മോറിസ്, ജമൈസണ്‍, മാക്സ്‌വെല്‍, ഗൗതം, ഇതാ ഐപിഎല്ലിലെ പൊന്നും വിലയുള്ള താരങ്ങള്‍
ചെന്നൈ: ഐപിഎല്‍ താരലേലത്തില്‍ ഇത്തവണയും ഗ്ലെന്‍ മാക്സ്‌വെല്‍ പൊന്നുംവിലയുള്ള താരമായപ്പോള്‍ ഏവരെയും അമ്പരപ്പിച്ചത് ക്രിസ് മോറിസിന്‍റെ ലേലത്തുകയായിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ലേലത്തുകയായ 16 കോടി 25 ലക്ഷം രൂപ നല്‍കി രാജസ്ഥാന്‍ റോയല്‍സാണ് മോറിസിനെ സ്വന്തമാക്കിയത്. ഇതാ ഐപിഎല്ലിലെ പൊന്നും വിലയുള്ള താരങ്ങള്‍.
കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്സിനായി കളിച്ച ക്രിസ് മോറിസിനെ സ്വന്തമാക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് മുടക്കിയത് 16.25 കോടി രൂപ. ഐപിഎല്‍ ചരിത്രത്തില്‍ ഒരു കളിക്കാര് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.
ന്യൂസിലന്‍ഡ് പേസറായ കെയ്ല്‍ ജാമിസണെ സ്വന്തമാക്കായി വാശിയേറിയ ലേലം വിളിക്കൊടുവില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മുടക്കിയത് 15 കോടി രൂപ.
കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കുപ്പായത്തില്‍ തീര്‍ത്തും നിറം മങ്ങിയെങ്കിലും ഇത്തവണയും കോടിക്കിലുക്കമുള്ള താരമാണ് ഗ്ലെന്‍ മാക്സ്‌വെല്‍. മാക്സ്‌വെല്ലിനായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മുടക്കിയത് 14.25 കോടി രൂപ.
ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയ ജെയ് റിച്ചാര്‍ഡ്സണായി പഞ്ചാബ് കിംഗ്സ് മുടക്കിയത് 14 കോടി രൂപ.
ഈ താരലേലത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുക നല്‍കി കൃഷ്ണപ്പ ഗൗതമിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത് 9.25 കോടി രൂപക്ക്.
ബിഗ് ബാഷ് ലീഗില്‍ ഹൊബാര്‍ട്ട് ഹറിക്കേന്‍സ് താരമായ റിലെ മെരിഡിത്തിനായി പഞ്ചാബ് കിംഗ്സ് മുടക്കിയത് എട്ടു കോടി രൂപ. 40 ലക്ഷമായിരുന്നു മെരിഡിത്തിന്‍റെ അടിസ്ഥാന വില.
ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മോയിന്‍ അലിക്കായി ചെന്നൈ സൂപ്പര്‍ കിംഗ്സ് മുടക്കിത് ഏഴ് കോടി രൂപയാണ്. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ താരമായിരുന്നു അലി.