ഈ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ; ഭാരം എളുപ്പം കുറയ്ക്കാം
കൊച്ചു കുട്ടികളിൽ തുടങ്ങി പ്രായഭേദമന്യേ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം. അമിതവണ്ണത്തിനുള്ള കാരണങ്ങൾ പലതാണ്. പ്രധാന കാരണം ആഹാരരീതിയിലും ജീവിതശൈലിയിലും വന്ന വ്യത്യാസം തന്നെയാണ്. ഭാരം കുറയ്ക്കാൻ ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ച് തന്നെ ഭാരം കുറയ്ക്കാനാകും. പച്ചക്കറികളിൽ ധാരാളം വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നു. ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില പച്ചക്കറികളെ കുറിച്ചാണ് താഴേ പറയുന്നത്...
ബീറ്റ്റൂട്ട്: ക്യാൻസറിനെ പ്രതിരോധിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ബീറ്റ്റൂട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ബീറ്റ്റൂട്ടിൽ കലോറി വളരെ കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല, ഫോളേറ്റ്, ഇരുമ്പ് എന്നിവ പോലുള്ള പോഷകങ്ങൾ ബീറ്റ്റൂട്ടിൽ കൂടുതലാണ്. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഗുണം ചെയ്യും.
പാലക്ക് ചീര: അയേണ്‍, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ പാലക്ക് ചീരയിൽ അടങ്ങിയിരിക്കുന്നു. ഇവ സാലഡ് രൂപത്തിലോ വേവിച്ചോ കഴിക്കാം. ഭാരം ക്രമീകരിക്കാന്‍ മാത്രമല്ല ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും ഇവയ്ക്ക് കഴിവുണ്ട്.
ബ്രൊക്കോളി: പോഷകങ്ങളുടെ ഒരു കലവറയാണ് ബ്രൊക്കോളി . കാത്സ്യം, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, അയേണ്‍ എന്നിവ ധാരാളം ഇതില്‍ അടങ്ങിയിരിക്കുന്നു. കലോറി കുറവും കൂടിയ അളവില്‍ ഫൈബറും ഇതില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ഭാരം കുറയ്ക്കാന്‍ ഫലപ്രദമായ പച്ചക്കറിയാണിത്.
കോളിഫ്ളവർ: ഏറ്റവും പോഷകസമൃദ്ധമായ പച്ചക്കറികളിലൊന്നാണ് കോളിഫ്ളവർ. ഉയർന്ന അളവിൽ ഫൈബർ, വിറ്റാമിൻ ബി, കെ, സി, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തെ ജലാംശം നിലനിർത്തുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
റാഡിഷ്: ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും റാഡിഷിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിന്‍ എ, സി, ഇ, പൊട്ടാസ്യം തുടങ്ങിയ മറ്റ് പോഷകങ്ങളും അടങ്ങിയ ഒരു പച്ചക്കറിയാണ് റാഡിഷ്. റാഡിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ ചുവന്ന രക്തകോശങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കും. മാത്രമല്ല, ഭാരം കുറയ്ക്കനും സഹായിക്കുന്നു.