World Vegetarian Day: ഇന്ന് ലോക സസ്യാഹാര ദിനം; അറിയാം ഈ ഏഴ് പച്ചക്കറികളുടെ ഗുണങ്ങള്‍...
സസ്യാഹാരം ശരീരത്തിലെ ഊര്‍ജവും യുവത്വവും നിലനിര്‍ത്താന്‍ സഹായിക്കും. ഇല വര്‍ഗങ്ങളും മറ്റ് പച്ചക്കറികളും ബീറ്റ കരോട്ടിന്‍, വിറ്റാമിന്‍ സി എന്നിവ ശരീരത്തിന് പ്രധാനം ചെയ്യും. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും പച്ചക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഇന്ന് ഒക്ടോബര്‍ 1- ലോക സസ്യാഹാര ദിനം അഥവാ വെജിറ്റേറിയന്‍ ദിനം. സസ്യാഹാരത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. ആരോഗ്യവും പച്ചക്കറിയും തമ്മിലുള്ള ബന്ധം അത്രയും വലുതാണ്. ഭക്ഷണക്രമത്തില്‍ സസ്യാഹാരം ഉള്‍പ്പെടുത്തുന്നതിലൂടെ ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാനാകും. സസ്യാഹാരത്തിന്റെ പ്രാധാന്യം എല്ലാവരിലേയ്ക്കും എത്തിക്കുന്നതിനായി 1977ല്‍ നോര്‍ത്ത് അമേരിക്കന്‍ വെജിറ്റേറിയന്‍ സൊസൈറ്റിയാണ് ഒക്ടോബര്‍ ഒന്ന് ലോക സസ്യാഹാര ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.
നിരവധി ഗുണങ്ങളാണ് സസ്യാഹാരത്തിനുള്ളത്. സസ്യാഹാരം ശരീരത്തിലെ ഊര്‍ജവും യുവത്വവും നിലനിര്‍ത്താന്‍ സഹായിക്കും. ഇല വര്‍ഗങ്ങളും മറ്റ് പച്ചക്കറികളും ബീറ്റ കരോട്ടിന്‍, വിറ്റാമിന്‍ സി എന്നിവ ശരീരത്തിന് പ്രധാനം ചെയ്യും. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും പച്ചക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിനുകള്‍, പോഷകഘടകങ്ങള്‍, നാരുകള്‍, പൊട്ടാസ്യം എന്നിവയും പച്ചക്കറികളില്‍ അടങ്ങിയിട്ടുണ്ട്. ഇവ ഹൃദ്രോഗങ്ങള്‍, പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളെ ചെറുക്കാനും സഹായിക്കും.
ഔഷധ ഗുണമുള്ള ചില പച്ചക്കറികളെ പരിചയപ്പെടാം...
ഒന്ന്...
ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ഇവ. ശ്വാസകോശസംബന്ധമായ അസുഖങ്ങൾ അകറ്റാനും പ്രതിരോധശേഷി നിലനിര്‍ത്താനും ചീര കഴിക്കുന്നത് വളരെ നല്ലതാണ്. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ചീര. ഒപ്പം ചീരയിൽ അയൺ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിളർച്ച കുറയ്ക്കാൻ ഇവ സഹായിക്കുന്നു. ധാരാളം ആന്‍റിഓക്സിഡന്‍റുകള്‍, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സംപുഷ്ടമായ ചീര ദഹനത്തിന് ഏറേ നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.
രണ്ട്...
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള പച്ചക്കറികളിലൊന്നാണ് കാബേജ്. പച്ചകലർന്ന വെള്ള നിറത്തിലും വയലറ്റ് കലർന്ന പർപ്പിൾ നിറത്തിലും കാബേജ് കാണാറുണ്ട്. വിറ്റാമിൻ എ, ബി–2, സി എന്നിവയോടൊപ്പം കാത്സ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവയും കാബേജിൽ അടങ്ങിയിരിക്കുന്നു. കാഴ്ച്ചശക്തി വർധിപ്പിക്കുന്നതിനും മുടി തഴച്ച് വളരുന്നതിനും ഏറ്റവും നല്ലതാണ് കാബേജ്.
മൂന്ന്...
പാവയ്ക്ക ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പാവയ്ക്കയും അതിന്‍റെ ഇലയും ചര്‍മ്മരോഗത്തിനെ പ്രതിരോധിക്കാന്‍ വളരെയധികം നല്ലതാണ്. പാവയ്ക്ക കറിവെച്ച് കഴിക്കുന്നതിനൊപ്പം ജൂസ് ആയും കഴിക്കാം. പവയ്ക്ക നീര് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണ്.
നാല്...
കോളിഫ്ലവര്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കോളിഫ്ലവറിൽ ജലാംശം, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കാത്സ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം എന്നിവയും വിറ്റമിൻ എ, വിറ്റമിൻ സി, തയാമിൻ, റിബോഫ്ലാമിൻ, കോളിൻ, നിക്കോട്ടിനിക് ആസിഡ് എന്നിവയും അടങ്ങിയിരിക്കുന്നു. കൂടാതെ ഒമേഗാ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്.
അഞ്ച്...
വെണ്ടയ്ക്ക ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യത്തിന് ഏറെ നല്ലതാണ് ഇവ. നിത്യവും വെണ്ടയ്ക്ക കഴിച്ചാല്‍ ബുദ്ധിശക്തി വര്‍ധിക്കും.
ആറ്...
തക്കാളി ആണ് അടുത്തത്. പ്രോട്ടീൻ, കാത്സ്യം, ഫോസ്‌ഫറസ്, വിറ്റാമിൻ എ, തയാമിൻ, റിബോഫ്ലാവിൻ, വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവ തക്കാളിയില്‍ അടങ്ങിയിരിക്കുന്നു. തക്കാളി കഴിക്കുന്നതു രക്‌തശുദ്ധിക്കും നാഡികൾക്കു ശക്‌തിയും പുഷ്‌ടിയുമുണ്ടാകുന്നതിനും നല്ലതാണ്. അനീമിയയെ (വിളർച്ച) തടയുന്നതിനും ഇതു സഹായിക്കുന്നു. ചർമ്മസംരക്ഷണത്തിനും ത്വക്ക് രോഗങ്ങൾ അകറ്റാനും ഏറ്റവും നല്ലതാണ് തക്കാളി.
ഏഴ്...
ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ക്യാരറ്റ്. വിറ്റാമിന്‍ എ ധാരാളം അടങ്ങിയ ക്യാരറ്റ് കാഴ്ചശക്തിക്ക് വളരെ നല്ലതാണ്. വിറ്റാമിന്‍ എ കൂടാതെ വിറ്റാമിന്‍ സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ആന്‍റിഓക്സിഡന്‍റുകളും മറ്റ് വിറ്റാമിനുകളും അടങ്ങിയ ക്യാരറ്റ് ജ്യൂസ് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ക്യാരറ്റ് ജ്യൂസ് കുടിക്കാം. ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്.
Also Read: രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട എട്ട് ഭക്ഷണങ്ങള്‍...