മെസിയുടെ കരാര്‍ വിവരങ്ങള്‍ ചോര്‍ന്ന സംഭവം; നിയമനടപടിയുമായി ബാഴ്‌സലോണ
പുറത്തുവന്ന രേഖകള്‍ പ്രകാരം മെസിക്ക് നാലുവർഷത്തേക്ക് പ്രതിഫലമായി അയ്യായിരം കോടി രൂപയാണ് ബാഴ്സലോണ നൽകേണ്ടത്.
ബാഴ്‌സലോണ: സ്‌പാനിഷ് പത്രം എൽ മുണ്ടോയ്‌ക്കെതിരെ നിയമനടപടിയുമായി എഫ്‌സി ബാഴ്‌സലോണ. 2017ൽ ബാഴ്സലോണ മെസിയുമായി ഒപ്പുവച്ച കരാറിന്റെ വിവരങ്ങൾ എൽ മുണ്ടോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതുപ്രകാരം മെസിക്ക് നാലുവർഷത്തേക്ക് പ്രതിഫലമായി അയ്യായിരം കോടി രൂപയാണ് ബാഴ്സലോണ നൽകേണ്ടത്.
കരാർ വിവരങ്ങൾ പുറത്തുവിട്ടതിനാണ് എൽ മുണ്ടോയ്‌ക്കെതിരെ ബാഴ്സലോണ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. മെസിയും ക്ലബും തമ്മിലുള്ള സ്വകാര്യത പുറത്തായതിൽ ബാഴ്സലോണയ്‌ക്ക് ഉത്തരവാദിത്തമില്ല. മെസിക്കുണ്ടായ പ്രയാസത്തിൽ ഖേദിക്കുന്നുവെന്നും പത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബാഴ്സലോണ മാനേജ്‌മെന്റ് അറിയിച്ചു. മെസിയുമായുള്ള വമ്പന്‍ കരാറാണ് ബാഴ്‌സയിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം എന്നാണ് എല്‍ മുണ്ടോയുടെ അവകാശവാദം.
മുന്നറിയിപ്പുമായി കൂമാന്‍
കരാര്‍ വിവരങ്ങള്‍ പുറത്തായതില്‍ പരിശീലകന്‍ റൊണാൾഡ് കൂമാനും അതൃപ്‌തി അറിയിച്ചു. 'ബാഴ്‌സയിലെ പ്രതിസന്ധിയുമായി മെസിയെ ബന്ധിപ്പിക്കുന്നത് എങ്ങനെയെന്ന് അറിയില്ല. ബാഴ്‌സയില്‍ വര്‍ഷങ്ങള്‍ ചിലവഴിച്ച മെസി ക്ലബിനായി പ്രധാനപ്പെട്ട നിരവധി ട്രോഫികള്‍ നേടിത്തന്ന താരമാണ്. ബാഴ്‌സയുടെ തകര്‍ച്ച കാണാന്‍ ആഗ്രഹിക്കുന്ന ആരോ ആണ് കരാര്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ഒറ്റക്കെട്ടായി ഞങ്ങള്‍ മുന്നോട്ടുപോകും.
ലോകത്തെ ഏറ്റവും മികച്ച താരമാണ് മെസിയെന്ന് നമുക്ക് ഏറെക്കാലമായി അറിയാം. ക്ലബിനായി മെസി ചെയ്ത സംഭാവനകളെ ബഹുമാനിക്കേണ്ടതുണ്ട്. ബാഴ്‌സയിലുള്ള ആരെങ്കിലുമാണ് കരാര്‍ വിവരങ്ങള്‍ ലീക്കായതിന് പിന്നിലെങ്കില്‍ ക്ലബില്‍ അവര്‍ക്ക് ഭാവിയുണ്ടാവില്ല' എന്നും കൂമാന്‍ കൂട്ടിച്ചേര്‍ത്തു. മെസിയുടെ കരാര്‍ വിവരങ്ങള്‍ പുറത്തുവിട്ടതിനെ സെന്‍സേഷണലിസം എന്നാണ് ലാ ലിഗ പ്രസിഡന്‍റ് ജാവിയര്‍ തെബാസ് വിശേഷിപ്പിച്ചത്. ക്ലബിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കൊവിഡ് മഹാമാരിയാണ് എന്നും അദേഹം വ്യക്തമാക്കി.
ബാഴ്‌സയ്‌ക്കും ലിവര്‍പൂളിനും ചെല്‍സിക്കും ജയം; ടോട്ടനത്തിന് തോല്‍വി