'ഇത് ഇങ്ങനെയാണോ ഉണ്ടാക്കുന്നത്, ഇനി കടയില്‍ നിന്ന് വാങ്ങില്ല!'; വീഡിയോ ചര്‍ച്ചയാകുന്നു
പഴുത്ത മാമ്പഴം ഉണക്കി സൂക്ഷിക്കുന്ന രീതി പരമ്പരാഗതമായി തന്നെയുള്ളതാണ്. ഇക്കൂട്ടത്തില്‍ മാമ്പഴത്തില്‍ മധുരമെല്ലാം ചേര്‍ത്ത് ഉണക്കി മാങ്ങാ തെരയാക്കിയും സൂക്ഷിക്കുന്നവരുണ്ട്.
ഇത് മാമ്പഴക്കാലമാണ്. ധാരാളം പേരുടെ ഇഷ്ടഫലമാണ് മാമ്പഴം. ഒരുപാട് വൈവിധ്യങ്ങളിലുള്ള മാമ്പഴങ്ങളുണ്ട്. ഇവയെല്ലാം വിപണികളില്‍ ലഭ്യവുമാണ്. ഇങ്ങനെ പല തരത്തിലുള്ള മാമ്പഴം സുലഭമായി എത്തുന്ന മാമ്പഴക്കാലത്ത് വിവിധ വിഭവങ്ങളും മാമ്പഴം വച്ച് തയ്യാറാക്കാറുണ്ട്.
ഇത്തരത്തില്‍ പിന്നീടങ്ങോട്ട് ഉപയോഗിക്കുന്നതിന് വേണ്ടി പഴുത്ത മാമ്പഴം ഉണക്കി സൂക്ഷിക്കുന്ന രീതി പരമ്പരാഗതമായി തന്നെയുള്ളതാണ്. ഇക്കൂട്ടത്തില്‍ മാമ്പഴത്തില്‍ മധുരമെല്ലാം ചേര്‍ത്ത് ഉണക്കി മാങ്ങാ തെരയാക്കിയും സൂക്ഷിക്കുന്നവരുണ്ട്. മാങ്ങാ തെര ഒരുപാട് പേരുടെ ഇഷ്ടവിഭവമാണ്. അതിനാല്‍ ഇതിന് വിപണിയിലും നല്ല ഡിമാൻഡ് ആണ്.
മാര്‍ക്കറ്റില്‍ ഡിമാൻഡുള്ള ഉത്പന്നമായതിനാല്‍ ഇത് വീട്ടാവശ്യങ്ങള്‍ക്കല്ലാതെ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളുമുണ്ട്. ഇങ്ങനെ ഒരു ഗ്രാമത്തില്‍ മാങ്ങാ തെരു തയ്യാറാക്കുന്ന ഒരു സംഘം ഗ്രാമീണരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കാര്യമായ ചര്‍ച്ചയാണുണ്ടാക്കുന്നത്.
മാമ്പഴം കഴുകി, മുറിച്ച് കഷ്ണങ്ങളാക്കി അതിന്‍റെ പള്‍പ്പ് (അകക്കാമ്പ്) മാത്രം വേര്‍തിരിച്ചെടുത്ത് ഇതില്‍ പഞ്ചസാര ചേര്‍ത്ത് കുഴച്ച് മാവ് പരുവത്തിലാക്കി ഓലപ്പായ പോലുള്ള പ്രതലങ്ങളില്‍ പരത്തി വെയിലില്‍ നന്നായി ഉണക്കിയെടുക്കുകയാണ് ചെയ്യുന്നത്.
ഇതിലെ ഓരോ ഘട്ടവും വീഡിയോയില്‍ കൃത്യമായി കാണിക്കുന്നുണ്ട്. ഇത് കാണാനും ഏറെ കൗതുകം തോന്നുന്നതാണ്. എന്നാല്‍ വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഗ്രാമീണര്‍ മാങ്ങാ തെര ഉണ്ടാക്കുന്നതെന്നാണ് വീഡിയോ കണ്ട ഒരു വിഭാഗം പേരുടെ വാദം.
ഇത് ഇങ്ങനെയാണ് തയ്യാറാക്കുന്നത് എന്നറിഞ്ഞിരുന്നുവെങ്കില്‍ കടകളില്‍ നിന്ന് വാങ്ങി കഴിക്കില്ലായിരുന്നുവെന്നും, ഇനി മുതല്‍ ഇത് വാങ്ങി കഴിക്കില്ലെന്നും, വൃത്തിയുടെ കാര്യത്തില്‍ ഇവര്‍ പൂജ്യമാണെന്നുമെല്ലാമാണ് ഇവര്‍ വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്യുന്നത്.
അതേസമയം കഠിനാധ്വാനം ചെയ്ത് ജീവിക്കുന്ന അഭിമാനികളായ ഗ്രാമീണരാണ് ഇവരെന്നും കുടില്‍ വ്യവസായങ്ങളില്‍ ഇത്രയും വൃത്തി മതി, കൈകള്‍ കൊണ്ട് തൊടുന്നു- പരത്തുന്നു എന്നതില്‍ ഇത്രമാത്രം അറപ്പ് തോന്നേണ്ട കാര്യമില്ലെന്നും വാദിച്ച് മറുവിഭാഗവും സജീവമായി. എന്തായാലും ഇതോടെ മാങ്ങാ തെര വീഡിയോ വലിയ രീതിയില്‍ ശ്രദ്ധേയമായി എന്ന് തന്നെ പറയാം.
വീഡിയോ കണ്ടുനോക്കൂ...
Also Read:- 'സംഗതി മാമ്പഴക്കാലം തന്നെ, പക്ഷേ ഇങ്ങനെയൊന്നും ചെയ്യല്ലേ'; ഫുഡ് വീഡിയോ...