Sandesh Jhingan: സെക്സിസ്റ്റ് പരാമര്‍ശം; പറ്റിപ്പോയി, ഏറ്റു പറച്ചിലുമായി വീണ്ടും സന്ദേശ് ജിങ്കാന്‍
എന്‍റെ നാക്കു പിഴയുടെ പേരില്‍ കുടുംബാഗങ്ങള്‍ക്ക് നേരെയും പ്രത്യേകിച്ച് ഭാര്യക്കു നേരെയും വിദ്വേഷ പ്രചാരണങ്ങള്‍ വരെ നടന്നു. എന്‍റെ പരാമര്‍ശം ആരാധകരെ അസ്വസ്ഥരാക്കിയിരിക്കാം. പക്ഷെ അതിന്‍റെ പേരില്‍ എന്നെയും എന്‍റെ കുടുംബത്തെയും ഭീഷണിപ്പെടുക്കയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്യരുത്. അത് നിര്‍ത്താന്‍ നിങ്ങളോട് ഞാന്‍ അപേക്ഷിക്കുകയാണ്.
കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ (ISL) കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ(Kerala Blasters) മത്സരത്തിന് ശേഷം നടത്തിയ സെക്‌സിസ്റ്റ് പരാമര്‍ശത്തില്‍ തെറ്റു പറ്റിയെന്ന് ഏറ്റു പറഞ്ഞ് മുന്‍ ബ്ലാസ്റ്റേഴ്‌സ് നായകനും എ ടി കെ മോഹന്‍ബഗാന്‍ (ATK Mohan Bagan) താരവുമായ സന്ദേശ് ജിങ്കാന്‍ (Sandesh Jhingan). ഞായറാഴ്ച ട്വിറ്ററിലൂടെ ഒന്നിലധികം ട്വീറ്റുകളിലൂടെ മാപ്പു പറഞ്ഞ ജിങ്കാന്‍ തിങ്കളാഴ്ച രാത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോ സന്ദേശത്തിലാണ് തെറ്റു പറ്റിയെന്നും മാപ്പു പറയുന്നുവെന്നും വീണ്ടും വ്യക്തമാക്കിയത്.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചുവെന്ന് എനിക്കറിയാം. എന്‍റെ ഭാഗത്തുനിന്നുവന്ന ഒരു പിഴവായിരുന്നു ആ പരാമര്‍ശം.പിന്നീട് ഇരുന്ന് ആലോചിച്ചപ്പോഴാണ് എന്‍റെ ഭാഗത്തു നിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത പിഴവായിരുന്നു അതെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. മത്സരച്ചൂടിന്‍റെ ഭാഗമായാണ് അത്തരമൊരു പരാമര്‍ശം നടത്തിയത്. അത് തെറ്റാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു.
അതിന് ആത്മാര്‍ത്ഥമായും മാപ്പു പറയുന്നു. അത്തരമൊരു പരാമര്‍ശത്തിലൂടെ എന്നെ പിന്തുണക്കുന്നവരെയും എന്‍റെ കുടുംബാംഗങ്ങളെയും ഞാന്‍ നിരാശരാക്കി. അതില്‍ എനിക്ക് ഖേദമുണ്ട്. സംഭവിച്ച കാര്യം ഇനി ഒരിക്കലും മായ്ച്ചു കളയാനാവില്ല. പക്ഷെ ഇതില്‍ നിന്ന് ഞാനൊരു പാഠം പഠിക്കുന്നു. നല്ലൊരു മനുഷ്യനാാവാനും മികച്ച പ്രഫഷണലാവാനും മറ്റുള്ളവര്‍ക്ക് മാതൃകയാവാനുമായിരിക്കും ഇനി എന്‍റെ ശ്രമം.
എന്‍റെ നാക്കു പിഴയുടെ പേരില്‍ കുടുംബാഗങ്ങള്‍ക്ക് നേരെയും പ്രത്യേകിച്ച് ഭാര്യക്കു നേരെയും വിദ്വേഷ പ്രചാരണങ്ങള്‍ വരെ നടന്നു. എന്‍റെ പരാമര്‍ശം ആരാധകരെ അസ്വസ്ഥരാക്കിയിരിക്കാം. പക്ഷെ അതിന്‍റെ പേരില്‍ എന്നെയും എന്‍റെ കുടുംബത്തെയും ഭീഷണിപ്പെടുക്കയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്യരുത്. അത് നിര്‍ത്താന്‍ നിങ്ങളോട് ഞാന്‍ അപേക്ഷിക്കുകയാണ്. അവസാനമായി ഒരിക്കല്‍ കൂടി ആത്മാര്‍ത്ഥമായി മാപ്പു പറയുന്നു. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് നല്ലൊരു മനുഷ്യനാണ് ഇനി എന്‍റെ ശ്രമം-ജിങ്കാന്‍ വീഡിയോയില്‍ പറഞ്ഞു.
ജിങ്കാന്‍റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ അപ്രത്യക്ഷമായി
അതിനിടെ സെക്സിറ്റ് പരാമര്‍ശത്തിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കൂട്ടമായി മറുപടി നല്‍കാന്‍ തുടങ്ങിയതോടെ സന്ദേശ് ജിങ്കാന്‍റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ അപ്രത്യക്ഷമായി. 3,22 ലക്ഷം ഫോളോവേഴ്സുള്ള പേജാണ് ഇന്നലെ മുതല്‍ ലഭ്യമല്ലാതായത്.
കേരളാ ബ്ലാസ്റ്റേഴ്സിനെതിരായ മത്സരശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങിപ്പോകുമ്പോഴായിരുന്നു ജിങ്കാന്‍ വിവാദ പരാമര്‍ശം നടത്തിയത്. ''ഔരതോം കി സാഥ് മാച്ച് ഖേല്‍ ആയാ ഹൂം'' (പെണ്‍കുട്ടികള്‍ക്കൊപ്പം കളിച്ചു വന്നിരിക്കുന്നു) എന്നാണ് ജിങ്കാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ജിങ്കാന്‍റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിന് പിന്നാലെ താരം മാപ്പ് പറഞ്ഞ് രംഗത്തെത്തി.
മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലായിരുന്നു എ ടി കെ മോഹന്‍ബഗാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ സമനില നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളിന്‍റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് മിന്നുന്ന ഗോളുമായി ജോണി കോകോ മോഹന്‍ ബഗാന് സമനില നേടിയത്. ബ്ലാസ്റ്റേഴ്‌സിനായി അഡ്രിയാന്‍ ലൂണയാണ് രണ്ട് ഗോളുകളും നേടിയത്. സമനിലയോടെ കേരള ബ്ലാസ്റ്റേഴ്സ് 27 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണ്. ഫെബ്രുവരി 23ന് ഹൈദരാബാദ് എഫ്.സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.