വേനല്‍ക്കാലത്ത് തിളക്കമുള്ള ചര്‍മ്മത്തിനായി കഴിക്കാം ഈ ഏഴ് പഴങ്ങള്‍...

നിർജ്ജലീകരണം ശരീരത്തിന്‍റെ മാത്രമല്ല, ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍‌ ദിവസവും ധാരാളം വെള്ളം കുടിക്കുക. അതുപോലെ തന്നെ, ഈ സമയത്ത് ശരീരം തണുപ്പിക്കാൻ പഴങ്ങളും പഴച്ചാറുകളും ഇളനീരും കുടിക്കുന്നത് നല്ലതാണ്.

summer fruits to eat for glowing and healthy skin azn

വേനല്‍ക്കാലത്ത് ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. വേനല്‍കാലത്ത് ഒട്ടുമിക്കയാൾക്കാരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് നിർജ്ജലീകരണം. നിർജ്ജലീകരണം ശരീരത്തിന്‍റെ മാത്രമല്ല, ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍‌ ദിവസവും ധാരാളം വെള്ളം കുടിക്കുക. അതുപോലെ തന്നെ, ഈ സമയത്ത്  ശരീരം തണുപ്പിക്കാൻ പഴങ്ങളും പഴച്ചാറുകളും ഇളനീരും കുടിക്കുന്നത് നല്ലതാണ്. വേനല്‍ക്കാലത്ത് വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിര്‍ജ്ജലീകരണം തടയാനും ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിനും ഗുണം ചെയ്യും.  

അത്തരത്തില്‍ വേനല്‍ക്കാലത്ത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

തണ്ണിമത്തൻ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു. തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട്. അതിനാല്‍ വേനല്‍ക്കാലത്ത് വിറ്റാമിന്‍ സിയും അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനൊപ്പം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെയും സംരക്ഷിക്കും. 

രണ്ട്... 

ബെറി പഴങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങളില്‍ ആന്‍റിഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റു ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ സിയും അടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

മൂന്ന്...

മാമ്പഴം ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളായ എ, ബി6, സി, കൂടാതെ പൊട്ടാസ്യം,  മഗ്നീഷ്യം, തുടങ്ങിയവയെല്ലാം അടങ്ങിയ മാമ്പഴം ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വേനല്‍ക്കാലത്ത് പ്രത്യേകിച്ച് മാമ്പഴം കഴിക്കുന്നത് ദഹനത്തിനും നല്ലതാണ്. കൂടാതെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.

നാല്...

ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുക മാത്രമല്ല ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

അഞ്ച്... 

പപ്പായ ആണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളായ സി, എ, ബി എന്നിവയാൽ സമൃദ്ധയായ പപ്പായയിൽ 91–92% വരെ ജലാംശമുണ്ട്. മിനറലുകളും നാരുകളും ആന്റിഓക്സിഡന്റുകളും പപ്പായയിൽ ഉണ്ട്. ദഹനത്തെ എളുപ്പമാക്കുവാനും മലബന്ധം തടയാനും ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധശക്തിക്കും ത്വക്കുകളുടെ സംരക്ഷണത്തിനും പപ്പായ ഉത്തമമാണ്.

ആറ്...

പൈനാപ്പിള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  'ബ്രോംലൈന്‍' എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. ഇത്  ദഹനത്തിന് ഏറെ നല്ലതാണ്. കൂടാതെ പൈനാപ്പിളിൽ അടങ്ങിയ വിറ്റാമിൻ സി ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

ഏഴ്...

കിവിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫോളേറ്റ്, പൊട്ടാസ്യം, വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി എന്നിവ അടങ്ങിയ കിവി പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കുടിക്കാം ഈ ഏഴ് ജ്യൂസുകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios