ചോറ് കഴിച്ചാല്‍ വണ്ണം കൂടുമോ? മറുപടിയുമായി രാകുല്‍ പ്രീത്...
വണ്ണം കുറയ്ക്കാന്‍ ഡയറ്റ് ചെയ്യുന്നവര്‍ പലപ്പോഴും ചോറ് ഒഴിവാക്കാറുണ്ട്. അരിയാഹാരം കുറച്ചുകൊണ്ടുള്ള ഡയറ്റാണ് പലരും പിന്തുടരുന്നത്.
അമിതവണ്ണം പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാമെന്ന ആശങ്കകള്‍ നിരവധി പേര്‍ പങ്കുവയ്ക്കുന്നുണ്ട്. പലപ്പോഴും മോശം ജീവിതശൈലിയാണ് അമിതവണ്ണത്തിന് കാരണമാകുന്നത്. ഇപ്പോള്‍ ലോക്ക്ഡൗണ്‍ മൂലം എല്ലാവരും വീട്ടില്‍ തന്നെയായതുകൊണ്ടും വണ്ണംവയ്ക്കാനുള്ള സാധ്യത ഏറെയാണ് എന്നതു മറ്റൊരുകാര്യം.
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പലപ്പോഴും ചോറ് കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. അരിയാഹാരം കുറച്ചുകൊണ്ടുള്ള ഡയറ്റാണ് പലരും പിന്തുടരുന്നത്. എന്നാല്‍ തെന്നിന്ത്യന്‍ സിനിമാ താരം രാകുല്‍ പ്രീത് സിങ് പറയുന്നത് ചോറ് കഴിച്ചുവെന്ന് കരുതി വണ്ണം കൂടില്ല എന്നാണ്.
Also Read: ലോക്ക്ഡൗണില്‍ തടി കൂടാതിരിക്കാന്‍ ഇതൊന്ന് പരീക്ഷിക്കാം...
കാര്‍ബോഹൈഡ്രേറ്റിന്‍റെ ഏറ്റവും ലളിതമായ രൂപമാണ് ചോറെന്നും ഇത് എളുപ്പത്തില്‍ ദഹിക്കുന്നതാണെന്നും രാകുല്‍ പറയുന്നു. ഫ്രൈഡ് റൈസ് കഴിക്കുന്ന ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് രാകുല്‍ ഇങ്ങനെ കുറിച്ചത്. ഡയബറ്റിസ് എജുക്കേറ്റര്‍ റാഷി ചൗധരിയുടെ റെസിപ്പി അനുസരിച്ച് തയ്യാറാക്കിയ വെജ് ഫ്രൈഡ് റൈസാണിതെന്നും രാകുല്‍ പറഞ്ഞു. പാത്രം നിറയെ സന്തോഷം എന്നാണ് രാകുല്‍ ഫ്രൈഡ്‌റൈസിന്‍റെ ചിത്രത്തെ വിശേഷിപ്പിച്ചത്.
'' നമ്മളില്‍ പലരും വിചാരിക്കുന്നത് ചോറ് വണ്ണം കൂട്ടുമെന്നാണ്. പക്ഷേ അങ്ങനെയല്ല. കാര്‍ബോഹൈഡ്രേറ്റിന്റെ ലളിത രൂപമായ ചോറ് എളുപ്പത്തില്‍ ദഹിക്കും. ഇത് അന്നനാളത്തെ സുഖപ്പെടുത്തുകയും അതുവഴി കൂടുതല്‍ പോഷകം സ്വാംശീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അതിലുപരി ലോക്ക്ഡൗണ്‍ കാലത്ത് എളുപ്പത്തില്‍ ലഭ്യമാകുന്ന ഭക്ഷണമാണിത്. അതുകൊണ്ട് ലളിതമായി പോഷകം നിറഞ്ഞ സമീകൃതാഹാരം കഴിച്ച് പ്രതിരോധശേഷി വര്‍ധിപ്പിക്കൂ''- രാകുല്‍ കുറിച്ചു.