'ഓരോ പ്രായമുള്ളവർ മരിക്കുമ്പോഴും നമുക്ക് നഷ്ടമാകുന്നത് നമ്മുടെ സംസ്കാരം കൂടിയാണ്', ആശങ്കയോടെ തദ്ദേശീയർ
കൊവിഡ് എന്ന മഹാമാരി തീര്‍ത്തും അപ്രതീക്ഷിതമായാണ് ലോകത്തെ അക്രമിച്ചത്. പല രാജ്യങ്ങളും ആദ്യം പകച്ചു നില്‍ക്കുകയും പിന്നീട് എങ്ങനെയും അതിനെ പ്രതിരോധിക്കാനുമുള്ള നടപടികള്‍ കൈക്കൊണ്ടു. എന്നാല്‍, വലിയ വലിയ പല നഷ്ടങ്ങളും ഈ മഹാമാരിയെ തുടര്‍ന്ന് ലോകത്തിന്‍റെ പല കോണുകളിലുമുണ്ടായി. തദ്ദേശീയരായ അമേരിക്കക്കാര്‍ക്കിടയില്‍ കൊവിഡിനെ തുടര്‍ന്ന് നിരവധി മരണങ്ങളുണ്ടായി. അതില്‍ തന്നെ പ്രായമായവരെയാണ് കൊവിഡ് കൊണ്ടുപോയത്. അതിലൂടെ തങ്ങള്‍ക്ക് നഷ്ടമായത് തങ്ങളുടെ സംസ്കാരത്തെയും ജീവിതരീതിയെയും കുറിച്ച് അഗാധമായ അറിവുള്ളവരെയാണ് എന്ന ആശങ്ക പങ്കുവയ്ക്കുകയാണ് അവിടെയുള്ളവര്‍.
ഓരോ തവണയും ഒരു പ്രായമായ ആള്‍ ഈ ഭൂമി വിട്ടുപോകുമ്പോള്‍ ഒരു ലൈബ്രറി ഇല്ലാതെയാവുന്നത് പോലെയാണ്. നമ്മുടെ ചരിത്രത്തിന്‍റെ, ആഘോഷങ്ങളുടെ, അറിവുകളുടെ ശേഖരമാണ് ഇല്ലാതെയാവുന്നത്. ആ അറിവുകളൊന്നും എവിടെയും രേഖപ്പെടുത്തി വച്ചവയല്ല. അത് ഇന്‍റര്‍നെറ്റിലൊന്നും കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിക്കുകയല്ല -നവാജോ നാഷണിലെ അംഗമായ ക്ലൈസണ്‍ ബെനാലി പറയുന്നു.
അരിസോണയിലെ വീട്ടിലിരുന്ന് അച്ഛനില്‍ നിന്ന് പകര്‍ന്നു കിട്ടിയ വിവരങ്ങള്‍ കൈമാറാന്‍ ശ്രമിക്കുകയാണ് ബെനാലിയും സഹോദരി ജെനെഡയും. ഇരുവരും അതിനെ വലിയ ഉത്തരവാദിത്തമായിട്ടാണ് കാണുന്നത്.
ആസ്ത്മ, ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം തുടങ്ങിയ അസുഖങ്ങളെല്ലാമുള്ളതിനാല്‍തന്നെ തദ്ദേശീയര്‍ക്ക് എളുപ്പത്തില്‍ കൊവിഡ് പടരാനുള്ള സാഹചര്യമുണ്ട്.
യുഎസ്സിലെ ഏറ്റവും വലിയ ഗോത്രസമൂഹമാണ് നവാജോ നാഷണ്‍. 300,000 അംഗങ്ങളെങ്കിലും ഇതിലുണ്ട്. അതില്‍ 22,776 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 783 പേരെങ്കിലും മരിക്കുകയും ചെയ്തിട്ടുണ്ട്. അവിടെ നവംബര്‍ 16 മുതല്‍ ലോക്ക്ഡൌണ്‍ ആണ്. ഇത് ജനുവരി 10 വരെ നീളുമെന്നാണ് കരുതുന്നത്.
ജെനെഡയും ബെനലിയും സഹോദരന്‍ ക്ലീയും ചേര്‍ന്ന് അച്ഛനില്‍ നിന്നും പകര്‍ന്നു കിട്ടിയ ഭാഷ, പരമ്പരാഗത വൈദ്യം, സംസ്കാരം ഇവയെല്ലാം പുതുതലമുറയിലേക്ക് കൂടി പകര്‍ന്ന് കൊടുക്കാനുള്ള ശ്രമത്തിലാണ്. അവരുടെ പിതാവ് കൊച്ചുമക്കളിലേക്കും ഇപ്പോള്‍ ആ അറിവ് പകരുന്നു. ജെനെഡ പരമ്പരാഗത വൈദ്യത്തില്‍ അറിവ് നേടിയിട്ടുണ്ട്. ഔഷധസസ്യങ്ങളെ കുറിച്ചും അവ ഉപയോഗിക്കേണ്ട രീതിയെ കുറിച്ചും അവള്‍ നിരന്തരം മനസിലാക്കുന്നു.
ഈ സഹോദരങ്ങള്‍ ഇരുവരും പങ്ക് റോക്കും അവതരിപ്പിക്കാറുണ്ട്. പുരസ്കാരങ്ങളടക്കം ഇതില്‍ നേടുകയുമുണ്ടായി. ഇന്ന് ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി അവര്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നു. തങ്ങളുടെ സംസ്കാരം മറ്റുള്ളവരിലേക്കെത്തിക്കുക എന്നതാണ് ഇതിലൂടെ പ്രധാനമായും ഇവരുദ്ദേശിക്കുന്നത്.
എന്നാല്‍, തങ്ങളുടെ ആചാരപരമായ ഈ കലയും സംസ്കാരവുമെല്ലാം പവിത്രമാണ് എന്നും അത് എത്രത്തോളം ഇന്‍റര്‍നെറ്റിലൂടെ പങ്കിടാമെന്നതിനെ കുറിച്ച് ബോധ്യമുണ്ട് എന്നും ഈ സഹോദരങ്ങള്‍ പറയുന്നു.
നവജോസില്‍ 10 ശതമാനം പേര്‍ക്കും വൈദ്യുതിയില്ല. 40 ശതമാനത്തോളം ആളുകള്‍ക്ക് കുടിവെള്ളസൌകര്യവും. ഇതെല്ലാം തന്നെ കൊവിഡ് കാലത്ത് അവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നു. കാലങ്ങളായുള്ള അവഗണനയും അടിസ്ഥാനസൗകര്യങ്ങളില്ലായ്മയും തങ്ങളുടെ ജീവിതം കഷ്ടത്തിലാക്കുന്നുവെന്ന് ജെനെഡ പറയുന്നു.
20 സെക്കന്‍റ് കൈ കഴുകണമെന്ന് നിങ്ങള്‍ പറയുന്നു. ശരിക്ക് വെള്ളം പോലും ലഭ്യമല്ലാത്തയിടത്ത് അതെങ്ങനെ സാധ്യമാവുമെന്നും അവര്‍ ചോദിക്കുന്നു. സാധനങ്ങള്‍ തീര്‍ന്നുപോകുമ്പോള്‍ അത് വാങ്ങുന്നതിനായി അതിര്‍ത്തികളിലേക്ക് പോകണം. ഇതും രോഗസാധ്യത വര്‍ധിപ്പിക്കുന്നു. ബെനലി അത്യാവശ്യസാധനങ്ങളായ വെള്ളം, വിറക് ഇവയെല്ലാം എത്തിച്ചുകൊടുക്കുന്ന സന്നദ്ധപ്രവര്‍ത്തകനായും പ്രവര്‍ത്തിക്കുന്നുണ്ട്.
ഓരോ നാടിനും ഓരോ ജനതയ്ക്കും ഓരോ സംസ്കാരമുണ്ട്. അവരുടേതായ ചില അടയാളങ്ങളും. ഈ കൊവിഡ് കാലം അവയെക്കൂടി കവര്‍ന്നെടുക്കുമോ എന്ന ഭയം കൂടി അവശേഷിപ്പിക്കുന്നു.