ചർമ്മത്തിന്റെ തിളക്കം എന്നും നില നിർത്താം; വീട്ടില്‍ തയ്യാറാക്കാം ആറ് 'നാച്വറല്‍' ഫേസ് പാക്കുകൾ
വെയിലേറ്റ് ചർമ്മത്തിന്റെ തിളക്കം നഷ്ടപ്പെടുന്നത് സ്വഭാവികമാണല്ലോ. രാവിലത്തെയും വൈകുന്നേരത്തെയും ഇളംവെയിൽ കൊള്ളുന്നത് നല്ലതാണെങ്കിലും ബാക്കി സമയത്തെ വെയില്‍ നേരിട്ട് ചര്‍മ്മത്തില്‍ ഏല്‍ക്കുന്നത് ചര്‍മ്മത്തിന്റെ സ്വാഭാവിക സൗന്ദര്യത്തെ ബാധിക്കും. വെയിലേറ്റ് വാടിയ ചര്‍മ്മത്തിന്റെ സൗന്ദര്യം വീണ്ടെടുക്കാന്‍ വീട്ടിൽ പരീക്ഷിക്കാവുന്ന ആറ് 'നാച്വറല്‍' ഫേസ് പാക്കുകൾ ഏതൊക്കെയാണെന്ന് അറിയാം...
കടലമാവ്: പണ്ടുകാലം മുതൽക്കെ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിച്ച് വരുന്ന ഒന്നാണ് കടലമാവ്. കൈയിലെയും കഴുത്തിലെയും മുഖത്തെയുമെല്ലാം കരവാളിപ്പ് അകറ്റാനും ചര്‍മത്തിന് നല്ല നിറം നല്‍കാനുമെല്ലാം കടലമാവ് സാധാരണയായി ഉപയോഗിക്കാറുണ്ട്. ഒരു നുള്ള് മഞ്ഞൾ പൊടിയും മൂന്ന് ടേബിള്‍ സ്പൂണ്‍ കടലമാവും ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടുക.15 മിനിറ്റ് ശേഷം കഴുകി കളയുക.
വെള്ളരിക്കയും പാലും: വിറ്റാമിന്‍ സിയുടെ കലവറയാണ് വെള്ളരിക്ക. മാത്രമല്ല ഇതിന്റെ കൂളിങ് ഇഫക്ട് ചര്‍മത്തിന് ഉണര്‍വ് നല്‍കും. പാല്‍ നല്ലൊരു സണ്‍സ്‌ക്രീനും ഒപ്പം മോയിസ്ചറൈസറുമാണ്. ചര്‍മ്മത്തിന് നിറം നല്‍കാനും പാല്‍ സഹായിക്കുന്നു. ആദ്യം വെള്ളരിക്ക നല്ല പോലെ പേസ്റ്റാക്കുക. ശേഷം ഇതിലേക്ക് തിളപ്പിക്കാത്ത പാല്‍ ചേര്‍ത്ത് രണ്ടും നന്നായി മിക്‌സ് ചെയ്യുക. കരുവാളിപ്പുള്ള ഭാഗങ്ങളില്‍ പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ നാല് തവണ ഇത് പുരട്ടാവുന്നതാണ്.
ചെറുപയർ പൊടിയും മഞ്ഞളും: ചെറുപയര്‍ പൊടിക്ക് ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളമുണ്ട്. ഇത് ചര്‍മ്മത്തിന്റെ ഉള്ളിലേക്കിറങ്ങി ചര്‍മ കോശങ്ങളെ വൃത്തിയാക്കുന്നു.സോപ്പിനു പകരം ഉപയോഗിക്കാവുന്ന ഒന്നാണിത്. ഒരു ടീസ്പൂൺ ചെറുപയർ പൊടിയും ഒരു ടീസ്പൂൺ മഞ്ഞളും ചേർത്ത് മുഖത്തിടുന്നത് നിറം കിട്ടാനും കരുവാളിപ്പ് മാറാനും സഹായിക്കുന്നു.
പപ്പായയും തേനും: പ്രകൃതിദത്ത എൻസൈമുകൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. പപ്പായ പേസ്റ്റും തേനും ചേർത്ത് മുഖത്തിടുന്നത് മുഖക്കുരു മൂലം ഉണ്ടാകുന്ന പാടുകൾ, കരുവാളിപ്പ് എന്നിവ മാറാൻ ഏറെ ഗുണം ചെയ്യും. ആഴ്ചയിൽ രണ്ട് തവണ ഇത് പുരട്ടാവുന്നതാണ്.
നാരങ്ങാ നീരും വെള്ളരിക്ക നീരും: എണ്ണമയമുള്ള ചർമ്മമുള്ളവർ നാരങ്ങാ നീരും വെള്ളരിക്ക നീരും യോജിപ്പിച്ച് മുഖത്ത് പുരട്ടിയാൽ ചർമ്മം കൂടുതൽ മൃദുലവും സുന്ദരവുമാകും.
തക്കാളി: തക്കാളിയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും ശരീരത്തിലെ കൊളാജന്റെ വളര്‍ച്ചയ്ക്ക് നല്ലതാണ്. കോശനശീകരണത്തെ തടയാനും പുതിയ കോശങ്ങളുണ്ടാകാനും തക്കാളിയിലെ ഘടകങ്ങള്‍ സഹായിക്കും. തക്കാളി പേസ്റ്റ് കരുവാളിപ്പുള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് പുരട്ടാവുന്നതാണ്.