പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ടത്; പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍...
രാജ്യത്ത് ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് പുതിയൊരു പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പുരുഷന്മാര്‍ക്കിടയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനെ കുറിച്ച് ചിലത് മനസിലാക്കാം. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയെ ആണ് ഇത് ബാധിക്കുന്നത്. അമ്പത് വയസ് കടന്നവരിലാണ് 'റിസ്‌ക്' ഏറെയും. ഗ്രന്ഥിയുടെ പുറത്തുനിന്ന് പതിയെ അകത്തേക്ക് എന്ന രീതിയിലാണ് ക്യാന്‍സര്‍ കോശങ്ങളുടെ പൊതുവിലുള്ള ആക്രമണം. ഇനി ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ അറിയാം.
ആദ്യഘട്ടത്തില്‍ ലക്ഷണങ്ങളുണ്ടാകില്ല എന്നതാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ പ്രത്യേകത. എന്നാല്‍ തുടര്‍ന്നങ്ങോട്ട് ചില ലക്ഷണങ്ങള്‍ കണ്ടുവരികയും ചെയ്യുന്നു. അവയില്‍ ചിലത് കൂടി വിശദമാക്കാം.
മൂത്രമൊഴിക്കുമ്പോഴോ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴോ എല്ലാം വേദന, എരിച്ചില്‍ എന്നിവ അനുഭവപ്പെടുന്നത് പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ ഒരു ലക്ഷണമാണ്.
മൂത്രാശയവുമായി ബന്ധപ്പെട്ട് വിവിധ തരം വിഷമതകളുണ്ടാകുന്നതും പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ ലക്ഷണമായി വരാറുണ്ട്. മൂത്രം മുഴുവനായി പുറത്തുപോകാതിരിക്കുക, ഇടവിട്ട് മൂത്രം പോവുക എന്നിങ്ങനെയാകാം പ്രശ്‌നങ്ങള്‍.
ലൈംഗികതയുമായി ബന്ധപ്പെട്ടും ചില പ്രശ്‌നങ്ങള്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സറുള്ളവരില്‍ കാണാം. പ്രധാനമായും ഉദ്ധാരണക്കുറവാണ് ലക്ഷണമായി കാണപ്പെടുന്നത്.
മൂത്രത്തിലോ, ശുക്ലത്തിലോ രക്തത്തിന്റെ സാന്നിധ്യമുണ്ടാകുന്നതും പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ലക്ഷണമാകാറുണ്ട്. ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ചിലത് കണ്ടു എന്നാല്‍ അത് പ്രോസ്‌റ്റേറ്റ് ക്യാന്‍സറാണെന്ന് സ്വയം ഉറപ്പിക്കരുത്. തീര്‍ച്ചയായും ഇക്കാര്യത്തില്‍ ആധികാരികമായ പരിശോധന ആവശ്യമാണ്.