ഫ്രൂട്ട്സ് കഴിക്കാമെന്ന് കരുതി മറന്നുപോകാറുണ്ടോ? ഈ ടിപ്സ് പരീക്ഷിച്ചുനോക്കൂ...

ഫ്രൂട്ട്സ് കഴിക്കുന്നത് മുടങ്ങുന്നത് നല്ലതല്ല ഇനി മുതല്‍ ഫ്രൂട്ട്സ് കഴിക്കാൻ ചില ടിപ്സ് പറഞ്ഞുതരാം. ഇവ കൃത്യമായി പാലിക്കാനായാല്‍ പഴങ്ങള്‍ കഴിക്കുന്നില്ല എന്ന പരാതിക്ക് അല്‍പമൊരു ശമനം തീര്‍ച്ചയായും കിട്ടും. 

tips to include more fruits in your diet

ദിവസവും നമ്മുടെ ഡയറ്റില്‍ അല്‍പം ഫ്രൂട്ട്സ് ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. പലരും പഴങ്ങള്‍ ഒട്ടുമേ കഴിക്കുന്ന ശീലമില്ലാത്തവരാണ്. ഈയൊരു ഭക്ഷണരീതി ആരോഗ്യത്തിന് വലിയ ഭീഷണിയാണ് ഭാവിയില്‍ ഉയര്‍ത്തുക.

കഴിയുന്നതും എന്തെങ്കിലും ഒരു പഴമെങ്കിലും ദിവസവും കഴിക്കണം. അത് എല്ലാ ദിവസവും അതേ ഫ്രൂട്ട് തന്നെ ആവര്‍ത്തിക്കരുത്. പല നിറത്തിലുമുള്ള പഴങ്ങളും പച്ചക്കറികളും നമ്മള്‍ ഡയറ്റിലുള്‍പ്പെടുത്തണം. ഓരോ നിറവും ഓരോ പോഷകങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ എല്ലാ പോഷകങ്ങളും ലഭിക്കുന്നതിനാണ് പല നിറത്തിലുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കണമെന്ന് നിര്‍ദേശിക്കുന്നത്.

ഫ്രൂട്ട്സ് കഴിക്കുന്നതിന് ഇത്രമാത്രം പ്രാധാന്യമുണ്ടെങ്കിലും പലര്‍ക്കും ഇപ്പോഴും ഫ്രൂട്ട്സ് ഡയറ്റിന്‍റെ ഭാഗമാക്കാൻ സാധിക്കുന്നില്ല എന്നതാണ് സത്യം. എല്ലാ ദിവസവും ഇന്ന് എന്തെങ്കിലും ഫ്രൂട്ട് കഴിക്കണം എന്ന് ചിന്തിക്കും പക്ഷേ, രാത്രിയാകുമ്പോഴും ഒന്നും കഴിച്ചിരിക്കില്ല. ബേക്കറി പലഹാരങ്ങള്‍ പോലെ ഓടിച്ചെന്ന് എടുത്ത് കഴിക്കാൻ പറ്റാത്തതും ആകാം പഴങ്ങള്‍ കഴിക്കാൻ പലരും മടിക്കുന്നത്. ഇതിന്‍റെ തൊലി കളയാനോ, മുറിച്ചെടുക്കാനോ എല്ലാമുള്ള പ്രയാസം തന്നെ. 

എന്തായാലും ഫ്രൂട്ട്സ് കഴിക്കുന്നത് മുടങ്ങുന്നത് നല്ലതല്ല ഇനി മുതല്‍ ഫ്രൂട്ട്സ് കഴിക്കാൻ ചില ടിപ്സ് പറഞ്ഞുതരാം. ഇവ കൃത്യമായി പാലിക്കാനായാല്‍ പഴങ്ങള്‍ കഴിക്കുന്നില്ല എന്ന പരാതിക്ക് അല്‍പമൊരു ശമനം തീര്‍ച്ചയായും കിട്ടും. 

ഒന്നാമതായി ചെയ്യേണ്ടത് ഇടയ്ക്ക് വിശക്കുമ്പോള്‍ എന്തെങ്കിലും സ്നാക്സ് ആയി കഴിക്കുന്ന ശീലം മാറ്റുകയാണ്. സ്നാക്സ് കഴിക്കുന്നതിന് പകരം ഫ്രൂട്ട്സ് എന്തെങ്കിലും കഴിക്കുക. ഇനി സ്കൂളിലോ കോളേജിലോ ജോലിക്കോ പോകുന്നവരാണെങ്കില്‍ അവര്‍ എന്തെങ്കിലും പഴങ്ങള്‍ മുറിച്ചത് ചെറിയൊരു പാത്രത്തിലാണെങ്കിലും കൂടെ കരുതുക. ഇങ്ങനെ കരുതുന്ന ശീലത്തിലായാല്‍ തന്നെ രക്ഷപ്പെട്ടു. സംഗതി കയ്യിലുണ്ടെങ്കില്‍ തീര്‍ച്ചയായും വിശക്കുന്ന സമയത്ത് കഴിച്ചോളും. അല്ലെങ്കില്‍ സ്നാക്സ് ഒഴിവാക്കുമ്പോള്‍ തനിയെ ഇതിലേക്ക് തിരിഞ്ഞോളും. 

കുട്ടികള്‍ക്കൊക്കെയാണെങ്കില്‍ ചില മനശാസ്ത്രപരമായ പൊടിക്കൈകളും ഇതിനായി പയറ്റാവുന്നതാണ്. ഭംഗിയുള്ള ഫ്രൂട്ട്സ് ബോക്സ് ഇവര്‍ക്കായി സംഘടിപ്പിക്കാം. ഇതിലൂടെ ഫ്രൂട്ട്സ് കഴിക്കുന്നതിലേക്കും കൂടുതല്‍ താല്‍പര്യം വരും. കുട്ടികളില്‍ മാത്രമല്ല, ചില മുതിര്‍ന്നവരിലും ഈ വക മനശാസ്ത്രപരമായ സമീപനങ്ങള്‍ വിജയം കാണാറുണ്ട്. 

ഫ്രൂട്ട്സ് എന്ന് പറയുമ്പോള്‍ ഓറഞ്ച്, ആപ്പിള്‍, മുന്തിരി, പപ്പായ, തണ്ണിമത്തൻ, പൈനാപ്പിള്‍ എന്നിങ്ങനെയുള്ളവ മാത്രമല്ല. സീസണലായി വരുന്ന ഫ്രൂട്ട്സ് പലതുമുണ്ട്. പേരയ്ക്ക, സീതപ്പഴം, റമ്പൂട്ടാൻ,  പ്ലംസ്, ഞാവല്‍, മാങ്കോസ്റ്റീൻ, സ്ട്രോബെറി, കിവി, സപ്പോട്ട, ഡ്രാഗണ്‍ ഫ്രൂട്ട് എന്നിങ്ങനെ മാര്‍ക്കറ്റില്‍ വരുന്ന വൈവിധ്യമാര്‍ന്ന പഴങ്ങള്‍ അല്‍പമെങ്കിലും പരീക്ഷിക്കാൻ തയ്യാറാകണം.  ഇത് പഴങ്ങളോടുള്ള താല്‍പര്യം വര്‍ധിപ്പിക്കും. 

ഇനി, ഫ്രൂട്ട്സ് ഡയറ്റിലുള്‍പ്പെടുത്താൻ മറ്റൊരു മാര്‍ഗം കൂടിയുണ്ട്. നമ്മള്‍ സാധാരണഗതിയില്‍ കഴിക്കുന്ന വിഭവങ്ങളില്‍ പഴങ്ങള്‍ ചേര്‍ക്കുക. ജ്യൂസുകള്‍ അല്ല സ്മൂത്തികള്‍ തയ്യാറാക്കി ഇതിലേക്ക് അല്‍പം ഡ്രൈഡ് ഫ്രൂട്ട്സും നട്ട്സുമെല്ലാം ചേര്‍ത്ത് കഴിച്ചാല്‍ നല്ല ഉഗ്രൻ പ്രാതലായി. പുലാവില്‍ പഴങ്ങള്‍ ചേര്‍ക്കുന്നത് പതിവാണ്. അതുപോലെ സലാഡുകളിലും ചേര്‍ക്കാം. ഇതെല്ലാം ലഞ്ചിന് നല്ലതാണ്. 

ടോസ്റ്റഡ് ബ്രഡിനൊപ്പം നേന്ത്രപ്പഴം, ആപ്പിള്‍, മാമ്പഴം എല്ലാം ചേര്‍ത്തുകഴിക്കുന്നവരുണ്ട്. ഓട്ട്സിലും ഫ്രൂട്ട്സ് ചേര്‍ത്ത് കഴിക്കുന്നവരുണ്ട്. ഐസ്ക്രീം - പുഡിംഗ് പോലുള്ള ഡിസേര്‍ട്ടുകളിലും ഫ്രൂട്ട്സ് കൂട്ടി കഴിക്കാം. ഇങ്ങനെ നാം സാധാരണഗതിയില്‍ കഴിക്കുന്ന വിഭവങ്ങളിലെല്ലാം പഴങ്ങള്‍ ചേര്‍ത്തുകഴിക്കുന്ന ശീലമുണ്ടാക്കി എടുത്താല്‍ നല്ലതാണ്.

Also Read:- സീതപ്പഴം അല്ലെങ്കില്‍ ആത്തച്ചക്ക കഴിക്കുന്നത് കൊണ്ട് കിടിലനൊരു ഗുണമുണ്ട്, അതറിയാമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios