മാമ്പഴം കഴിക്കൂ, സൗന്ദര്യവും ആരോഗ്യവും കാത്ത് സൂക്ഷിക്കാം
മാമ്പഴം ഇഷ്ടപ്പെടാത്തവർ ആരും ഉണ്ടാകില്ല. പഴങ്ങളുടെ രാജാവായ മാമ്പഴം കാൻസറിനെ ചെറുക്കുന്നതിൽ പ്രധാനിയാണ്. മാമ്പഴത്തിലെ ആന്റി ഓക്‌സിഡന്റ് സംയുക്തങ്ങൾ വൻകുടൽ, ബ്രെസ്റ്റ്, ലുക്കീമിയ, പ്രൊസ്റ്റേറ്റ് കാൻസറുകളിൽ നിന്നു സംരക്ഷണം നൽകുന്നു.
കലോറിയും കുറവായതിനാൽ മാമ്പഴം ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമാണ്. വിറ്റാമിൻ സി കൂടാതെ, അവശ്യ പോഷകങ്ങളായ ഫോളേറ്റ്, പ്രോട്ടീൻ, വിറ്റാമിൻ ബി 6, വിറ്റാമിൻ എ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു.
മാമ്പഴത്തിന് ഗ്ലൈസെമിക് സൂചിക കുറവാണ്. അത് കൊണ്ട് തന്നെ പ്രമേഹരോഗികൾ മാമ്പഴം കഴിക്കുന്നത് സുരക്ഷിതമാണ്. മാമ്പഴം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കാതിരിക്കാൻ സഹായിക്കുന്നുവെന്നാണ് ന്യൂട്രീഷ്യനിസ്റ്റും ഫിറ്റ്നസ് വിദഗ്ധനുമായ മുൻമുൻ ഗണേരിവാൾ പറയുന്നത്.
മാമ്പഴത്തിൽ വിറ്റാമിൻ ബി 6 അടങ്ങിയിട്ടുണ്ട്. ഹോർമോണുകളെ നിയന്ത്രിക്കാനും പിഎംഎസ് കുറയ്ക്കാനും ഇത് സഹായിക്കും.
രക്തസമ്മർദ്ദം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങൾ മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് മാമ്പഴത്തിലെ മഗ്നീഷ്യം ഗുണം ചെയ്യും.
നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം തടയാനും കഴിയും. ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ മാമ്പഴം സഹായകമാണ്.
മാമ്പഴത്തിലെ വിറ്റാമിൻ എ ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്നു. ഇത് മുഖക്കുരുവിനെ ചെറുക്കാൻ സഹായിക്കുകയും മുഖത്തെ ചുളിവുകൾ കുറയ്ക്കാനും ഏറെ ഗുണം ചെയ്യും. മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്ന കൊളാജൻ ഉൽപാദനത്തെ വിറ്റാമിൻ സി പ്രോത്സാഹിപ്പിക്കുന്നു.