ലോകത്തിന്റെ സെക്‌സ് ഗുരു ആയി മാറിയ ഇന്ത്യന്‍ യുവതി
ഇത് സമി വണ്ടറിന്റെ കഥയാണ്. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന്, ജര്‍മനിയില്‍ ജീവിച്ച്, ലോകമെങ്ങും ആരാധകരുള്ള ഡേറ്റിംഗ് ഗുരുവിന്റെ ജീവിതകഥ.
പ്രണയമാണ് സമിയുടെ വിഷയം. എങ്ങനെ ഇണകളെ ആകര്‍ഷിക്കാം. എങ്ങനെ, മനോഹരമായി പ്രണയിക്കാം. എങ്ങനെ അടിപൊളി പ്രണയജീവിതം നയിക്കാം.
ഇതുവരെ 28,000 സ്ത്രീകള്‍ക്ക് സമി പ്രണയപരിശീലനം നല്‍കിക്കഴിഞ്ഞു. അതില്‍ 150-ലേറെ പേര്‍ സ്വന്തം ഇണകളെ കണ്ടെത്തി മനോഹരമായ ജീവിതം ജീവിക്കുന്നു.
30 രാജ്യങ്ങളില്‍നിന്നായി അമ്പതിനായിരത്തിലേറെ സ്ത്രീകള്‍ ഉപദേശങ്ങള്‍ക്കായി സമിയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്നു. സോഷ്യല്‍ മീഡിയയിലെ സമിയുടെ പേജ് ഫോളോ ചെയ്യുന്നത് ലക്ഷങ്ങളാണ്.
സമി സ്വയം തെരഞ്ഞെടുത്തതാണ് ഈ ജോലി. ബാങ്കിംഗ് രംഗത്ത് കരിയര്‍ കണ്ടെത്താന്‍ ആഗ്രഹിച്ചിരുന്ന സമി പിന്നീട് ഇക്കണോമിസ്റ്റ് ആയി മാറുകയായിരുന്നു.
ജര്‍മനിയിലെ പ്രമുഖ സ്ഥാപനത്തില്‍ സാമ്പത്തിക ശാസ്ത്രജ്ഞ ആയിരിക്കെ ജോലി രാജിവെച്ചാണ് സമി മുഴുവന്‍ സമയ പ്രണയപരിശീലകയുടെ ജോലി സ്വീകരിച്ചത്.
ഇന്ന്, 15 ലക്ഷം ഡോളര്‍ പ്രതിവര്‍ഷം വിറ്റുവരവുള്ള ഡേറ്റിംഗ് കോച്ചിംഗ് കമ്പനിയുടെ സി ഇ ഒ ആണ് സമി. ഹോളിവുഡ് താരങ്ങളും കോര്‍പ്പറേറ്റ് മേധാവികളും വമ്പന്‍ പണക്കാരുമാണ് സമിയുടെ ക്ലയന്റുകള്‍.
ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന സമി ഐ ഐ എമ്മില്‍ നിന്നും സ്വര്‍ണമെഡലോടെ ഇറങ്ങിയശേഷമാണ് ഒരു സ്‌കോളര്‍ഷിപ്പ് നേടി ജര്‍മനിയില്‍ പോയത്.
ബെര്‍ലിനിലെ ഹെര്‍തി സ്‌കൂള്‍ ഓഫ് ഗവേണന്‍സില്‍നിന്നും എം പി പി ബിരുദം നേടി. നിരവധി രാജ്യാന്തര വികസന ഏജന്‍സികളില്‍ കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിച്ചു.
അതിനിടെയാണ്, സ്വന്തം പ്രണയനഷ്ടങ്ങളെക്കുറിച്ച് സമി കാര്യമായി ആലോചിച്ചത്. എന്തു കൊണ്ടാണ് തനിക്കൊരു നല്ല പ്രണയം സാദ്ധ്യമല്ലാത്തത് എന്ന നിരാശയില്‍ പ്രണയത്തെക്കുറിച്ച് പഠിക്കാന്‍ തുടങ്ങി.
നിരവധി പ്രമുഖരുടെ പുസ്തകങ്ങള്‍ പഠിച്ചു. പല ഡേറ്റിംഗ് ഗുരുക്കന്‍മാരുടെയും കീഴില്‍ അഭ്യസിച്ചു. ആ അറിവും ആത്മവിശ്വാസവും ഉപയോഗിച്ച് പ്രണയിച്ച്ു തുടങ്ങിയപ്പോള്‍ ആത്മവിശ്വാസം കൂടി.
ഒമ്പതു മാസത്തിനുശേഷം, ഇഷ്ടപ്പെട്ട ഒരു പ്രണയബന്ധമുണ്ടായി. ആ പ്രണയം ജീവിതത്തിലേക്ക് നീണ്ടു. അതാണ്, സമിയുടെ ഇന്നത്തെ ജീവിത പങ്കാളി ക്രിസ്റ്റഫര്‍. സമി ഹിന്ദുവും ക്രിസ്റ്റഫര്‍ ക്രിസ്ത്യനുമായിരുന്നു.
ആറു വര്‍ഷമായി, ഇരുവരും ഒരുമിച്ചാണ് ജീവിക്കുന്നത്. ആരണ്‍ എന്ന പുത്രനുണ്ട്. മൂന്ന് തവണ ഇരുവരും വിവാഹിതരായി.
2013 -ല്‍ ഡെന്‍മാര്‍ക്കിലായിരുന്നു ആദ്യ വിവാഹം. പിന്നീട്, മുംബൈയിലെ താജ് പാലസില്‍വെച്ച് ഹിന്ദു ആചാര പ്രകാരം വിവാഹിതയായി. പിന്നീട് ജര്‍മന്‍ ദ്വീപായ റൂജനില്‍വെച്ച് ക്രിസ്തീയ ആചാര പ്രകാരം വിവാഹിതയായി.
ആദ്യമാദ്യം സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും പ്രണയപരിശീലനം നല്‍കി. പിന്നീട്, ഇതാണ് തട്ടകമെന്ന് മനസ്സിലാക്കി ഡേറ്റിംഗ് ഗുരുവായി മാറി. തുടര്‍ന്ന്, ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ പ്രണയപരിശീലനം ആരംഭിച്ചു.
''വീട്ടുകാരൊക്കെ ആദ്യം അമ്പരപ്പിലായിരുന്നു. പ്രണയപരിശീലക എന്ന ജോലിയെക്കുറിച്ച് അവര്‍ക്കാര്‍ക്കും അറിവില്ലായിരുന്നു. എനിക്കെന്തോ പ്രാന്തായി എന്നാണ് ജോലി രാജിവെച്ചതിനെക്കുറിച്ച് വീട്ടുകാര്‍ പറഞ്ഞിരുന്നത്. ''-സമി പറയുന്നു.
എന്നാല്‍, അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് അവര്‍ ജീവിതം മാറ്റിയെഴുതി. ചെറിയ തുകയ്ക്കായിരുന്നു അവരാദ്യം പരിശീലനം നല്‍കിയിരുന്നത്. എന്നാല്‍, പിന്നീട്, വമ്പന്‍ ഫീസ് ഏര്‍പ്പെടുത്താന്‍ തുടങ്ങി.
''വില കുറഞ്ഞ ട്രെയിനിംഗിന് ആരും ഒരു വിലയും കല്‍പ്പിക്കില്ല. അതിനാല്‍, ഞാന്‍ മാര്‍ക്കറ്റിലെ ഏറ്റവും മികച്ച ഫീസ് തന്നെ ഈടാക്കിത്തുടങ്ങി. അതോടെ കുറച്ച് ക്ലയന്റുകള്‍ മാത്രമായി. ഹോളിവുഡ് താരങ്ങളും കോര്‍പറേറ്റുകളും വമ്പന്‍ പണക്കാരും തേടിവന്നു''-സമി പറയുന്നു.
ചെറിയ ഗ്രൂപ്പുകള്‍ക്ക് വേണ്ടിയുള്ള പരിശീലന ക്ലാസുകള്‍ ആണ് സമിയുടെ സവിശേഷത. പൊതുവായ ക്ലാസുകള്‍ കഴിഞ്ഞാല്‍, ഓരോരുത്തരെയും വ്യക്തിപരമായി സഹായിക്കാനും മികച്ച പ്രണയജീവിതം കണ്ടെത്താനും അവര്‍ കൂടെ നില്‍ക്കും.
മികച്ച പ്രണയികളെ കണ്ടെത്തിയാല്‍, വിവാഹം അടക്കമുള്ള കാര്യങ്ങള്‍ക്കു വേണ്ടി മുഴുവന്‍ സൗകര്യങ്ങളും അവര്‍ ഏര്‍പ്പടുത്തും. ഏറ്റവും മനോഹരമായ വിധത്തില്‍ വിവാഹങ്ങള്‍ സംഘടിപ്പിക്കുന്നതിലും സമിയുടെ കമ്പനി സഹായിക്കും.
പ്രണയവും അടുപ്പവും ഡേറ്റിംഗുമൊക്കെ ആകെ പ്രതിസന്ധിയിലായ കൊറോണക്കാലത്തും നല്ല തിരക്കിലായിരുന്നു സമി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്ലയന്റുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവരെ മനോഹരമായ പ്രണയജീവിതത്തിലേക്ക് കൈപിടിചചു നടത്താനും അവര്‍ സമയം ചെലവിട്ടു.
തനിക്ക് ഇഷ്ടമുള്ള രീതിയില്‍ തയ്യാറാക്കിയ, കോടികള്‍ വിലമതിക്കുന്ന മനോഹരമായ വീട്ടിലാണ് സമിയും ഭര്‍ത്താവും കുട്ടിയും കഴിയുന്നത്.
സമിക്ക് ഇവിടെ എല്ലാ സൗകര്യങ്ങളുമുള്ള വലിയ ഓഫീസുമുണ്ട്.
സ്വന്തം നിറത്തെ കുറിച്ച് അപകര്‍ഷതാ ബോധമുണ്ടായിരുന്ന ഒരുവളായിരുന്നു താനെന്ന് സമി ഓര്‍മ്മിക്കുന്നു.
15 വയസ്സുള്ളപ്പോള്‍ ബ്രിട്ടനിലേക്ക്
ഒരു കള്‍ച്ചറല്‍ എക്സ്ചേഞ്ച് പരിപാടിയുടെ ഭാഗമായി നടത്തിയ പര്യടനമാണ് തന്റെ ജീവിതം മാറ്റിയതെന്നും അവര്‍ പറയുന്നു.
തവിട്ടു നിറമുള്ള ചര്‍മ്മത്തെക്കുറിച്ച് അപകര്ഷതാബോധമുണ്ടായിരുന്ന തന്നെ അന്ന് താമസിച്ചിരുന്ന ലണ്ടനിലെ വീട്ടിലെ ആതിഥേയ ആ നിറത്തിന്റെ മനോഹാരിത ബോധ്യപ്പെടുത്തുകയും ആത്മവിശ്വാസത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തതായി സമി ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്.
ക്ലയന്റ്സിനെ പോസിറ്റീവായ സ്വന്തം കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ആത്മവിശ്വാസം വളര്‍ത്തുകയും അങ്ങനെ ബന്ധങ്ങളിലേക്ക് നയികകുകയുമാണ് സമിയുടെ രീതി.
ഏറ്റവും മനോഹരമായ വിധത്തില്‍ വിവാഹങ്ങള്‍ സംഘടിപ്പിക്കുന്നതിലും സമിയുടെ കമ്പനി സഹായിക്കും.
പുരുഷന്മാരെക്കുറിച്ചും അവരുടെ ആകര്‍ഷണങ്ങളെക്കുറിച്ചും പ്രണയസങ്കല്പ്പങ്ങളെക്കുറിച്ചുമുള്ള നല്ല അറിവ് നല്‍കുകയാണ് മറ്റൊരു രീതി.
ഇതിനായി എത്ര നേരം വേണെങ്കിലും ക്ലയന്റ്സിന്റെ കൂടെ നില്ക്കാന് സമിക്ക് ഒരു മടിയുമില്ല.
ആത്മവിശ്വാസത്തിലൂടെ സുന്ദരിയാണെന്ന ബോധ്യം സൃഷ്ടിക്കുകയും ഏത് പുരുഷനും പിന്നാലെ നടക്കുന്ന അവസ്ഥയില്‍ എത്തിക്കുകയും ചെയ്യുകയാണ് സമിയുടെ അധ്യയന രീതി.
സമിയുടെ അധ്യായന രീതി ഇതിന് ഏറെ സഹായകമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു, ലോകമെങ്ങുമുള്ള സംതൃപ്തരായ അനേകം ക്ലയന്റുകള്‍.