വലിയ ഡിസ്‌പ്ലെ, പക്ഷേ മടക്കി പോക്കറ്റില്‍ വെക്കാം; സാംസങിന് ഒരു മുഴം മുമ്പേ എറിഞ്ഞ് മോട്ടോ റേസര്‍ 50 അള്‍ട്രാ
ഹൈ-എന്‍ഡ് വിഭാഗത്തില്‍പ്പെടുന്ന മോട്ടോറോള റേസര്‍ 50 അള്‍ട്രായ്ക്ക് ഫ്ലിപ് മോഡല്‍ ഫോള്‍ഡബിളിന് 99,999 രൂപയാണ് വില
ദില്ലി: ഇന്ത്യന്‍ സ്‌മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മത്സരം കടുപ്പിക്കാന്‍ ഉറപ്പിച്ചുള്ള മോട്ടോറോളയുടെ റേസര്‍ 50 അള്‍ട്രാ ഫോള്‍ഡബിള്‍ പുറത്തിറങ്ങി. ഹൈ-എന്‍ഡ് ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റില്‍ സാംസങിന് വലിയ മത്സരം നല്‍കാന്‍ ലക്ഷ്യമിട്ടാണ് മോട്ടോ ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 50 എംപി പ്രധാന ക്യാമറയും 32 എംപി സെല്‍ഫി ക്യാമറയുമുള്ള ഫോണിന് 4000 എംഎഎച്ചിന്‍റെ ബാറ്ററിയാണുള്ളത്. 45 വാട്ട്‌സ് ചാര്‍ജിംഗാണ് ഇതിന് വരിക.
ഹൈ-എന്‍ഡ് വിഭാഗത്തില്‍പ്പെടുന്ന മോട്ടോ റേസര്‍ 50 അള്‍ട്രാ ഫ്ലിപ് മോഡല്‍ ഫോള്‍ഡബിളിന് 99,999 രൂപയാണ് വില. നിലവില്‍ സാംസങും ആപ്പിളുമാണ് ഇത്തരം ഉയര്‍ന്ന വിലയുള്ള ഫോണുകളുടെ വിപണിയിലെ കരുത്തന്‍മാര്‍. മടക്കിവെക്കുമ്പോള്‍ കീശയില്‍ സൂക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് മോട്ടോ റേസര്‍ 50 അള്‍ട്രാ ഫോള്‍ഡബിള്‍ ഒരുക്കിയിരിക്കുന്നത്. 4 ഇഞ്ചിന്‍റെ ഇതുവരെയുള്ള ഏറ്റവും വലിയ ബാഹ്യഡിസ്‌പ്ലെയാണ് (External Display) ഫോണിനുള്ളത്. കഴിഞ്ഞ ജനറേഷനിലുള്ള മോഡലുകളില്‍ നിന്ന് 17 ശതമാനം വലിപ്പം അധികമാണിത്. എക്‌സ്‌ടേണല്‍ ഡിസ്‌പ്ലെയ്ക്ക് ഗോറില്ല ഗ്ലാസ് വിക്‌റ്റസിന്‍റെ സുരക്ഷയുണ്ട്. തുറക്കുമ്പോള്‍ 6.9 ഇഞ്ചിന്‍റെ പിഒഎല്‍ഇഡി ഡിസ്പ്ലെയാണ് മറ്റൊരു സവിശേഷത. ഒരു കൈ കൊണ്ട് തന്നെ ഫോണ്‍ തുറക്കാം. സ്നാപ്‌ഡ്രാഗണ്‍ 8എസ് 3 പ്രൊസസറില്‍ വരുന്ന ഫോണിന് 12 ജിബി റാമും 512 ജിബി ഇന്‍റേണല്‍ മെമ്മറിയുമാണുള്ളത്.
പുത്തന്‍ സ്മാര്‍ട്ട്ഫോണ്‍ മോഡലുകളിലെ എഐ ട്രെന്‍ഡ് മോട്ടോയും പിന്തുടരുന്നു. ഗൂഗിളിന്‍റെ പുതിയ ജെമിനി ചാറ്റ്‌ബോട്ട് ബാഹ്യഡിസ്‌പ്ലെയില്‍ നിന്നുതന്നെ ഉപയോഗിക്കാം. ഗൂഗിള്‍ 1 പ്രീമിയം പ്ലാന്‍ മൂന്ന് മാസത്തേക്ക് സൗജന്യമാണ്. രണ്ട് ടിബി ക്ലൗഡ് സ്റ്റോറേജും ലഭിക്കും.
മോട്ടോറോള ഇതാദ്യമായല്ല ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്നത്. എന്നാല്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണുകളുടെ വിപണിയില്‍ 66 ശതമാനം സാംസങിന്‍റെ കൈവശമായിരുന്നു. ചൈനീസ് ബ്രാന്‍ഡായ വാവെയ്‌യും ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ സജീവമാണ്. ജൂലൈ 10ന് നടക്കുന്ന സാംസങിന്‍റെ അണ്‍പാക്‌ഡ് ഇവന്‍റിന് മുമ്പ് റേസര്‍ 50 അള്‍ട്രാ ഫോള്‍ഡബിള്‍ ഇറക്കി വ്യക്തമായ സന്ദേശമാണ് മോട്ടോ നല്‍കുന്നത്. അണ്‍പാക്‌ഡ് ഇവന്‍റില്‍ സാംസങിന്‍റെ Z ഫ്ലിപ് 6 പുറത്തിറങ്ങും എന്നാണ് കരുതപ്പെടുന്നത്. ജൂലൈ 10നാരംഭിക്കുന്ന ആമസോണ്‍ പ്രൈം ഡേ സെയിലില്‍ ഓഫറുകളോടെ 89,999 രൂപയ്ക്ക് മോട്ടോ റേസര്‍ 50 അള്‍ട്രാ ഫോള്‍ഡബിള്‍ വാങ്ങാന്‍ കഴിയും. മോട്ടോറോള ഇന്ത്യ വെബ്‌സൈറ്റ് വഴിയും ഫോണ്‍ വാങ്ങാം.
Read more: മോട്ടോ ജി85 ഉടന്‍ ഇന്ത്യയില്‍; വിലയും ഫോണിന്‍റെ സവിശേഷതകളും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം