ഇഷ്‍ട ഭക്ഷണം, മദ്യം, ആഘോഷം; ഇത് 'മരിച്ചവരുടെ ദിവസ'ങ്ങളിലെ കാഴ്ചകള്‍
'ദിയ ദെ മുയേര്‍ത്തോസ്' എന്ന് കേട്ടിട്ടുണ്ടോ? സ്‍പാനിഷ് ഭാഷയാണിത്, അര്‍ത്ഥം 'മരിച്ചവരുടെ ദിവസം' എന്നാണ്. മെക്സിക്കോയിലും പ്രത്യേകിച്ച് മെക്സിക്കോയുടെ മധ്യ, തെക്കന്‍ പ്രദേശങ്ങളില്‍ ഇങ്ങനെ മരിച്ചവരുടെ ദിവസം ആഘോഷിക്കാറുണ്ട്. ആ അവധി ദിവസം മരിച്ചവരെ ഓര്‍ക്കാനായും അവര്‍ക്കൊപ്പം ആഘോഷിക്കാനുമായി മാറ്റിവച്ചിരിക്കുന്നതാണ്. മെക്സിക്കോയില്‍ മാത്രമല്ല, മെക്സിക്കന്‍ വംശജര്‍ കൂടുതലായി താമസിക്കുന്ന യു എസ്സിലും മരിച്ചവരുടെ ദിവസം ആഘോഷിക്കാറുണ്ട്. ആ ദിവസത്തിന്‍റെ പ്രത്യേകതകളറിയാം.
2008 -ല്‍ യുനെസ്കോ അവരുടെ ഇന്‍റാഞ്ചിബിള്‍ ഹെറിറ്റേജ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ഈ ആഘോഷത്തെ. മിക്കവാറും നവംബര്‍ മാസത്തിലെ ആദ്യദിവസങ്ങളിലാണ് മരിച്ചവരുടെ ദിവസമായി ആഘോഷിക്കപ്പെടുന്നത്. ആ ദിവസങ്ങള്‍ മരിച്ചുപോയ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്കെല്ലാം വേണ്ടി മാറ്റിവച്ചിരിക്കുകയാണ്. അവര്‍ക്കുവേണ്ടി പ്രത്യേകം ഓര്‍മ്മ ആചരിക്കലും പ്രാര്‍ത്ഥനകളുമെല്ലാം ഉണ്ടാവും. ദിവസങ്ങളോളം ഈ ഓര്‍മ്മദിനങ്ങള്‍ നീണ്ടുനിന്നേക്കാം.
ആ ദിവസങ്ങളില്‍ എല്ലാവരും പരസ്‍പരം കൂടിയിരുന്നാണ് പലപ്പോഴും ഈ പ്രാര്‍ത്ഥനകളും ഓര്‍മ്മ പുതുക്കലുമൊക്കെ നടത്തുന്നത്. മരണമെന്നാല്‍ ഒരു മനുഷ്യന് ഒഴിവാക്കാനാകാത്തതാണ്. ജീവിക്കുമ്പോള്‍ തന്നെ മരണമെന്ന അനിവാര്യത ഒരാളുടെ കൂടെയുണ്ട്. മരണത്തെ ഭയക്കേണ്ടതില്ലെന്നും അതിനെ സ്വീകരിക്കാന്‍ കൂടി നാം തയ്യാറാവേണ്ടതുണ്ട് എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ മരിച്ചവരുടെ ദിവസം ആഘോഷിക്കുന്നതിലൂടെ ഒരു ജനത ഓര്‍മ്മിപ്പിക്കുന്നത്.
മരിച്ചവരുടെ ദിവസം എന്നതുകൊണ്ട് ആ ദിവസങ്ങള്‍ ആകെ ശോകമാണെന്ന് കരുതരുത്. മരിച്ചവരും ആ ദിവസങ്ങളില്‍ തങ്ങള്‍ക്കൊപ്പം വന്ന് ആഘോഷിക്കും എന്നാണ് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ ആ ദിവസങ്ങള്‍ ആഘോഷത്തിന്‍റേതാണ്.
ഈ ദിവസങ്ങളില്‍ മെക്സിക്കോയില്‍ പൊതു അവധിയാണ്. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന ചില രാജ്യങ്ങളിലെല്ലാം ഈ ദിവസങ്ങള്‍ 'ദിയ ദി ലോസ് മ്യൂര്‍ട്ടോസ്' എന്നും അറിയപ്പെടുന്നുണ്ട്. പതിനാറാം നൂറ്റാണ്ടില്‍, അതായത് സ്‍പാനിഷ് കോളനിവല്‍ക്കരണത്തിന് മുമ്പ് മരിച്ചവരുടെ ദിനം ആഘോഷിച്ചിരുന്നത് വേനല്‍ക്കാലത്തിന്‍റെ തുടക്കത്തിലായിരുന്നു.
എന്നാല്‍, പിന്നീട് പാശ്ചാത്യ ക്രിസ്ത്യന്‍ ആചാരങ്ങളായ ഓള്‍ സെയ്ന്‍റ്സ് ഈവ്, ഓള്‍ സെയ്ന്‍റ്സ് ഡേ, ഓള്‍ സോള്‍സ് ഡേ എന്നിവയുടെ ഒക്കെ കൂടെ ഒക്ടോബര്‍ 31, നവംബര്‍ ഒന്ന്, രണ്ട് തീയതികളിലായി മരിച്ചവരുടെ ദിനാഘോഷവും.
ഈ ദിവസം വെറുതെ അങ്ങ് വന്ന് പോവുകയല്ല. ആഘോഷിക്കാനായെത്തുന്ന മരിച്ചവര്‍ക്കുവേണ്ടി നിരവധി തയ്യാറെടുപ്പുകള്‍ അവരുടെ പ്രിയപ്പെട്ടവര്‍ നടത്താറുണ്ട്. ഒഫ്രെണ്ടാസ് എന്ന പേരിലറിയപ്പെടുന്ന സ്വകാര്യ അള്‍ത്താരകള്‍ തയ്യാറാക്കുക, കാലവേരാസ് എന്ന തലയോട്ടികളുടെ മാതൃക തയ്യാറാക്കി വെക്കുക, വിവിധ പുഷ്‍പങ്ങള്‍ മരിച്ചവരെ ആദരിക്കാനായി തയ്യാറാക്കി വെക്കുക, മരിച്ചവരുടെ ഇഷ്ടവിഭവങ്ങളും പാനീയങ്ങളുമെല്ലാം തയ്യാറാക്കി അവരുടെ കുഴിമാടങ്ങളില്‍ സമര്‍പ്പിക്കുക തുടങ്ങിയവയും അവര്‍ ചെയ്യുന്നു.
അന്നേദിവസം ഇവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ കുഴിമാടങ്ങള്‍ സന്ദര്‍ശിക്കും. പൂക്കള്‍ കൊണ്ടും മറ്റും അലങ്കരിക്കും. കുട്ടികള്‍ പോലും മരിച്ച കുട്ടികള്‍ക്കായി പ്രാര്‍ത്ഥിക്കുകയും അവരെ ഓര്‍ക്കുകയും അവര്‍ ഈ ദിവസത്തില്‍ തങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് കരുതി ആഘോഷിക്കുകയും ചെയ്യാറുണ്ട്. ദൂരെയാണ് പ്രിയപ്പെട്ടവരെ അടക്കിയിരിക്കുന്നതെങ്കില്‍ അങ്ങോട്ട് യാത്ര ചെയ്തുപോകുന്നവരുമുണ്ട്.
കുട്ടികള്‍ക്കായി അവര്‍ക്കിഷ്‍ടമുള്ള കളിപ്പാട്ടങ്ങളും മറ്റുമാണ് സമര്‍പ്പിക്കുന്നതെങ്കില്‍ മിക്കപ്പോഴും മുതിര്‍ന്നവര്‍ക്കായി അവര്‍ക്കിഷ്ടപ്പെട്ട മദ്യം സമര്‍പ്പിക്കാറുണ്ട്. ചിലപ്പോള്‍ വീടിന്‍റെ പുറത്തായി അവര്‍ക്ക് കഴിയാനെന്ന പോലെ പുതപ്പും മറ്റും സമര്‍പ്പിക്കുന്നവരുമുണ്ട്. ചിലരാകട്ടെ ആഘോഷവും ഓര്‍മ്മ പുതുക്കലുമായി രാത്രി മൊത്തം പ്രിയപ്പെട്ടവരെ അടക്കിയിരിക്കുന്നിടത്ത് കഴിയാറുമുണ്ട്.
എന്നാലും എങ്ങനെയായിരിക്കും ഈ ആഘോഷം പിറവി കൊണ്ടത് എന്ന് ഗവേഷകര്‍ പഠനമെല്ലാം നടത്തിയിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആസ്ടെക് എന്ന ഉത്സവവുമായി ഈ ആഘോഷത്തിന് ബന്ധമുള്ളതായിട്ടാണ് ഗവേഷകര്‍ കണ്ടെത്തിയത്.
ഏതായാലും മരിച്ചവര്‍ക്ക് വേണ്ടിയുള്ള ആഘോഷം ഇന്ന് മെക്സിക്കോയിലെ ഈ ജനവിഭഗത്തിന്‍റെ ഇടയില്‍ സജീവമായുണ്ട്. അവര്‍ താമസിക്കുന്ന മറ്റിടങ്ങളിലും. ഏതായാലും ഈ വര്‍ഷത്തെ ആഘോഷം കൊറോണ കൊണ്ടുപോകുമോ എന്നറിയില്ല.
(ചിത്രങ്ങള്‍: ഗെറ്റി ഇമേജസ്)