ഗതാഗത കുരുക്കില്‍ പിസ ഓര്‍ഡര്‍ ചെയ്ത് കാര്‍ യാത്രികര്‍; കൃത്യമായി എത്തിച്ച് ഡെലിവെറി ബോയ്‌സ്
ഔട്ടര്‍ റിംഗ് റോഡില്‍ കഴിഞ്ഞദിവസം നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറൽ.
ബംഗളൂരു: ഗതാഗത കുരുക്കില്‍പ്പെട്ട് കിടന്നപ്പോള്‍ പിസ ഓര്‍ഡര്‍ ചെയ്ത കാര്‍ യാത്രക്കാര്‍ക്ക്, അത് കൃത്യമായി എത്തിച്ച് ഡെലിവെറി ബോയ്‌സ്. ബംഗളൂരുവിലെ ഔട്ടര്‍ റിംഗ് റോഡില്‍ കഴിഞ്ഞദിവസം നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഡിസൈന്‍ എന്‍ജിനീയറായ റിഷി എന്ന യുവാവാണ് ഗതാഗത കുരുക്കില്‍ കിടന്നപ്പോള്‍ പിസ ഓര്‍ഡര്‍ ചെയ്തത്. അരമണിക്കൂറിനുള്ളില്‍ തന്നെ തങ്ങളുടെ കാര്‍ കിടന്ന സ്ഥലത്ത് ഡെലിവറി ബോയ്‌സ് എത്തിയെന്ന് റിഷി പറഞ്ഞു. ലൈവ് ലൊക്കേഷന്‍ നോക്കിയാണ് ഡെലിവറി ബോയ്‌സ് സ്ഥലത്തെത്തിയതെന്ന് വീഡിയോ പങ്കുവച്ച് റിഷി പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ, ട്രാഫിക് ജാമില്‍ ഡെലിവറി നടത്തിയ യുവാക്കള്‍ക്ക് അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്. രൂക്ഷമായ ഗതാഗത കുരുക്കില്‍, കൃത്യസമയത്ത് ഡെലിവറി നടത്തുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. അത് ഏറ്റെടുത്ത് നടപ്പാക്കിയ യുവാക്കള്‍ അംഗീകാരങ്ങള്‍ അര്‍ഹിക്കുന്നുയെന്നും സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നു.
അതി രൂക്ഷമായ ഗതാഗത കുരുക്കാണ് കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ അനുഭവപ്പെട്ടത്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ രാത്രി എട്ടു മണിക്ക് ശേഷമാണ് വീടുകളില്‍ എത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണനിലയില്‍ നഗരത്തില്‍ എത്തുന്ന വാഹനങ്ങളുടെ ഇരട്ടിയോളം ബുധനാഴ്ച എത്തി. ഇതാണ് ഗതാഗത കുരുക്കിന്റെ പ്രധാന കാരണമായി ബംഗളൂരു ട്രാഫിക് പൊലീസ് പറയുന്നത്. മുൻ ദിവസങ്ങളിൽ ഒന്നര ലക്ഷം മുതല്‍ രണ്ടു ലക്ഷം വാഹനങ്ങളാണ് പ്രദേശത്ത് എത്തിയത്. എന്നാല്‍ ബുധനാഴ്ച 7.30ന് അത് മൂന്നര ലക്ഷം വരെയായി ഉയര്‍ന്നു. ഇടറോഡുകളിലും തിരക്ക് വര്‍ധിച്ചതോടെയാണ് ട്രാഫിക് സംവിധാനങ്ങള്‍ തകരാറിലായതെന്ന് പൊലീസ് വിശദീകരിച്ചു.
'ഹരിദാസ് കൈക്കൂലി നൽകിയെന്ന് പറയുന്ന ദിവസം അഖിൽ മാത്യു പത്തനംതിട്ടയിലായിരുന്നു': അമ്മ