സെല്‍ഫി ക്യാമറയുമായി ഓപ്പോ ടിവി ഈ മാസം 19-ന് പുറത്തിറങ്ങും
സ്മാര്‍ട്ട് ടിവിക്ക് കുറഞ്ഞത് രണ്ട് മോഡലുകള്‍ ഉണ്ടായിരിക്കും. ഒന്ന് 55 ഇഞ്ച് വലുപ്പമുള്ള പാനലും മറ്റൊന്ന് 65 ഇഞ്ച് പാനലും. ടെലിവിഷനിലെ ഒരു സെല്‍ഫി ക്യാമറയാണ് വലിയ പ്രത്യേകത.
സെല്‍ഫി ക്യാമറയുമായി ഒരു സ്മാര്‍ട്ട് ടിവി. എല്ലാ പരമ്പരാഗത സങ്കല്‍പ്പങ്ങളെയും മാറ്റുന്ന ഈ ടിവിക്ക് നിരവധി മറ്റ് ഫീച്ചറുകളുമുണ്ട്. സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് ബജറ്റ് ശ്രേണിയില്‍ ആധിപത്യം ഉറപ്പിച്ച ഒപ്പോ കമ്പനിയാണ് ഇത്തരമൊരു വേറിട്ട ടിവി പുറത്തിറക്കുന്നത്.
ഇതു സംബന്ധിച്ച ചില സൂചനകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ലോഞ്ചിങ് തീയതിയൊന്നും വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ, ഒടുവില്‍ ഒക്ടോബര്‍ 19 ന് ടിവി വിപണിയില്‍ എത്തിച്ചേരുമെന്ന പ്രഖ്യാപനം വന്നു കഴിഞ്ഞു. ഓപ്പോയില്‍ നിന്നുള്ള ആദ്യത്തെ സ്മാര്‍ട്ട് ടെലിവിഷനാണിത്. ആദ്യ ടിവി ഉപയോഗിച്ച് ഹോം എന്റര്‍ടൈന്‍മെന്റ് വിപണിയില്‍ പ്രവേശിക്കാനുള്ള പദ്ധതികള്‍ കമ്പനി വിശദമാക്കിയിരുന്നുവെങ്കിലും വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. ഇടത്തരക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന വിലയില്‍ ആയിരിക്കും ഓപ്പോ ടിവികള്‍ ഇറങ്ങുക എന്നാണ് സൂചന.
സ്മാര്‍ട്ട് ടിവിക്ക് കുറഞ്ഞത് രണ്ട് മോഡലുകള്‍ ഉണ്ടായിരിക്കും. ഒന്ന് 55 ഇഞ്ച് വലുപ്പമുള്ള പാനലും മറ്റൊന്ന് 65 ഇഞ്ച് പാനലും. ടെലിവിഷനിലെ ഒരു സെല്‍ഫി ക്യാമറയാണ് വലിയ പ്രത്യേകത. ഇത് വലിയ സ്‌ക്രീനുകളില്‍ വീഡിയോ കോളുകള്‍ അനുവദിക്കുമെന്നാണ് സൂചന. ഇതാദ്യമല്ല ഇത്തരത്തിലൊന്ന്. ഹോണര്‍ മുമ്പ് ഒരു സ്മാര്‍ട്ട് ടെലിവിഷന്‍ ഒരു ഇന്‍ബില്‍റ്റ് ക്യാമറ ഉപയോഗിച്ച് പുറത്തിറക്കിയിരുന്നു. എന്നാലിത് വില്‍പ്പനയ്‌ക്കെത്തിയില്ല.
ഡിസ്‌പ്ലേയിലെ 4 കെ എച്ച്ഡിആര്‍, ചലന സുഗമമാക്കുന്നതിനുള്ള എംഇഎംസി സാങ്കേതികവിദ്യ, പാനലില്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, സ്പീക്കറുകള്‍ക്കായി ഡോള്‍ബി ഓഡിയോ, ആന്‍ഡ്രോയിഡ് ടിവി എന്നിവ പോലുള്ള ചില സവിശേഷതകള്‍ ഇതില്‍ പ്രതീക്ഷിക്കാം.