IPL 2022 : അയ്യരുകളിക്കൊരുങ്ങി കൊല്‍ക്കത്ത; ഈ താരങ്ങള്‍ നിര്‍ണായകം, സാധ്യതാ ഇലവന്‍
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിലെ (IPL 2022) ഉദ്ഘാടന മത്സരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് (CSK vs KKR) കഠിന പരീക്ഷയാണ്. തന്ത്രങ്ങളും പരിചയസമ്പത്തും ഒരുപോലെയുള്ള ഒരുകൂട്ടം താരങ്ങള്‍ക്കെതിരെയാണ് കൊല്‍ക്കത്ത (Kolkata Knight Riders) മൈതാനത്തിറങ്ങേണ്ടത്. ഏത് ചെറിയ സ്‌കോറും തന്ത്രങ്ങള്‍ കൊണ്ട് പിടിച്ചുകെട്ടുന്ന ചെന്നൈയുടെ (Chennai Super Kings) മികവ് കെകെആറിന് മത്സരത്തിന് മുമ്പേ ആശയക്കുഴപ്പത്തിലാക്കും. എന്നാല്‍ ഭാവി ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന് പലരും വിശേഷിപ്പിക്കുന്ന ശ്രേയസ് അയ്യര്‍ (Shreyas Iyer) എന്ന നായകനില്‍ പ്രതീക്ഷയര്‍പ്പിച്ച് കളത്തിലേക്കെത്തുകയാണ് കൊല്‍ക്കത്ത ടീം. ചെന്നൈക്കെതിരെ കൊല്‍ക്കത്ത ഏതൊക്കെ താരങ്ങളെയാണ് അണിനിരത്താന്‍ സാധ്യതയെന്ന് നോക്കാം.
കഴിഞ്ഞ ഐപിഎല്‍ സീസണിന്‍റെ കണ്ടെത്തലായ വെങ്കടേഷ് അയ്യരാവും കൊല്‍ക്കത്തയുടെ ഓപ്പണര്‍മാരില്‍ ഒരാള്‍. കഴിഞ്ഞ സീസണില്‍ 10 മത്സരങ്ങളില്‍ 41.11 ശരാശരിയില്‍ 370 റണ്‍സ് താരം നേടിയിരുന്നു. ഒപ്പം 10 വിക്കറ്റും സ്വന്തമാക്കിയിരുന്നു.
വെങ്കടേഷ് അയ്യര്‍ക്കൊപ്പം ഇന്ത്യന്‍ വെറ്ററന്‍ അജിങ്ക്യ രഹാനെ ഓപ്പണിംഗില്‍ എത്തിയേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. അലക്‌സ് ഹെയ്‌ല്‍സ് ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറിയതും ആരോണ്‍ ഫിഞ്ച് വൈകിയേ സ്‌ക്വാഡിനൊപ്പം ചേരൂ എന്നതും പരിചയസമ്പന്നനായ രഹാനെയ്‌ക്ക് അനുകൂല ഘടകങ്ങളാണ്.
നായകന്‍ ശ്രേയസ് അയ്യര്‍, നിതീഷ് റാണ, സാം ബില്ലിംഗ്‌സ് എന്നിവരാണ് തുടര്‍ന്ന് വരാന്‍ സാധ്യതയുള്ള ബാറ്റര്‍മാര്‍. ഇന്നിംഗ്‌സ് പടുത്തുയര്‍ത്താന്‍ കെല്‍പുള്ള ശ്രേയസിന് പ്രിയം മൂന്നാം നമ്പര്‍ തന്നെ, എന്നാല്‍ മത്സരം ആവശ്യപ്പെടുന്നത് അനുസരിച്ച് മാറ്റത്തിന് തയ്യാര്‍. കഴിഞ്ഞ സീസണില്‍ 17 കളികളില്‍ 383 റണ്‍സ് റാണ നേടിയിരുന്നു. കെകെആര്‍ സ്‌ക്വാഡിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ എന്നതാണ് മുന്‍ സിഎസ്‌കെ താരം കൂടിയായ ബില്ലിംഗ്‌സിന് അനുകൂലമാകുന്ന ഘടകം.
വിന്‍ഡീസ് ഓള്‍റൗണ്ടര്‍മാരായ ആന്ദ്ര റസലിലും സുനില്‍ നരെയ്‌നിലും ഏറെ സീസണുകളിലായി പുലര്‍ത്തുന്ന വിശ്വാസം കൊല്‍ക്കത്ത കാത്തേക്കും. റസലിന്‍റെ പ്രഹരശേഷിയും നരെയ്‌ന്‍റെ ഓള്‍റൗണ്ട് മികവിലുമാണ് ടീമിന്‍റെ പ്രതീക്ഷ. കഴിഞ്ഞ സീസണില്‍ നരെയ്‌ന്‍ ഒരു നാല് വിക്കറ്റ് നേട്ടമടക്കം 16 പേരെ പുറത്താക്കിയിരുന്നു.
മിസ്റ്റരി സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കൊപ്പം ലങ്കന്‍ മീഡിയം പേസര്‍ ചമിക കരുണരത്‌നെയ്‌ക്കും ഇന്ത്യന്‍ യുവപേസര്‍ ശിവം മാവിക്കും ടീം അവസരം നല്‍കിയേക്കും. കഴിഞ്ഞ സീസണില്‍ വരുണ്‍ 17 മത്സരങ്ങളില്‍ 18 വിക്കറ്റ് സ്വന്തമാക്കി. അതേസമയം 140 കിലോമീറ്ററിലേറെ വേഗത്തില്‍ തുടര്‍ച്ചയായി പന്തുകള്‍ എറിയുന്നതാണ് മാവിയുടെ മിടുക്ക്.
ഇന്ത്യന്‍ വെറ്ററന്‍ പേസര്‍ ഉമേഷ് യാദവും പ്ലേയിംഗ് ഇലവനിലെത്താനിടയുണ്ട്. 2014ല്‍ കൊല്‍ക്കത്തയ്‌ക്കൊപ്പം കിരീടം നേടിയിട്ടുണ്ട് ഉമേഷ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ വിക്കറ്റ് നേടുകയാവും ഉമേഷ് യാദവിന്‍റെ ദൗത്യം.