സ്വാതന്ത്ര്യത്തിന്‍റെ 75 വർഷം; 'പഞ്ച് പ്രാൺ' പ്രഖ്യാപിച്ച് പ്രധാനമന്ത്രി
സ്വാതന്ത്ര്യത്തിന്‍റെ 75 വർഷം ആഘോഷിക്കുമ്പോൾ രാജ്യം പുതിയ തലങ്ങളിലേക്ക് മുന്നേറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു മുതൽ നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി വരെ എത്തി നിൽക്കുന്ന ഭരണനിർവ്വഹണത്തിൽ രാജ്യം സമ്പൂർണ വികസിത ഭാരതം എന്ന ലക്ഷ്യമാണ് മുന്നോട്ട് വയ്ക്കുന്നത്. മുൻ പ്രധാനമന്ത്രിമാരുടെ ആശയങ്ങളോടൊപ്പം തന്‍റെ സ്വന്തം ആശയങ്ങള്‍ കൂടി ചേർത്തുവച്ചാണ് പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗം.
സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യാൻ എത്തിയപ്പോൾ മോദി ധരിച്ചിരുന്ന വസ്ത്രമാണ് ഏറ്റവും കൂടുതൽ ശ്രദ്ധയാകർശിച്ചത്. ത്രിവർണ്ണ പതാക വരകളുള്ള തലപ്പാവണിഞ്ഞാണ് മോദി എത്തിയത്. പരമ്പരാഗത കുർത്തയും നീല ജാക്കറ്റും കറുത്ത ഷൂസും ധരിച്ച മോദി ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു.
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ അദ്ദേഹം ലാൽ ബഹദൂര്‍ ശാസ്ത്രിയെയും അടൽ ബിഹാരി വാജ്പേയിയെയും സ്മരിച്ചുകൊണ്ടാണ് തന്‍റെ മുദ്രാവാക്യം മുന്നോട്ട് വച്ചത്. ''ലാൽ ബഹദൂര്‍ ശാസ്ത്രി ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യം നൽകിയപ്പോൾ വാജ്പേയി അതിലേക്ക് ശാസ്ത്രം കൂടി ചേര്‍ത്തുവച്ചു. നമ്മൾ അതിലേക്ക് നവീകരണം കൂടി കൂട്ടിച്ചേര്‍ക്കുന്നു. പുതിയ ആശയങ്ങളിലൂടെ രാജ്യത്തെ മുന്നോട്ട് നയിക്കുകയെന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് '' - മോദി പറഞ്ഞു.
സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ പ്രധാനമന്ത്രി ആദ്യമായി ടെലിപ്രോംപ്റ്റര്‍ ഒഴിവാക്കി. പകരം പേപ്പര്‍ നോട്ടുകള്‍ ഉപയോഗിച്ചാണ് മോദി പ്രസംഗം പൂര്‍ത്തിയക്കിയത്. 83 മിനിറ്റോളം അദ്ദേഹത്തിന്‍റെ പ്രസംഗം നീണ്ടു. സുപ്രധാനമായ കാര്യങ്ങള്‍ അദ്ദേഹം പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി. അടുത്ത 25 വർഷം രാജ്യത്തിന് അതിനിർണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.
'പഞ്ച് പ്രാൺ' പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തി. ഇതിന്‍റെ ഭാഗമായി സമ്പൂർണ വികസിത ഭാരതമാണ് ലക്ഷ്യം. ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കണം. അടിമത്ത മനോഭാവത്തില്‍ നിന്ന് പൂർണമായും മാറണം. പാരമ്പര്യത്തിൽ അഭിമാനം കൊള്ളണം. പൗരധർമ്മം പാലിക്കണമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. കുടുംബ രാഷട്രീയവും അഴിമതിയുമാണ് രാജ്യത്തിന്‍റെ പ്രധാന പ്രശ്നങ്ങൾ. ഇത് തൂത്തെറിയപ്പെടണം. ഇതിന് രാജ്യം ഒപ്പം നിൽക്കണമെന്നും പറഞ്ഞ് സ്വാതന്ത്രദിന പ്രസംഗത്തിലും അദ്ദേഹം കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ചു.
ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവാണ്. വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി. സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച പ്രധാനമന്ത്രിയാണ് താൻ. ജനങ്ങളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ ഇന്ത്യക്കാരനും മാതൃഭാഷയിൽ അഭിമാനിക്കണം. വിദേശ സംസ്ക്കാരത്തെ അതേപടി അനുകരിക്കേണ്ട, നാം എങ്ങനെയോ അങ്ങനെ തന്നെ ആകണം.
അങ്ങനെ തന്നെ തുടരണം. പുതിയ വിദ്യാഭ്യസ നയം ഇന്ത്യയുടെ സംസ്കാരത്തിൽ ഊന്നിയതാണ്. ഇന്ന് രാജ്യത്തിന് ഐതിഹാസിക ദിനമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. പുതിയ ദിശയിൽ നീങ്ങാനുള്ള സമയമാണ് ഇതെന്നും മോദി ഓര്‍മ്മപ്പെടുത്തി. നിശ്ചയ ദാർഢ്യത്തോടെ മുന്നേറണം. സ്വാതന്ത്യ സമര സേനാനികളേയും അദ്ദേഹം അനുസ്മരിച്ചു. വി ഡി സവർക്കറേയും മോദി പ്രത്യേകം പരാമര്‍ശിച്ചു.
76-ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയശേഷം ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ശ്രീനാരായണ ഗുരുവിനെയും സ്വാമി വിവേകാന്ദനും അടക്കമുള്ള സാമൂഹിക പരിഷ്കർത്താക്കളേയും അദ്ദേഹം അനുസ്മരിച്ചു. ആദിവാസി സമൂഹത്തേയും അഭിമാനത്തോടെ ഓർക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം വിഭജനത്തെ ഹൃദയവേദനയോടെയാണ് അനുസ്മരിക്കുവെന്നും അദ്ദേഹം പറഞ്ഞു.