ബിഗ് ബോസില്‍ വസ്‍ത്രം അലക്കല്‍ ടാസ്‍കില്‍ കയ്യാങ്കളി, ഒടുവില്‍ വിജയികളെ പ്രഖ്യാപിച്ചപ്പോള്‍ ട്വിസ്റ്റും!
ബിഗ് ബോസില്‍ ഒരാഴ്‍ചയായിട്ടുള്ള ടാസ്‍ക് വസ്‍ത്രം അലക്കുന്നതും തേച്ച് വൃത്തിയാക്കുന്നതുമായിരുന്നു. രണ്ടു ടീമായിട്ടും ഓരോ ടീമില്‍ നിന്ന് ഓരോ ക്വാളിറ്റി ചെക്ക് ഇൻസ്‍പെക്ടര്‍ ആയിട്ടുമായിരുന്നു മത്സരം. മത്സരാര്‍ഥികള്‍ വാശിയോടെയായിരുന്നു ടാസ്‍കില്‍ പങ്കെടുത്തത്. നോബിയും സന്ധ്യാ മനോജുമായിരുന്നു ക്വാളിറ്റി ടാസ്‍ക് ചെക്കര്‍മാരായി ഉണ്ടായത്. ടാസ്‍കിനിടയില്‍ കയ്യാങ്കളിയോളമെത്തുന്ന തര്‍ക്കവും ബിഗ് ബോസില്‍ കണ്ടു. ഒടുവില്‍ ടാസ്‍ക് പൂര്‍ത്തിയാക്കി വിജയികളെ പ്രഖ്യാപിക്കുകയും ചെയ്‍തു.
ഏറ്റവും കൂടുതല്‍ വസ്‍ത്രങ്ങള്‍ ശേഖരിച്ച് അത് അലക്കി വൃത്തിയാക്കി സൂക്ഷിക്കുന്നവരാകും വിജയി എന്ന് നേരത്തെ ബിഗ് ബോസ് അറിയിച്ചിരുന്നു.
സന്ധ്യാ മനോജും നോബിയുമായിരുന്നു ക്വാളിറ്റി ചെക്കര്‍മാരായി ഉണ്ടായിരുന്നത്.
ടാസ്‍കിനിടയില്‍ വലിയ കയ്യാങ്കളിയും ഉണ്ടായി.
നോബി ക്വാളിറ്റി ചെക്ക് ചെയ്യുമ്പോള്‍ സമാധാനപൂര്‍വമായ അന്തരീക്ഷം ആയിരുന്നെങ്കില്‍ സന്ധ്യാ മനോജ് ക്വാളിറ്റി ചെക്ക് ചെയ്യുമ്പോള്‍ വാക് തര്‍ക്കങ്ങളുണ്ടായി.
മണിക്കുട്ടനും റംസാനും ഫിറോസുമായിരുന്നു സന്ധ്യാ മനോജിന്റെയടുത്ത് പോയി ക്വാളിറ്റി ചെക്കിനായി വസ്‍ത്രങ്ങള്‍ നല്‍കിയത്.
ഞങ്ങള്‍ സമാധാനപൂര്‍വമായാണ് കാര്യങ്ങള്‍ ചെയ്‍തത് എന്ന് പറഞ്ഞ അനൂപ് കൃഷ്‍ണനോട് ഇവനെന്ത് അറിഞ്ഞിട്ടാണ്, പൊട്ടാ പറയുന്നത് എന്ന് റംസാൻ ചോദിച്ചതും തര്‍ക്കത്തിന് ഇടയാക്കി. അനൂപ് കൃഷ്‍ണൻ റംസാനെ ചോദ്യം ചെയ്യുകയും രൂക്ഷമായി സംസാരിക്കുകയും ചെയ്‍തു.
സന്ധ്യാ മനോജ് ക്വാളിറ്റി ചെക്ക് ചെയ്യുമ്പോള്‍ വലിയ ബഹളമാണ് ഉണ്ടായത്. വേറെ ലോണ്‍ട്രി കമ്പനിയിലെ വസ്‍ത്രങ്ങള്‍ പരിശോധിക്കാൻ പറ്റില്ലെന്ന് സന്ധ്യാ മനോജ് പറഞ്ഞു. അത് വലിയ തര്‍ക്കത്തിനിടയാക്കി. അതിനിടയില്‍ റംസാൻ സന്ധ്യാ മനോജിനെ പോടീയെന്ന് വിളിച്ചു. ഇതില്‍ പ്രകോപിതയായ സന്ധ്യാ മനോജ് എല്ലാ വസ്‍ത്രങ്ങളും നിരസിക്കുകയാണ് എന്ന് പറഞ്ഞു. തുടര്‍ന്ന് ടാസ്‍ക് തല്‍ക്കാലം നിര്‍ത്തുകയും ചെയ്‍തു.
ടാസ്‍ക് പൂര്‍ത്തിയായോ എന്ന് ബിഗ് ബോസ് ആരാഞ്ഞു. ഞാൻ എങ്ങനെയാകണം, എന്തുചെയ്യണം എന്ന് ആദ്യമേ പറയുകയായിരുന്നു വസ്‍ത്രം ചെക്ക് ചെയ്യാൻ തന്നവര്‍ എന്ന് സന്ധ്യാ മനോജ് ബിഗ് ബോസിനോട് പരാതി പറഞ്ഞു. രണ്ടാമത്തെ വസ്‍ത്രം താൻ സെലക്ട് ചെയ്‍തതാണ്. അതിനിടയിലാണ് വോയിസ് റെയിസ് ചെയ്യുകയും പോടീ എന്നു വിളിക്കുകയും ചെയ്‍തത്. ഒരു ഇൻസ്‍പെക്ടറോട്, അതും ഒരു സ്‍ത്രീയോട് അപമര്യാദയായി പെരുമാറി, അതുകൊണ്ട് മുഴുവൻ വസ്‍ത്രങ്ങളും നിരസിച്ചുവെന്ന് സന്ധ്യാ മനോജ് പറഞ്ഞു. മുപ്പത് വസ്‍ത്രങ്ങള്‍ കൊണ്ടുവന്നതില്‍ അഞ്ച് എണ്ണം സെലക്ട് ചെയ്‍തു 25 എണ്ണം നിരസിച്ചുവെന്ന് നോബി പറഞ്ഞു. സന്ധ്യാ മനോജിന്റെ അടുത്ത് എന്തോ പ്രശ്‍നമുണ്ട്, നല്ല വസ്‍ത്രങ്ങായിട്ടും അവര്‍ സെലക്‍ട് ചെയ്‍തില്ല. വസ്‍ത്രങ്ങള്‍ നിരസിക്കുകയായിരുന്നുവെന്നും നോബി പറഞ്ഞു. ഇപോള്‍ ടാസ്‍ക് സ്‍റ്റക് ആയിരിക്കുകയാണ് എന്ന് ക്യാപ്റ്റൻ സായ് വിഷ്‍ണു പറഞ്ഞു. ഒരു കാരണവുമില്ലാതെ സന്ധ്യാ മനോജ് വസ്‍ത്രങ്ങള്‍ മടക്കിയെറിഞ്ഞു. അവര്‍ ആദ്യമേ അസ്വസ്ഥ ആയിരുന്നു .ഒരു തീരുമാനം ബിഗ് ബോസ് അറിയിക്കുകയാണേല്‍ അത് ചെയ്യാം, ഇല്ലേല്‍ സെല്‍ഫ് ആയി തീരുമാനമെടുക്കാം എന്ന് ക്യാപ്റ്റൻ സായ് വിഷ്‍ണു പറഞ്ഞു. എന്നാല്‍ ടാസ്‍ക് പൂര്‍ത്തിയാക്കാനും വസ്‍ത്രങ്ങള്‍ സ്വീകരിക്കാനും നിരസിക്കാനും സന്ധ്യാ മനോജിനായിരിക്കും വിവേചന അധികാരം എന്നും ബിഗ് ബോസ് പറഞ്ഞു.
ബിഗ് ബോസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് ടാസ്‍ക് വീണ്ടും തുടങ്ങി. ഇത്തവണ വസ്‍ത്രം നല്‍കാൻ എത്തിയത് സായ് വിഷ്‍ണവും റിതുവുമായിരുന്നു. നല്ലതായി വൃത്തിയാക്കിയ വസ്‍ത്രങ്ങള്‍ കണ്ട് സന്ധ്യാ മനോജ് അഭിനന്ദിച്ചു. സന്ധ്യാ മനോജിന് റിതുവും സായ് വിഷ്‍ണുവും തിരിച്ച് നന്ദിയും പറഞ്ഞു. ആറ് വസ്‍ത്രങ്ങള്‍ സ്വീകരിക്കുകയും, 23 എണ്ണം നിരസിക്കുകയും ചെയ്‍തു. ഒടുവില്‍ ബിഗ് ബോസ് ബി ടീമിനെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്‍തു. ഇത്തവണ ഫലത്തില്‍ ഒരു ട്വിസ്റ്റുമുണ്ടായിരുന്നു. സാധാരണ മൊത്തം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആള്‍ക്കാരെ തെരഞ്ഞെടുക്കുന്നതിന് പകരം ഇത്തവണ വിജയിച്ച ടീമില്‍ നിന്നുള്ളവരെ മാത്രമേ ക്യാപ്റ്റൻ മത്സരത്തിനായി തെരഞ്ഞെടുക്കാനാകൂ. തോറ്റ ടീമില്‍ നിന്നുള്ളവരായിരിക്കും ജയിലില്‍ പോകേണ്ടി വരിക എന്നും ബിഗ് ബോസ് വ്യക്തമാക്കി.