പുറത്തിറങ്ങും മുന്നേ എല്ലാം ചോര്‍ന്നു, ഗ്യാലക്‌സി നോട്ട് 20 യുടെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പാട്ടായി
കഴിഞ്ഞ കുറച്ച് ആഴ്ചകളായി നോട്ട് 20 അള്‍ട്രയെക്കുറിച്ച് ധാരാളം വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഗ്യാലക്‌സി നോട്ട് 20 നെക്കുറിച്ച് എല്ലാ വിവരങ്ങളും പുറത്തായിരിക്കുന്നു.
കാത്തു കാത്തു വെച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തി കൊണ്ടു പോയതു പോലെയായി. ആരോടും പറയാതെ എല്ലാം രഹസ്യമാക്കി വച്ചിരുന്ന സാംസങ്ങിന്റെ ഗ്യാലക്‌സി നോട്ട് 20 യുടെ എല്ലാ വിവരങ്ങളും അങ്ങാടിയില്‍ പാട്ടായി. ഇന്റര്‍നെറ്റിലെ ഈ ചോര്‍ച്ചയെക്കുറിച്ച് കമ്പനി പറയുന്നില്ലെങ്കിലും ഒന്നും നിഷേധിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ കുറച്ച് ആഴ്ചകളായി നോട്ട് 20 അള്‍ട്രയെക്കുറിച്ച് ധാരാളം വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഗ്യാലക്‌സി നോട്ട് 20 നെക്കുറിച്ച് എല്ലാ വിവരങ്ങളും പുറത്തായിരിക്കുന്നു.
വിന്‍ഫ്യൂച്ചറിന്റെ പുതിയ വെളിപ്പെടുത്തല്‍ പ്രകാരം, നോട്ട് 20 ന്റെ രൂപകല്‍പ്പനയില്‍ ഫോണിന് 6.7 ഇഞ്ച്, പിഎച്ച്പി ഡിസ്‌പ്ലേ, 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഫ്‌ലാറ്റ് സ്‌ക്രീനും ലഭിക്കുന്നു. ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് റീഡറും വാട്ടര്‍ റെസിസ്റ്റന്‍സും ഉണ്ടാകും. ഫോണിന് ഇരട്ട സിം, ഇ-സിം പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബാറ്ററി പായ്ക്ക് 4,300 എംഎഎച്ച് ആയിരിക്കും. നോട്ട് 20 അള്‍ട്രയിലെ പോലെ ക്യാമറകള്‍ ഉണ്ടാകില്ലെന്നും സൂചനയുണ്ട്. 12 മെഗാപിക്‌സല്‍ എഫ് / 1.8 െ്രെപമറി ക്യാമറയും 12 മെഗാപിക്‌സല്‍ എഫ് / 2.2 അള്‍ട്രാ വൈഡ് സെന്‍സറും ഇതില്‍ ഉള്‍പ്പെടും. ലേസര്‍ ഓട്ടോഫോക്കസ് ഉണ്ടാകില്ല.
താരതമ്യപ്പെടുത്തുമ്പോള്‍, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, ഡബ്ല്യുക്യുഎച്ച്ഡി + റെസല്യൂഷന്‍, കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 7 പരിരക്ഷണം എന്നിവയുള്ള 6.9 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റിഒ ഡിസ്‌പ്ലേ ലഭിക്കുന്നതിന് എസ് 20 അള്‍ട്രയെ സഹായിക്കുന്നു. സ്‌ക്രീനിന്റെ പിക്‌സല്‍ സാന്ദ്രത 508 പിപിഐ ആണ്. യൂറോപ്പിലും ഇന്ത്യയിലും എക്‌സിനോസ് 990 ചിപ്‌സെറ്റ് ലഭിക്കും. ഇത് 12 ജിബി റാമും 512 ജിബി യുഎഫ്എസ് 3.1 സ്‌റ്റോറേജുമായി ചേര്‍ന്നുവരും. യുഎസില്‍, പകരം ക്വാല്‍കോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 865+ ചിപ്‌സെറ്റ് ഉപയോഗിച്ച് കമ്പനി ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്യാമറകള്‍ക്കായി, ലേസര്‍ ഓട്ടോഫോക്കസും ഡ്യുവല്‍ പിക്‌സല്‍ ഓട്ടോഫോക്കസും ഉള്ള പ്രാഥമിക 108 മെഗാപിക്‌സല്‍ സെന്‍സര്‍ എസ് 20 അള്‍ട്രയ്ക്ക് ലഭിക്കും. 12 മെഗാപിക്‌സല്‍ സെന്‍സറുകളുള്ള മറ്റ് രണ്ട് ക്യാമറകളും പിന്നിലുണ്ടാകും. ഒന്ന് എഫ് / 2.2 അപ്പര്‍ച്ചര്‍ ഉള്ള വൈഡ് ആംഗിള്‍ ലെന്‍സും മറ്റൊന്ന് 5എക്‌സ് സൂം ഉള്ള ടെലിഫോട്ടോ ലെന്‍സും. ഇന്‍ഫിനിറ്റിഒ പഞ്ച് ഹോളിനുള്ളില്‍ എഫ് / 2.2 അപ്പേര്‍ച്ചറുള്ള 10 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ ലഭിക്കും.
സാംസങ് ഗ്യാലക്‌സി നോട്ട് 20 ഫോണുകള്‍ ഓഗസ്റ്റ് 5 ന് വലിയൊരു ഓണ്‍ലൈന്‍ ഇവന്റില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് ഈ വിവരങ്ങളെല്ലാം പുറത്തായിരിക്കുന്നത്. എന്തായാലും, ഒരു കാര്യത്തില്‍ സര്‍പ്രൈസ് ഉണ്ട്. അത് വിലയുടെ കാര്യത്തിലാണ്. നോട്ട് 20 ന് എത്രമാത്രം വില വരും എന്നതിനെക്കുറിച്ച് ഇതുവരെ ഒരു വാക്കുമില്ല. അപ്പോള്‍ കാത്തിരിക്കുക തന്നെ.