എപ്പോഴും ക്ഷീണം തോന്നുന്നത് തള്ളിക്കളയല്ലേ, നിങ്ങളറിയേണ്ടത്...
എപ്പോഴും ക്ഷീണവും തളര്‍ച്ചയും തന്നെ, ഒന്നിനും ഉത്സാഹമില്ല എന്നെല്ലാം ആളുകള്‍ പരാതിപ്പെടുന്നത് കേട്ടിട്ടില്ലേ? പല കാരണങ്ങള്‍ കൊണ്ടുമാകാം ഇത്തരത്തില്‍ ക്ഷീണമനുഭവപ്പെടുന്നത്. വിവിധ അസുഖങ്ങളുടെ ലക്ഷണമോ സൂചനയോ കൂടിയാകാം ഈ പ്രശ്‌നം. അതിനാല്‍ തന്നെ ഇത് നിസാരമായി തള്ളിക്കളയുന്നത് ബുദ്ധിയല്ല. എന്നാല്‍ സാധാരണഗതിയില്‍ താല്‍ക്കാലികമായുണ്ടാകുന്ന ക്ഷീണവും നേരത്തേ സൂചിപ്പിച്ച തരത്തിലുള്ള ഗൗരവമുള്ള ക്ഷീണവും എങ്ങനെ തിരിച്ചറിയാം?
രണ്ടാഴ്ചയില്‍ കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്ന തുടര്‍ച്ചയായ ക്ഷീണം ഗൗരവമുള്ളതാണ്. ഇതിന്റെ കാരണം ഡോക്ടറുടെ സഹായത്തോടെ കണ്ടെത്തിയേ തീരൂ.
വീട്ടുജോലികള്‍, ഓഫീസ് ജോലി എന്നിങ്ങനെ നിത്യജീവിതത്തില്‍ നാം ചെയ്തുപോരുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനാവാത്ത വിധം തളര്‍ന്നുപോകുന്നുണ്ടെങ്കില്‍ അത് ഗൗരവമുള്ള അവസ്ഥയാണെന്ന് മനസിലാക്കുക.
ക്ഷീണവും തളര്‍ച്ചയും തോന്നുന്നതിനൊപ്പം അകാരണമായ ദുഖവും നിരാശയും അനുഭവപ്പെടാറുണ്ടോ? ഇത് ദിവസങ്ങളോളം തുടരുകയാണോ? എങ്കില്‍ തീര്‍ച്ചയായും വൈദ്യസഹായം തേടുക.
ക്ഷീണം തോന്നുന്നതിനൊപ്പം ശരീരഭാഗങ്ങളില്‍ എവിടെയെങ്കിലും വേദന അനുഭവപ്പെടുന്നതും തലകറങ്ങിവീഴുന്നതും നല്ല സൂചനകളല്ല. ഏതെങ്കിലും അസുഖങ്ങളുടെ ഭാഗമായാണോ ഇത് സംഭവിക്കുന്നതെന്ന് പരിശോധിക്കുക തന്നെ വേണം.
നെഞ്ചുവേദന, ഹൃദയസ്പന്ദനങ്ങള്‍ കൂടുന്നത് എന്നിവയും ക്ഷീണത്തോടൊപ്പം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഒട്ടും സമയം കളയാതെ ആശുപത്രിയില്‍ പോവുക. ഹൃദയസംബന്ധമായ അസുഖങ്ങളെന്തെങ്കിലും പിടിപെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുക.
സ്ത്രീകള്‍ക്കാണെങ്കില്‍ ക്ഷീണത്തോടൊപ്പം അസാധാരണമായ തരത്തല്‍ 'ബ്ലീഡിംഗ്' ഉണ്ടാകുന്നുവെങ്കില്‍ അക്കാര്യവും പരിഗണിക്കേണ്ടതുണ്ട്. ഇത് വച്ചുകൊണ്ടിരിക്കുന്നത് ഒരിക്കലും ആരോഗ്യകരമാവില്ല.