ബിഗ് ബോസ് ; ചീറ്റിപ്പോയ അര്‍ദ്ധരാത്രി ഗൂഢാലോചന
ഇത്തവണത്തെ വീട്ടിന്‍റെ ഉടമ ആരാണെന്ന് അറിയാനുള്ള അവസാന ലാപ്പുകളിലേക്ക് ബിഗ് ബോസ് രണ്ടാം ഘട്ടം കടന്നു. മത്സരങ്ങള്‍ക്ക് കടുപ്പമേറുന്നു. വീട്ടിലെ ഗ്രൂപ്പുകളുടെ കടയ്ക്കല്‍ കത്തിവച്ച് കൊണ്ട് ബിഗ് ബോസും വീട്ടില്‍ ഇടപെട്ട് തുടങ്ങി. രജിത്തിന്‍റെയും ആര്യയുടെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകള്‍ സ്വന്തം ശക്തി തെളിയിക്കുവാനും എതിര്‍ ഗ്രൂപ്പിലുള്ളവരെ വീടിന് പുറത്താക്കി സ്വന്തം ഇടങ്ങളെ സുരക്ഷിതമാക്കാനുമുള്ള തന്ത്രങ്ങളിലേക്ക് കടന്നു കഴിഞ്ഞു. വീണയുടെ നഷ്ടം ആര്യയ്ക്ക് നല്‍കിയത് വലിയ ക്ഷീണമാണ്. അതില്‍ നിന്ന് മറികടക്കേണ്ടത് ഗ്രൂപ്പിന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. എന്നാല്‍ മുന്‍പത്തേക്കാളേറെ കഥകളും പാട്ടുകളും സാരോപദേശങ്ങളും ജീവിത മന്ത്രങ്ങളുമായി രജിത്തും കുട്ടികളും ശക്തരായിക്കഴിഞ്ഞു. അര്‍ദ്ധരാത്രിയിലാണ് ഇപ്പോള്‍ ബിഗ് ബോസിലെ രഹസ്യ ഭാഷണങ്ങള്‍. എന്നാല്‍ കളിക്കാരേക്കാള്‍ വലിയവനാണ് കളിപ്പിക്കുന്നവനെന്ന് കളിക്കാര്‍ അറിയാനിരിക്കുന്നേയുണ്ടായിരുന്നൊള്ളൂ... കാണാം ബിഗ് ബോസിലെ രഹസ്യഭാഷണങ്ങള്‍.
കുട്ടികളില്‍ കള്ളത്തമില്ലായെന്ന് പറയുമ്പോലെയാണ് ഫുക്രുവിന്‍റെ കാര്യങ്ങള്‍. അങ്ങനെയിരിക്കുമ്പോള്‍ ഫുക്രുവില്‍ നിന്നൊരു വെളിപാടുണ്ടാകും. ഭക്ഷണം കഴിക്കുനിരിക്കുമ്പോഴായിരുന്നു ഫുക്രുവില്‍ നിന്ന് അത്തരമൊരു പ്രസ്ഥാവന വരുന്നത്. ലൈറ്റ് പോകുമ്പോഴാണ് ആളുകള്‍ കോമ്പ്രമൈസിന് പോകുന്നത് എന്ന് ഫുക്രു പറയുന്നു. അതിന് പിന്നാലെ ഗാര്‍ഡന്‍ ഏരിയയിലെ ഇരുട്ടത്ത് എതിര്‍ ടീമിലെ രജിത്തും സംഘവും ഫുക്രു അടങ്ങിയ ആര്യാ സംഘത്തെ പുറത്താക്കാനും അതുവഴി അവനവന് സുരക്ഷിതനാകാനുമുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നത്. ഫുക്രു അവസാനം " നമ്മള് നമ്മളെ കാര്യം നോക്കുക. മുന്നോട്ട് പോകുക. എറങ്ങി പോകാന്‍ പറയുമ്പോ കൂളായിട്ട് എറങ്ങിപ്പോവുക. അത്രേയുള്ളൂ.. ല്ലേ.. ആര്യേ.. " എന്ന് പറഞ്ഞാണ് സംഭാഷണം അവസാനിപ്പിക്കുന്നത്.
രാത്രി 10.25. രഘു, രജിത്ത്, അഭിരാമി, അമൃത, സുജോ, സാന്ദ്ര എന്നിവരടങ്ങിയ സംഘം ഗാര്‍ഡന്‍ ഏരിയയിലെ പുല്‍ത്തകിടിയില്‍ ഇരിക്കുന്നു. രഘു വിഷയത്തിലേക്ക് വരുന്നു. അപ്പോ പറ. ആര് ആരെയൊക്കെ പുറത്താക്കും ?
അമൃത രജിത്തിനോട് : ചേട്ടന്‍റെ പേരുകള്‍ പറ. രജിത്ത് : ന്‍റെ അമൃതേ.. ഞാന്‍ ആദ്യം മുതല്‍ രണ്ട് പേരുകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അവരാണ് എന്‍റെ എതിരാളികള്‍. ആര്യയും പാഷാണം ഷാജിയും. സോറി ചുരുക്ക പേര് പറയുക. എല്ലാം രഹസ്യമാക്കി വയ്ക്കുക.
എയും എഫും
എയും ഡിയും
പിഎസും എഫും.
അപ്പോ ... രജിത്തണ്ണന്‍ എഫും എയെയും എലിമിനേറ്റ് ചെയ്യും അതായത്, എയെയും പിഎസിനെയും ല്ലേ....
ഇതേ സമയം രജിത്ത് സാറിന്‍റെ എതിര്‍ ഗ്രൂപ്പ്, കുടുംബത്തുള്ളവരാല്‍ തങ്ങള്‍ എലിമിനേറ്റ് ചെയ്യപ്പെടുകയാണെന്നറിയാതെ മറ്റെന്തോ സംഭാഷണത്തില്‍ മുഴുകിയിരിക്കുന്നു.
ശേ.. എന്തോന്നെടേയ്... ഞാന്‍ എപ്പമുതല്‍ പിഎസും എയും എന്ന് പറയുന്നുണ്ട്. രജിത്ത് അസ്വസ്ഥനാകുന്നു.
അതെ, രജിത്തണ്ണന്‍ പി എസിനെയും എയെയും എലിമിനേറ്റ് ചെയ്യും. ഇനി നീയാരെ ചെയ്യും പറയെന്ന അമൃത സുജോയോട്. എതിര്‍ ഗ്രൂപ്പുകാരെ എത്രയും പെട്ടെന്ന് എലിമിനേറ്റ് ചെയ്ത് പുറത്താക്കണമെന്ന് അമൃതയ്ക്ക് ആവേശമായെന്ന് തോന്നും പോലെയായിരുന്നു രഹസ്യ ചര്‍ച്ചയിലെ അമൃതയുടെ ആവേശം.
അപ്പോ പിഎസും എയുടെയും കാര്യം തീരുമാനമായി. ഇനിയാരെയൊക്കെ പറയും നമ്മള്‍... ?
ഡി വെറുതേ നിക്കുനല്ലേ... അല്ല. അപ്പോ പിഎസും എയും പോയാല്‍ മറ്റുള്ളവരെ ആരൊക്കെ എലിമിനേറ്റ് ചെയ്യും പറ. പെട്ടെന്ന് പറ.
രഘു എഫും പിഎസും (ഫുക്രുവും പാഷാണം ഷാജിയും) പറയാന്‍ തീരുമാനിക്കുന്നു. അതിനിടെ സുജോ എഫിനെ തനിക്ക് നോമിനേറ്റ് ചെയ്യെണമെന്ന് ആവശ്യപ്പെടുന്നു. സുജോയുടെ ഇടപെടല്‍ രഘുവിനെ അസ്വസ്ഥമാക്കുന്നു. എടാ.. ഒന്ന് മിണ്ടാതിരി ഞാനീ കഥയൊന്ന് തീര്‍ത്തോട്ടെയെന്ന് രഘു അസ്വസ്ഥനാകുന്നു.
ഉം അപ്പോ പിഎസ് (പാഷണം ഷാജി) എഫും (ഫുക്രു) സോര്‍ട്ടായി. എയും (ആര്യയും) തീര്‍ന്നു. അമൃത പ്രഖ്യാപിക്കുന്നു. നീയാദ്യം തമാശയ്ക്ക് പറയെന്ന് രഘു ഇടയില്‍ കയറുന്നു. പക്ഷേ അത് അമൃത കേള്‍ക്കുന്നുപോലുമില്ല. അമൃതയ്ക്ക് ചിലര്‍ പുറത്താകുമെന്ന് ഉറപ്പിക്കേണ്ടത് പോലെയായിരുന്നു പെരുമാറ്റം.
അഞ്ചായാ എപ്പോ അഞ്ചായി. ഇത്തവണ അഞ്ച് പേരുണ്ടോ... കളിനിയമങ്ങള്‍ അറിയാത്തവനെ പോലെ രഘു ശിശുവായി. രജിത്ത് അപ്പോഴും നിയമാവലിയുമായി രംഗത്തെത്തി.
നമ്മക്ക് ആറ് പേരെ പറ്റൂല്ല. നമ്മള് സോര്‍ട്ട് ചെയ്ത് കഴിഞ്ഞാ അഞ്ച് വരും അത് നേരത്തെ പറഞ്ഞിരുന്നു.
ദയയ്ക്കും രേഷ്മയ്ക്കും ചെയ്യാന്‍ വേണ്ടി എനിക്ക് കാരണങ്ങളൊന്നുമില്ല. തനിക്ക് ഫുക്രുവിനെ എലിമിനേഷനിലേക്ക് വിടാന്‍ പറ്റില്ലേയെന്ന് സുജോ ഭയന്നു. ഫുക്രുവിനെതിരെ എനിക്ക് സോളിഡായിട്ടുള്ള റീസണുണ്ട്. അപ്പോള്‍ അമൃത ഇടപെടുന്നു. അത് സോര്‍ട്ട് ചെയ്യാന്‍ വേണ്ടിയാണെന്നും നിനക്ക് ആരെയാണ് വേണ്ടതെന്നും അമൃത സുജോയോട് ചോദിക്കുന്നു. അപ്പോള്‍ എഫ് (ഫുക്രു) വേണം എന്ന് സുജോ പറയുന്നു. പക്ഷേ രണ്ടാമതൊരു പേര് സുജോയ്ക്ക് പെട്ടെന്ന് പറയാനായി ഉണ്ടായിരുന്നില്ല. ഡി (ദയ), എ (ആര്യ) ബാക്കിയുണ്ടല്ലേ. അപ്പോ ഞാന്‍ ആര്യയേയും പറയാമെന്ന് സുജോ പറയുന്നു. അത് വരെ സുജോയുടെ മുന്നിലിരുന്ന് പറഞ്ഞതൊന്നും സുജോ ശ്രദ്ധിച്ചിട്ടില്ലെന്ന് രജിത്തിന് അപ്പോഴാണ് മനസിലാകുന്നത്.
രജിത്ത് സുജോയെ തിരുത്തുന്നു. എട്യേ... ആര്യയെ ഒക്കെ നേരത്തെ ആളുകള്‍ പൊക്കി പൊറത്തിട്ടു. നീ വേറെ വല്ലൊരെയും നോക്കെടെയ് എന്ന് രജിത്ത്.
അതിപ്പോ നിങ്ങക്ക് എങ്ങനെ വേണോങ്കിലും ചെയ്യാലോ.... അഭിരാമി ഇടയില്‍ കയറി. എഫും ആറും ചെയ്യാം. ആറും പിഎസും ചെയ്യാം. എഫും പിഎസും ചെയ്യാം.... പിഎസ്പി ചോദ്യപേപ്പറിലെ ഉത്തരങ്ങളെ പോലെ അമൃത എതിരാളുകളുടെ പേരുകളുടെ ആദ്യാക്ഷരങ്ങള്‍ ഉപയോഗിച്ച് നിരവധി ഗ്രൂപ്പുകളുണ്ടാക്കുന്നു.
ഇരുന്ന് മടുത്ത രജിത്ത് മുട്ടുകാലില്‍ എഴുന്നേറ്റ് നിന്നു. അപ്പോളും പിഎസും എഫും ഡിയും ആറും എയും ഇംഗ്ലീഷ് അക്ഷരമാലയിലെ വെറും അക്ഷരങ്ങളെപ്പോലെ അവര്‍ക്കിടയില്‍ കിടന്ന് കറങ്ങി.
പലര്‍ക്കും ആരെക്കിറുച്ചു കൃത്യമായ കാരണങ്ങള്‍ പറയാനില്ലെന്നതാണ് ബിഗ് ബോസ് വീട്ടിലെ പ്രധാന പ്രശ്നം. രജിത്തിന്റെ ആവശ്യം തനിക്ക് എതിരെയുള്ള ശക്തരായ മത്സരാര്‍ത്ഥികളായ ആര്യയേയും പാഷാണം ഷാജിയേയും വീട്ടില്‍ നിന്ന് പുറത്താക്കുകയെന്നതാണ്. അവരുടെ പേരുകള്‍ പറയാനുള്ള ആളുകള്‍ തികഞ്ഞതെടെ മറ്റുള്ളവര്‍ ആരെന്നത് രജിത്തിനെ സംബന്ധിച്ച് ഒരു പ്രശ്നമല്ല. പക്ഷേ ആ പേരുകള്‍ അയാള്‍ക്ക് തന്നെ പറയണമെന്ന വാശി രജിത്ത് രഹസ്യ ചര്‍ച്ചയ്ക്കിടെ മുന്നോട്ട് വച്ചുകൊണ്ടിരുന്നു.
അപ്പോ എയും എഫും. പിന്നെ എഫും ഡിയും അത് കഴിഞ്ഞ് എഫും എയും പിന്നെ എയും എഫും... ശേ... ഇത് മൊത്തം കണ്‍ഫൂഷനായല്ലോ.. ല്ലേ..
രജിത്ത് കൈ ചൂണ്ടി ആജ്ഞാപിച്ചു. പിഎസ് ക്യാപ്റ്റനായാല്‍ പിന്നെ ഗോപി. ഞാന്‍ ഇത്തവണ ക്യാപറ്റനായത് കൊണ്ട് രക്ഷയില്ല. അടുത്ത തവണ പിഎസ് ക്യാപ്റ്റനാകാന്‍ കടുത്ത മത്സരമെടുക്കും. അങ്ങനെ പിഎസ് ക്യാപ്റ്റനായാല്‍ നമ്മുടെ കാര്യങ്ങള്‍ കുഴയും. നമ്മുടെ അല്ലെ എന്‍റെ കാര്യങ്ങള്‍ ഓക്കെയാകണമെങ്കില് പിഎസ് പോണം. അപ്പോ ഞാന്‍ പിഎസിനെ പറയും. കളിക്കുമ്പോള്‍ വമ്പന്‍ സ്രാവുകള്‍ക്കെതിരെ കളിക്കണമെന്നും തനിക്ക് പോന്ന എതിരാണിയാണ് പിഎസ് എന്നും രജിത്ത് ഉറപ്പിച്ച് പറയുന്നു. ഇരുന്ന്, പിന്നെ മുട്ടുകുത്തി നിന്ന് വീണ്ടും മടുത്തപ്പോള്‍ എഴുന്നേറ്റ് നിന്നും രജിത്ത് തന്റെ നിലപാട് മാറ്റമില്ലാതെ തുടര്‍ന്നു. രജിത്തിന്റെ ശക്തമായ വാദം കേട്ടപ്പോള്‍ രഘുവും അഭിരാമിയും അത് ശരിവച്ചു. പിഎസ് (പാഷാണം ഷാജി) പുറത്തേക്കെന്ന് അവര്‍ ഉറപ്പിച്ചു.
അര്‍ദ്ധ രാത്രി 12.10 ന് എതിര്‍ ഗ്രൂപ്പിന്‍റെ ഗൂഡാലോചന. ബാത്ത് റൂമിലെ ഇരിപ്പിടമായിരുന്നു അവരുടെ രഹസ്യ യോഗ സ്ഥലം. ഫുക്രുവും എലീനയും ഇരിക്കുന്നിടത്തേക്ക് ആദ്യം ആര്യയും പിന്നീട് രേഷ്മയും വഴിയേ പാഷാണം ഷാജിയും കയറിവരുന്നു. നാളെ രാവിലെ നോമിനേഷനാണെന്ന് എലീന പറയുന്നു. ആരെ നോമിനേറ്റ് ചെയ്യുമെന്ന് ആര്യ ആശങ്കപ്പെടുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ തങ്ങളുടെ ഗ്രൂപ്പിന്‍റെ അവസ്ഥയെ കുറിച്ച് ആര്യ ബോധവതിയാകുന്നു.
ശോ... ഞാനങ്ങ് മറന്നു. നാളെയല്ലേ എലിമിനേഷന് ? ആര്യയെ കണ്ടതും എലീന പെട്ടെന്ന് വിഷയത്തിലേക്ക് വന്നു.
ആ... ചുമ്മാതല്ല പാട്ടുപാടാതെ ഒഴിഞ്ഞ് മാറി... നടന്നതല്ലേ.... ആ.... ഫുക്രു എതിര്‍ ഗ്രൂപ്പിന്‍റെ തന്ത്രങ്ങളില്‍ ജാഗരൂകനാകുന്നു.
സ്വന്തമായി നോമിനേറ്റ് ചെയ്യാന്‍ പറ്റുമോ ? ആര്യ ബിഗ് ബോസ് വീട്ടിലെ മടുപ്പ് അഭിനയിക്കുന്നു.
ഫുക്രുവിന്‍റെ കിള്ളല്‍ ഏറ്റു. നമ്മള് അങ്ങനെയൊന്നും ചിന്തിക്കരുതെന്നും അത് മോശമാണെന്നും ആര്യ ധാര്‍മ്മികത ഉയര്‍ത്തുന്നു.
എലീന സ്വന്തം ഗ്രൂപ്പില്‍ നിന്നും എലിമിനേഷനില്‍ വരാന്‍ സാധ്യതയുള്ള പേരുകള്‍ പറയുന്നു. ആര്യ, ഫുക്രു, ഷാജിച്ചേട്ടന്.... പൂര്‍ത്തിയാക്കും മുമ്പ് ആര്യ ഇടപെടുന്നു. ഏയ്... അത് നോക്കണ്ട. നമ്മടെ ഗ്രൂപ്പില്‍ നിന്ന് ഓള് സ്റ്റാന്ഡപ്പാണ്. ഒന്നും നോക്കാനില്ല.
ഇത് കേട്ടുകൊണ്ടാണ് രേഷ്മ ബാത്ത് റൂമില്‍ നിന്ന് പുറത്തിറങ്ങുന്നത്. ആ.. രേഷ്മയ്ക്ക് നാളെ ബംബറാണ്. രേഷ്മയ്ക്ക് എലിമിനേഷനില്‍ കേറേണ്ടി വരില്ലെന്ന് ആര്യ പറയുന്നു.
രേഷ്മയ്ക്ക് അതില്‍ ആശങ്ക പ്രകടിപ്പിക്കാന്‍ പോലും പറ്റും മുമ്പ് രേഷ്മ എലിമിനേഷനില്‍ വരില്ലെന്ന് മറ്റുള്ളവര്‍ ഒറപ്പിച്ചു. വീഡിയോ കാണിച്ചത് തനിക്ക് വലിയ അടിയായെന്ന് ആര്യ പ്രസ്ഥാവിക്കുന്നു. ഇതിന് പുറകേ പാഷാണം ഷാജി കടന്നുവരുന്നു.
എലിമിനേഷനില്‍ ആരൊക്കെ വരുമെന്നും അതില്‍ ആരൊക്കെ ഏതൊക്കെ സ്ഥാനം നേടുമെന്നും അവര്‍ കണക്കുകൂട്ടുന്നു. എറ്റവും കൂടുതല്‍ വോട്ട് ഫുക്രു നേടുമെന്നും താന്‍ രണ്ടാമതെത്തുമെന്നും ആര്യ പറയുന്നു. മൂന്നാമതായി പാഷാണം ഷാജി. നാലാസ്ഥാനം ആര്‍ക്കും വിട്ട് കൊടുക്കില്ലെന്ന് എലീന.
നമ്മള് ആള് സ്റ്റാന്റപ്പാണല്ലോ... അതില്‍ ഇനിയൊരു ചര്ച്ചയുണ്ടാവേണ്ടതുണ്ടോ ? എല്ലാവരും എലിമിനേഷനിലേക്ക് മാര്‍ച്ച് ചെയ്യുക. അത്രതന്നെ ഹല്ല പിന്നെ... ആര്യ താത്വികവും നിസംഗവുമായി നിര്‍ണ്ണായക തീരുമാനത്തിലേക്ക് കടന്നു.
എലീനയും രജിത്തണ്ണനും ഇത്തവണ സേഫാണ്. അണ്ണന് ക്യാപ്റ്റന്‍. എലീനയ്ക്ക് പിന്നെ ശത്രുക്കളാരുമില്ല. സോ രണ്ടു പേരും സേഫെന്ന് ആര്യയുടെ കണക്കുകൂട്ടല്‍.
ഇതാരാ ഈ ടാപ്പൊക്കെ ഇങ്ങനെ തൊറന്നിരിക്കുന്നത്. ? ശോ... ടാപ്പൊക്കെ അടച്ചിട്ട് പോകണ്ടേ... ചോര്‍ച്ചയാ... മൊത്തം ചോര്‍ച്ചയാ.... രേഷ്മ പെട്ടെന്ന് പുറന്ന് വച്ച ടാപ്പിലേക്ക് ശ്രദ്ധതിരിച്ചു.
അഞ്ചാമതായി സുജോയെന്ന് എലീന. അല്ല ദയയെന്ന് ആര്യ. കാരണമായി രജിത്തിന് അവരുടെ സാന്നിധ്യം അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും അതിനാല്‍ രജിത്ത് ദയയെ എലിമിനേറ്റ് ചെയ്യുമെന്നും ആര്യ കണക്കുകൂട്ടുന്നു. അങ്ങനെ ആര്യ ഗ്രൂപ്പ് മാനസികമായി എലിമിനേഷനിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നു.
ബിഗ് ബോസ് വീട്ടിലെ രണ്ട് ഗ്രൂപ്പുകളും നാളെ ഒറ്റിക്കൊടുക്കാനുള്ള ആളുകളുടെ പേരുകള്‍ മനസില്‍ ഉറപ്പിക്കുന്നു. ശത്രു ഇല്ലാതായാലേ ഒന്നാം സ്ഥാനത്തേക്കുള്ള പ്രയാണം സുഖമമാകുകയുള്ളൂ.
എന്നാല്‍ രണ്ട് ഗ്രൂപ്പുകളെയും നിഷ്പ്രഭമാക്കിയായിരുന്നു ബിഗ് ബോസിന്റെ എലിമിനേഷന് തെരഞ്ഞെടുപ്പ്. ബിഗ് ബോസ് വീട്ടിലെ ഒരാള്‍ പോലും അത്തരത്തിലൊരു പണി കിട്ടുമെന്ന് വിജാരിച്ച് പോലുമില്ല. എല്ലാം മുന്കൂട്ടികാണാന് കഴിഞ്ഞിരുന്ന രജിത്ത് അണ്ണന് പോലും ബിഗ് ബോസിന്റെ ഒരുമുഴം മുന്നേയുള്ള ഏറ് കാണാന്‍ കഴിയാതെ പോയി.