ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ആ പ്രണയജോടികള്‍ വേര്‍പിരിഞ്ഞു, 'ലവ് ഗുരു' ഇപ്പോള്‍ ഒറ്റയ്ക്കാണ്!
അദ്ദേഹത്തിന് അന്ന് 49 വയസ്സായിരുന്നു. അവള്‍ക്ക് 19 വയസ്സും. 30 വയസ്സിന്റെ വ്യത്യാസം. എന്നിട്ടും അവര്‍ പ്രണയിച്ചു. എതിര്‍പ്പുകള്‍ മറികടന്ന് ഒന്നിച്ചു ജീവിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ പ്രണയികളെന്ന് വിളിക്കപ്പെട്ടു. അതു കഴിഞ്ഞ് 14 വര്‍ഷങ്ങള്‍. ഇപ്പോള്‍, പ്രണയികളല്ല. ജീവിതം ഒന്നിച്ചല്ല. അവള്‍ ആത്മീയവഴികളിലേക്ക് ഒറ്റയ്ക്ക് യാത്ര തിരിച്ചു. റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതം ഒറ്റയ്ക്ക് ജീവിച്ചു തീര്‍ക്കുന്നു അദ്ദേഹം ഇപ്പോള്‍.
ഇത് ബിഹാറിലെ പ്രണയഗുരു എന്നറിയപ്പെടുന്ന പ്രൊഫ. മടുക് നാഥ് ചൗധരിയുടെയും വിദ്യാര്‍ത്ഥിനിയില്‍നിന്നും കാമുകിയും ഭാര്യയുമായി മാറിയ ജൂലി കുമാരിയുടെയും കഥ.
ബീഹാറിലെ പാറ്റ്‌ന യൂണിവേഴ്‌സിറ്റിയില്‍ ഹിന്ദി വകുപ്പ് അധ്യക്ഷനായിരുന്നു അന്ന് 49 വയസ്സുണ്ടായിരുന്ന പ്രൊഫ. മടുക് നാഥ്. അദ്ദേഹത്തിന്റെ ശിഷ്യയായിരുന്നു ജൂലി.
2004 ലാണ് ഇരുവരും കണ്ടുമുട്ടിയത്. അദ്ദേഹത്തിന്റെ ശിഷ്യ ആയിരുന്നു ജൂലി. ക്ലാസില്‍ വൈകിയെത്തിയതിനെ തുടര്‍ന്നുള്ള ശകാരവും അതിനെത്തുടര്‍ന്നുള്ള സൗഹൃദവുമാണ് ഇരുവരെയും അടുപ്പിച്ചത്.
പ്രൊഫ. മടുക് നാഥിന് ഭാര്യയും രണ്ടു മക്കളുമുണ്ടായിരുന്നു. ശാന്തമായ ജീവിതം. ഭാര്യ ആഭ വീട്ടമ്മയായി കഴിയുകയായിരുന്നു.
ഇരുവരും തമ്മിലുള്ള അടുപ്പം പതുക്കെ പ്രണയത്തിലേക്ക് വഴിമാറി. ജൂലിയാണ് പ്രൊഫസറില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്ന് പറഞ്ഞത്. ആദ്യം അദ്ദേഹം അതിന് അനുകൂലമായിരുന്നില്ല. എന്നാല്‍, പ്രണയം അദ്ദേഹത്തെയും മാറ്റിമറിച്ചു.
മറ്റെല്ലാം മറന്ന് പ്രണയിക്കാന്‍ തുടങ്ങി അവര്‍. എന്നാല്‍, ഒട്ടും എളുപ്പമായിരുന്നില്ല അത്. മകളാവാന്‍ പ്രായമുള്ള വിദ്യാര്‍ത്ഥിനിയ്‌ക്കൊപ്പം പാര്‍ക്കിലും മറ്റുള്ള പൊതു ഇടങ്ങളിലും കറങ്ങുന്ന പ്രൊഫസര്‍ പെട്ടെന്നു തന്നെ ശ്രദ്ധിക്കപ്പെട്ടു. കഥകള്‍ പരന്നു.
അതോടെ വീട്ടിലും പ്രശ്‌നമായി. ഭാര്യ നിരന്തര വഴക്കിലേക്ക് മാറി. ബന്ധുക്കള്‍ പ്രൊഫസറെ ഒറ്റപ്പെടുത്തി. ഭാര്യയുടെ ബന്ധുക്കള്‍ ഇരുവരെയും പരസ്യമായി തല്ലിച്ചതച്ചു. തെരുവില്‍ വെച്ച് അദ്ദേഹത്തിന്റെ മുഖത്തു അവര്‍ കരിയോയില്‍ ഒഴിച്ചു.
തുടര്‍ന്ന് ഭാര്യ നല്‍കിയ പരാതിയില്‍ ഗാര്‍ഹിക പീഡനകുറ്റം ചുമത്തി പ്രൊഫസറെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വിശ്വാസ വഞ്ചനാ കേസില്‍ ജൂലിയും ജയിലിലായി.
പാറ്റ്‌ന സര്‍വകലാശാല അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. 2009 ല്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. എല്ലാവരും ആ പ്രണയത്തെ ശപിച്ചു. മാധ്യമങ്ങള്‍ അവരുടെ വാര്‍ത്തകള്‍ തുടര്‍ച്ചയായി നല്‍കി.
ജയില്‍ മോചിതനായ പ്രൊഫസര്‍ ജൂലിയെ കൈവിട്ടില്ല. അദ്ദേഹം പാറ്റ്‌ന വിട്ടു ഭഗല്‍പ്പൂരിലെത്തി, ഒരുമിച്ചു താമസം തുടങ്ങി. പിന്നീട് അദ്ദേഹം കോടതിയെ സമീപിച്ചു. അനുകൂല വിധി ഉണ്ടായി. 2013 ഫെബ്രുവരി 13 ന് അദ്ദേഹത്തെ ജോലിയില്‍ പുന:സ്ഥാപിക്കാന്‍ കോടതി വിധിച്ചു.
എന്നാല്‍, സര്‍വകലാശാല വിധി നടപ്പാക്കിയില്ല. അതിനായി അദ്ദേഹത്തിന് സത്യാഗ്രഹം കിടക്കേണ്ടി വന്നു. ഒടുവില്‍ ചാന്‍സലറായ ഗവര്‍ണര്‍ ഇപെട്ടു. വിധി നടപ്പാക്കി. പുറത്തായ കാലത്തെ ശമ്പളമായ 20 ലക്ഷം രൂപ അദ്ദേഹത്തിന് ലഭിച്ചു.
വിവാഹമോചന കേസില്‍ കോടതി ഭാര്യയ്ക്കും കുട്ടികള്‍ക്കും മാസം 15000 രൂപ ചിലവിനു നല്‍കാനും വിധിച്ചു. പാറ്റ്‌നയിലെ രണ്ടു വീടുകളിലൊന്ന് ആദ്യ ആദ്യ ഭാര്യക്ക് നല്‍കി. കോടിയിലേറെ വിലമതിക്കുന്നതാണ് ആ വീട്.
പ്രൊഫസറോടുള്ള പ്രണയം ശാരീരികം എന്നതിനേക്കാള്‍ ആത്മീയമാണ് എന്നാണ് ജൂലി മാധ്യമങ്ങളോട് പറഞ്ഞത്. അദ്ദേഹത്തിന്റെ വ്യക്തിത്വത്തോടുള്ള ആരാധനയില്‍ നിന്നാണ് അതുണ്ടായതെന്നും അവര്‍ പറഞ്ഞു.
ഇത്രയേറെ തടസ്സങ്ങള്‍ വന്നിട്ടും അതെല്ലാം വകഞ്ഞു മാറ്റി അവര്‍ സന്തോഷത്തോടെ ജീവിതമാരംഭിച്ചു. ജൂലിയുടെയും പ്രെഫസറുടെയും പ്രണയകഥ ലോകമാധ്യമങ്ങളില്‍ വാര്‍ത്തയായി. അദ്ദേഹത്തിനെ മാധ്യമങ്ങള്‍ ലവ് ഗുരു എന്നു വിളിച്ചു.
മനോഹരമായിരുന്നു ആ ജീവിതമെന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. പൊതുപ്രവര്‍ത്തനത്തിലും സജീവമായ പ്രൊഫസര്‍ക്കൊപ്പം പൊതുപരിപാടികളില്‍ ജൂലിയും പങ്കാളിയായി.
തങ്ങളുടെ അസാധാരണമായ പ്രണയത്തെക്കുറിച്ച് പ്രൊഫസര്‍ ഒരു പുസ്തകവും എഴുതി. മടുക്-ജൂലി ഡയറി എന്ന ആ പ്രണയകഥ ഏറെ ശ്രദ്ധിക്കപ്പെട്ടു. ചര്‍ച്ചകളില്‍ നിറഞ്ഞു.
വാലന്‍ൈറന്‍സ് ആഘോഷങ്ങളില്‍ ഇരുവരും അതിഥികളായിരുന്നു. മാധ്യമങ്ങള്‍ നിരന്തരം ഇരുവരെയും കുറിച്ച് എഴുതി. പ്രണയവുമായി ബന്ധപ്പെട്ട പര്യായമായി ഇരുവരും മാറി.
എന്നാല്‍, ആറു വര്‍ഷം മുമ്പ് വീണ്ടും കഥ മാറി. പ്രണയത്തിന്റെ ആനന്ദങ്ങളില്‍നിന്നും വൈവാഹിക ജീവിതത്തിലേക്കു വന്നുവീണ ജൂലി പതിയെ ആത്മീയപാതയിലേക്ക് കൂടുതല്‍ സഞ്ചരിക്കാന്‍ തുടങ്ങി.
ബനാറസ് ഹിന്ദു സര്‍വകലാശാലയിലും ജെ.എന്‍യുവിലും പഠിച്ച ജൂലി ആത്മീയ കേന്ദ്രങ്ങളിലേക്ക് ഒറ്റയ്ക്കുള്ള സഞ്ചാരങ്ങള്‍ ആരംഭിച്ചു. ഇത് അവരുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി.
തുടര്‍ന്ന്, ജൂലി ബന്ധം അവസാനിപ്പിച്ച് ഒറ്റയ്ക്ക് ജീവിക്കാനാരംഭിച്ചു. പുതുച്ചേരിയിലും ഋഷികേശിലും പൂനെയിലെ ഓഷോ ആശ്രമത്തിലുമായി അവര്‍ കഴിഞ്ഞു. പൊതുപരിപാടികളില്‍നിന്നും പൂര്‍ണ്ണമായി വിട്ടുനിന്ന ജൂലിയുടെ വിവരങ്ങള്‍ പിന്നീട് അധികമറിയില്ല.
പാറ്റനയില്‍ വരുമ്പോള്‍ ജൂലി തന്നെ കാണാന്‍ വരാറുണ്ടെന്ന് പ്രൊഫസര്‍ പറയുന്നു. ഇപ്പോഴും ഇടയ്ക്ക് വിളിക്കും. ആത്മീയമായ വഴികളിലൂടെ സഞ്ചരിക്കുകയാണ് അവളെന്നും ശാന്തി തേടിയുള്ള ആ യാത്ര അവള്‍ തുടരട്ടെ എന്നും അദ്ദേഹം പറയുന്നു.
എന്നാല്‍, ജൂലി പോയതോടെ പ്രൊഫസര്‍ പാറ്റ്‌നയിലെ ഫ്ളാറ്റില്‍ തനിച്ചായി. 2017-ല്‍ അദ്ദേഹം ജോലിയില്‍നിന്നും വിരമിച്ചിരുന്നു. ഭാര്യയും കുടുംബവും അതേ നഗരത്തിലുണ്ടെങ്കിലും അദ്ദേഹവുമായി ഒരു ബന്ധവുമില്ല. സ്റ്റോക്ക് ഹോമില്‍ ജോലി ചെയ്യുന്ന മകന് അദ്ദേഹത്തോട് മിണ്ടുക പോലുമില്ല.
ആരുമില്ലാതെ നില്‍ക്കുകയാണെങ്കിലും നിരാശനല്ല അദ്ദേഹം. ഫേസ്ബുക്കില്‍ സജീവമായ അദ്ദേഹം രാഷ്ട്രീയം അടക്കമുള്ള വിഷയങ്ങളില്‍ സ്ഥിരമായി എഴുതുന്നു. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നു.
പ്രണയത്തെയും ആത്മീയതയെയും ജീവിതത്തിന്റെ അര്‍ത്ഥത്തെയും കുറിച്ചുള്ള നിരവധി പോസ്റ്റുകള്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ കാണാം.
യാത്രകളെ ഇഷ്ടപ്പെടുന്ന അദ്ദേഹം നിരന്തരം സഞ്ചരിക്കുന്നു. കന്യാകുമാരിയില്‍ വന്നപ്പോഴുള്ള ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ എഫ് ബി പ്രൊഫൈലില്‍ കാണാം.
ഭഗല്‍പൂരില്‍ ജൂലിക്കൊപ്പം ഒരു പ്രണയവിദ്യാലയം തുടങ്ങാനുള്ള ആലോചനകളിലായിരുന്നു അദ്ദേഹം. അതിനിടെയാണ് അവള്‍ പോയത്. കുട്ടികള്‍ക്ക് പ്രണയത്തെയും സ്നേഹത്തെയും കുറിച്ച് ക്ലാസ് എടുക്കാനുള്ള ആഗ്രഹം അദ്ദേഹം ഇപ്പോഴും കൊണ്ടുനടക്കുന്നുണ്ട്. അത്തരമൊരു പാഠശാല താന്‍ തുടങ്ങുമെന്നു തന്നെ അദ്ദേഹം പറയുന്നു.
രണ്ടു വര്‍ഷം മുമ്പ് ഒരു പ്രണയദിനത്തില്‍, പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍, താന്‍ വീണ്ടുമൊരു വിവാഹത്തിന് ഒരുങ്ങുകയാണ് എന്നദ്ദേഹം പറഞ്ഞിരുന്നു. നിരവധി വിവാഹ ആലോചനകള്‍ തനിക്ക് വരുന്നുണ്ട് എന്നും അതിലൊന്ന് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞത് വാര്‍ത്തയായിരുന്നു.
പ്രൊഫസര്‍ക്കിപ്പോള്‍ 64 വയസ്സുണ്ട്. പ്രായമല്ല തന്റെ പ്രണയബന്ധത്തെ ഇല്ലാതാക്കിയത് എന്നാണ് പ്രൊഫസര്‍ പറയുന്നത്. മാനസികമായി തങ്ങളിരുവരും ഒരേ പ്രായമാണ് എന്നാണ് ജൂലി ഇപ്പോഴും പറയാറുള്ളത് എന്നും അദ്ദേഹം പറയുന്നു.
പ്രണയഗുരുവായി അറിയപ്പെടുന്ന ഓഷോയുടെ ആരാധകനാണ് പ്രൊഫസര്‍. ജീവിതത്തെ മാറ്റിത്തീര്‍ക്കുന്ന ശക്തിയാണ് പ്രണയം എന്നാണ് അദ്ദേഹത്തിന്റെ സാക്ഷ്യം. അതിനാല്‍, തന്റെ പ്രണയജീവിതം ഒരിക്കലും അവസാനിക്കില്ലെന്നും അദ്ദേഹം പറയുന്നു.
ജൂലി വിട്ടുപോയതോ അദ്ദേഹം ഒറ്റയ്ക്കായതോ അറിയാതെ ഇപ്പോഴും മലയാളത്തിലടക്കം അവരുടെ വിശുദ്ധ പ്രണയത്തെക്കുറിച്ച് ധാരാളം കുറിപ്പുകളും സോഷ്യല്‍ മീഡിയാ പോസ്റ്റുകളും കാണാറുണ്ട്.