്രധാന പ്രത്യേകതകളാണ്. കകതിയ കലയുടെ മാസ്റ്റർപീസുകളാണ് ക്ഷേത്രത്തിലെ ശില്പങ്ങള്‍.
2010 സെപ്റ്റംബർ 10 നാണ് ക്ഷേത്രത്തെ യുനസ്കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശമുണ്ടായത്. 2021 ജൂലൈ 25 ന് ക്ഷേത്രത്തെ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ചു.
കകതിയ കാലഘട്ടത്തിൽ തെലുങ്കാന പ്രദേശത്ത് വ്യത്യസ്തമായ രീതിയിലുള്ള വാസ്തുവിദ്യയുടെ വികാസവുമുണ്ടായി.
ഹനാംകൊണ്ടയിലെ ആയിരം സ്തംഭം ക്ഷേത്രം, പാലമ്പേട്ടയിലെ രാമപ്പ ക്ഷേത്രം, വാറങ്കൽ കോട്ട, ഘാൻപൂരിലെ കോട്ട ഗുല്ലു എന്നിവയാണ് കാകതിയരുടെ പ്രധാനപ്പെട്ട വാസ്തുശില്പ സംഭാവനകള്‍.
രാമപ്പ ക്ഷേത്രത്തിന് യുനസ്കോ പൈതൃക പദവി ലഭിച്ചതില്‍ പ്രധാനമന്ത്രി അഭിനന്ദിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona