'സ്നാക്സ്' കഴിക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ അറിയുക...
കൊറിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. പ്രത്യേകിച്ച് ഇഷ്ടമുള്ള 'സ്നാക്സ്' എന്തെങ്കിലും കണ്ണില്‍പ്പെട്ടാല്‍ പിന്നെ ഡയറ്റിന്‍റെ കാര്യമൊക്കെ പലരും മറന്നുപോകും.
നമ്മളില്‍ പലരും കൊറിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. വൈകുന്നേരം ചായ കുടിക്കുമ്പോഴും രാത്രിയുമാണ് മിക്ക ആളുകള്‍ക്കും ഇത്തരം ലഘുഭക്ഷണം കൊറിക്കുന്ന ശീലമുള്ളത്. രാത്രി വൈകി ഭക്ഷണം കഴിച്ചാല്‍ തടി കൂടുമെന്ന് പേടിച്ച് പലരും നേരത്തെ ഭക്ഷണം കഴിക്കാറുണ്ട്. എന്നാല്‍ രാത്രി വൈകി ഉറങ്ങുന്നത് കൊണ്ട് വിശക്കാനുളള സാധ്യതയും ഏറെയാണ്. അത്തരം സന്ദര്‍ഭങ്ങളിലാണ് സ്നാക്സ് കഴിക്കുന്ന ശീലം പലര്‍ക്കുമുളളത്. എന്നാല്‍ നിങ്ങള്‍ കഴിക്കുന്ന ഈ ലഘുഭക്ഷണം ആരോഗ്യത്തിന് നല്ലതാണോ?
ഇടയ്ക്ക് വിശക്കുമ്പോള്‍ കഴിക്കുന്ന ലഘുഭക്ഷണത്തിന് 150 – 250 കലോറി വരെയാകാനെ പാടുള്ളൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. നിങ്ങള്‍ കഴിക്കുന്ന ലഘുഭക്ഷണത്തിന് അഞ്ച് ഗ്രാം പ്രോട്ടീന്‍ , മൂന്ന് ഗ്രാം ഫൈബര്‍ എന്നിവയുണ്ടാകണം. അതുപോലെ തന്നെ 12 ഗ്രാമില്‍ കൂടുതല്‍ ഫാറ്റ് ഉണ്ടാകരുത്. പച്ചക്കറികളും പഴങ്ങളും കൂടുതലായി കഴിക്കാന്‍ ശ്രദ്ധിക്കുക. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തടി കൂടാതെ ആരോഗ്യകരമായിരിക്കാന്‍ നിങ്ങളെ സഹായിക്കും.
ലഘുഭക്ഷണമാണ് നിങ്ങള്‍ കഴിക്കുന്നത് എന്ന തോന്നല്‍ ഉണ്ടാകാതെ കഴിക്കുന്നത് അമിതമായി സ്നാക്സ് കഴിക്കുന്നത് നിയന്ത്രിക്കാന്‍ സാധിക്കും. അതിന് സ്നാക്സ് ഒരു പ്ലേറ്റില്‍ തന്നെയിട്ട് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്ലേറ്റില്‍ വെച്ച് കഴിക്കുമ്പോള്‍ നിങ്ങളുടെ വയറ് പെട്ടെന്ന് നിറഞ്ഞതായി തോന്നാം.
കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റ് പ്രവൃത്തികള്‍ ചെയ്യരുത്. കഴിക്കുന്നതില്‍ നിന്നുളള ശ്രദ്ധ മാറുമ്പോള്‍ നിങ്ങള്‍ ഒട്ടും ഭക്ഷണം കഴിച്ചില്ല എന്ന തോന്നല്‍ ഉണ്ടാവുകയും നിങ്ങള്‍ കൂടുതലായി കഴിക്കാനുമുളള സാധ്യത ഉണ്ടാവുകയും ചെയ്യും.