IPL 2022 : സഞ്ജുവും ദേവ്‌ദത്തും ഒന്നിച്ച്, ബൗളര്‍മാര്‍ ആരൊക്കെ; രാജസ്ഥാന്‍ പ്ലേയിംഗ് ഇലവന്‍ സാധ്യതകള്‍
പൂണെ: ഐപിഎല്ലില്‍ (IPL 2022) രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ഇത്തവണ ബൗളിംഗ് കരുത്തുകൂട്ടിയാണ് വരുന്നത്. ട്രെന്‍റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്‌ണ എന്നിവര്‍ക്കൊപ്പം ജയിംസ് നീഷാമും നേഥൻ കൂൾട്ടർ നൈലും കരുത്താകുന്നു. ബാറ്റിംഗിലാവട്ടെ സഞ്ജു സാംസണും ജോസ് ബട്‌ലര്‍ക്കുമൊപ്പം ദേവ്‌ദത്ത് പടിക്കലെത്തിയത് കരുത്ത് ഇരട്ടിയാക്കുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ (Sunrisers Hyderabad) രാജസ്ഥാന്‍റെ പ്ലേയിംഗ് ഇലവന്‍ സാധ്യതകള്‍ ഇങ്ങനെ.
ബാറ്റിംഗില്‍ അതിശക്തമായ ടോപ് 4 ആണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ശക്തി. ജോസ് ബട്‌ലര്‍, യശസ്വീ ജയ്സ്വാള്‍, സഞ്ജു സാംസണ്‍, ദേവ്‌ദത്ത് പടിക്കല്‍ എന്നിവരാണ് ആദ്യനാലില്‍ ബാറ്റേന്തുക.
കഴിഞ്ഞ സീസണില്‍ 14 കളിയില്‍ 484 റണ്‍സ് നേടി താരമാണ് സഞ്ജു സാംസണ്‍. ദേവ്‌ദത്ത് പടിക്കലാവട്ടെ 2021 സീസണില്‍ 14 മത്സരങ്ങളില്‍ ഒരു ശതകമടക്കം 411 റണ്‍സ് കണ്ടെത്തി. ജോസ് ബട്‌ലര്‍ കഴിഞ്ഞ സീസണില്‍ ഏഴ് കളിയില്‍ നേടിയത് 254 റണ്‍സ്. യശസ്വീ ജയ്സ്വാള്‍ 10 കളിയില്‍ 249 റണ്‍സ് പേരിലാക്കി.
ഷിമ്രോൺ ഹെറ്റ്മെയറിന്‍റെ കൂറ്റൻ ഷോട്ടുകളിലും രാജസ്ഥാന് പ്രതീക്ഷയേറെ. റിയാന്‍ പരാഗും അവസരത്തിനൊത്തുയരും എന്നാണ് ടീമിന്‍റെ പ്രതീക്ഷ.
ഓള്‍റൗണ്ടര്‍മാരില്‍ നിന്ന് ജിമ്മി നീഷം, നേഥൻ കൂൾട്ടർ നൈല്‍ എന്നിവരില്‍ ആര് പ്ലേയിംഗ് ഇലവനിലെത്തും എന്നതും ശ്രദ്ധേയം. ബാറ്റിംഗ് പരിഗണിച്ചാല്‍ നീഷമിനാണ് കൂടുതല്‍ സാധ്യത.
സ്‌പിന്നര്‍മാരായി രവിചന്ദ്ര അശ്വിനും യുസ്‌വേന്ദ്ര ചാഹലും സ്ഥാനമുറപ്പിക്കും എന്നുറപ്പ്. അശ്വിന്‍ കഴിഞ്ഞ തവണ 15 കളിയില്‍ 13 ഉം ചാഹല്‍ 18 വിക്കറ്റും സ്വന്തമാക്കിയിരുന്നു.
പേസ് നിരയില്‍ പ്രസിദ്ധ് കൃഷ്‌ണയായിരിക്കും ട്രെന്‍റ് ബോള്‍ട്ടിന്‍റെ പങ്കാളി. കഴിഞ്ഞ സീസണില്‍ 14 കളിയില്‍ 13 വിക്കറ്റ് നേടി ബോള്‍ട്ടെങ്കില്‍ പ്രസിദ്ധ് 10 മത്സരങ്ങളില്‍ 12 വിക്കറ്റ് പേരിലാക്കി.