ആപ്പിള്‍ ഹോം പോഡ് മിനി പുറത്തിറക്കി; അത്ഭുതപ്പെടുത്തുന്ന വില
സ്വകാര്യതയെയും സുരക്ഷയും മുന്‍നിര്‍ത്തിയുള്ള മോഡല്‍ എന്നാണ് ഹോം പോഡ് മിനി സംബന്ധിച്ച് ആപ്പിള്‍ പറയുന്നത്.
ആപ്പിളിന്‍റെ സ്മാര്‍ട്ട് സ്പീക്കര്‍ ഹോംപോഡിന്‍റെ വിലകുറഞ്ഞ മോഡല്‍ ആപ്പിള്‍ പുറത്തിറക്കി. ഹോംപോഡ് മിനിയെന്നാണ് ഇതിന്‍റെ പേര്. യഥാർഥ ഹോം പോഡ് മോഡലിനെക്കാള്‍ ഒതുങ്ങിയ രൂപത്തിലാണ് ഇതിന്‍റെ രൂപകല്‍പ്പന ആപ്പിള്‍ നടത്തിയിരിക്കുന്നത്. ഹോംപോഡ് മിനി കറുപ്പ്, വെളുപ്പ് നിറങ്ങളിലാണ് ലഭ്യമാകുക. ഡിസൈനിലേക്ക് നോക്കിയാല്‍ സിരി തരംഗരൂപവും വോളിയം നിയന്ത്രണങ്ങളും കാണിക്കുന്നതിന് സ്പീക്കറിന് മുകളില്‍ ഒരു ഡിസ്പ്ലേ നല്‍കിയിട്ടുണ്ട്. നീളമേറിയ ഡിസൈന് പകരം മിനി മോഡല്‍ ഒരു ഉരുണ്ട രൂപത്തിലാണ്.
സ്വകാര്യതയെയും സുരക്ഷയും മുന്‍നിര്‍ത്തിയുള്ള മോഡല്‍ എന്നാണ് ഹോം പോഡ് മിനി സംബന്ധിച്ച് ആപ്പിള്‍ പറയുന്നത്. ഹോംപോഡ് മിനിയ്ക്കും മികച്ച സുരക്ഷയുണ്ടാകുമെന്നാണ് ആപ്പിള്‍ പറയുന്നത്. 360 ഡിഗ്രി ശബ്‌ദാനുഭവത്തിന് സ്ഥിരതയുള്ള രീതിയിലാണ് ഇതിന്‍റെ ഡിസൈന്‍ എന്ന് ആപ്പിള്‍ അവകാശപ്പെടുന്നു.
ഹോംപോഡ് മിനിക്ക് നിങ്ങളുടെ ഐഫോൺ ഉപയോഗിക്കാനും പുതിയ കോളോ സന്ദേശമോ അല്ലെങ്കിൽ ഒരു ഇമെയിലോ മറ്റുള്ള കാര്യങ്ങളോ അലേർട്ട് ചെയ്യാൻ കഴിയും. ഐഫോണുമായുള്ള ഇന്‍റഗ്രേഷന്‍ ഹോംപാഡ് മിനിയുമായി നടത്തുന്നത് വീട്ടിലെ അന്തരീക്ഷത്തിന് നല്ലതാണ്. ലൈറ്റുകൾ ഉൾപ്പെടെയുള്ള ഒന്നിലധികം കാര്യങ്ങൾ നിയന്ത്രിക്കാന്‍ ഒരേ സമയം ഹോം പോഡ് മിനിക്ക് സാധിക്കും.
ആപ്പിൾ ഹോംപോഡ് മിനിയുടെ വില 99 ഡോളറാണ് (ഏകദേശം 7268 രൂപ). ഹോംപോഡ് മിനിയുടെ ഇന്ത്യയിലെ വില 9,900 രൂപയാണ്. ഹോംപോഡ് മിനി വൈറ്റ്, സ്പേസ് ഗ്രേയിൽ ലഭ്യമായിരിക്കും. ആപ്പിൾ ഡോട്ട് കോം, ആപ്പിൾ ഓതറൈസ്ഡ് റീസെല്ലറുകൾ എന്നിവ വഴി വാങ്ങാം.